Skip to main content

അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു

അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. കേരളപ്പിറവി ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തോടെ അതിദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന അംഗീകാരം നമ്മുടെ നാടിനു സ്വന്തമാകും. ലോകത്തിനു മുന്നിൽ കേരള മാതൃകയെ പുതിയ ഉയരങ്ങളിലേക്ക് ഈ നേട്ടം നയിക്കും.

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേതെന്ന് നീതി ആയോഗ് പറയുമ്പോഴും (0.55% മാത്രം) ആ ചെറിയ ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തിൻ്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലുമാകാതെ അദൃശ്യരായി കഴിഞ്ഞിരുന്നവരെ കൈപിടിച്ചുയർത്തുക എന്നതായിരുന്നു ലക്ഷ്യം.

സമഗ്രവും ശാസ്ത്രീയവുമായ രീതിയിലൂടെ സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി. ഓരോ കുടുംബത്തെയും നേരിൽ കണ്ട്, അവരുടെ യഥാർത്ഥ ക്ലേശഘടകങ്ങൾ - അത് ഭക്ഷണമായാലും ആരോഗ്യമായാലും വരുമാനമായാലും സുരക്ഷിതമായ വീടായാലും - കൃത്യമായി മനസ്സിലാക്കി. ഓരോരുത്തർക്കും വേണ്ടി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് അവരെ അതിദാരിദ്ര്യത്തിൽ നിന്നും സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ഇതൊരു മഹായജ്ഞമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഒരുമിച്ച് നിന്നപ്പോൾ, ആയിരം കോടിയിലധികം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി നാം ചെലവഴിച്ചത്.

ഭക്ഷണം ഒരു പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങൾക്കും ഇന്ന് മുടങ്ങാതെ ആഹാരം ഉറപ്പാക്കുന്നു. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയും സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നുണ്ട്. വിശപ്പ് മൂലം ഒരു കുടുംബവും നമ്മുടെ നാട്ടിൽ കഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ.

ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യ സഹായം. 35,955 വ്യക്തികൾ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുന്നു. 'അവകാശം അതിവേഗം' എന്ന യജ്ഞത്തിലൂടെ റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാനരേഖകൾ 21,263 പേർക്ക് ലഭ്യമാക്കി. അവരെ നമ്മുടെ സംവിധാനങ്ങളുടെ ഭാഗമാക്കി.

സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവർക്ക് അത് യാഥാർത്ഥ്യമാക്കുന്നു. 5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 'ഉജ്ജീവനം' പോലുള്ള പദ്ധതികളിലൂടെ 4394 കുടുംബങ്ങൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നൽകി. പുതിയ വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റി പാര്‍പ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീട് നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി, 1417 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1296 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്.

അതിദരിദ്ര നിർമ്മാർജന പദ്ധതിയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതായിരുന്നു. റവന്യൂ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകെ 439 കുടുംബങ്ങൾക്കായി മൊത്തം 2832.645 സെന്റ് ഭൂമി കണ്ടെത്തി. കൂടാതെ 'മനസോടിത്തിരി മണ്ണ്' യജ്ഞത്തിന്റെ ഭാഗമായി 203 സെന്റ് ഭൂമി കണ്ടെത്തി.

2021-ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. ഏറ്റവും ദുർബലനായ മനുഷ്യനെയും ചേർത്തുപിടിക്കുന്ന സാമൂഹ്യനീതിയുടെയും തുല്യതയുടെയും മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നത്. സമൃദ്ധിയും സമത്വവും പുലരുന്ന നവകേരളത്തിനായി നാം നടത്തുന്ന പ്രയത്നങ്ങൾക്കു പ്രചോദനം പകരുന്ന നേട്ടമാണിത്. തികഞ്ഞ അഭിമാനത്തോടെ, കരുത്തോടെ ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.