സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്.
വിദ്യാർഥി സംഘടനാ പ്രവർത്തകനായി പൊതുരംഗത്തെത്തിയ അദ്ദേഹം പിന്നീട് തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സംഘടനാ പ്രവർത്തകനും ജനപ്രതിനിധിയുമായി ആത്മാർഥവും ജനകീയവുമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. നിയമസഭയിൽ അദ്ദേഹവുമായി അടുത്തിടപഴകാനുള്ള അവസരമുണ്ടായി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിഷയങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിലും പരിഹാരം കാണുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു.
മാതൃകാപരമായ പൊതുജീവിതം നയിച്ച അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഒപ്പംചേരുന്നു.
