പെട്ടിമുടിയിൽ 70 പേരുടെ ജീവനെടുത്ത ദുരിതപ്പെയ്ത്തിന് അഞ്ചാണ്ട്. 2020 ആഗസ്‌ത് ആറ് അർധരാത്രിയാണ് ദുരന്തം മലപൊട്ടിയിറങ്ങിയത്. കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലായിരുന്നു രാത്രി 11.30ന് മലയിടിച്ചിൽ. മൂന്നു കിലോമീറ്റർ അകലെനിന്ന് ഉരുൾപൊട്ടിയിറങ്ങി . 14 കുട്ടികൾ ഉൾപ്പെടെ 66 പേരുടെ ജീവൻ പൊലിഞ്ഞു. 12 പേരെ രക്ഷിച്ചു, നാലുപേരെ കാണാതായി. സഹായമെത്തിക്കുന്നതിനായി മൃതദേഹം കണ്ടെടുക്കാനാവാത്ത നാലുപേരും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.
കേരളം കൈപിടിച്ചു, കേന്ദ്രം കൈയൊഴിഞ്ഞു
മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. രണ്ടുലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പറഞ്ഞുപറ്റിച്ചു. അഞ്ചുവർഷമായിട്ടും കേന്ദ്രം നയാപൈസ നൽകിയില്ല. എന്നാൽ, സംസ്ഥാന സർക്കാർ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം മൂന്നരകോടി രൂപ നൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിച്ചു. കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് ധനസഹായമെത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് പണം കണ്ടെത്തിയത്. എട്ട് കുടുംബങ്ങൾക്ക് കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ കുറ്റ്യാർവാലിയിൽ വീടും നിർമിച്ചുനൽകി.
