ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയെ അപലപിക്കുന്നു. ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യൻ കയറ്റുമതി മേഖലയെ ദോഷകരമായി ബാധിക്കും. ലോകത്തിന്റെ പ്രസിഡന്റാണ് താനെന്ന മട്ടിലാണ് ട്രംപിന്റെ പെരുമാറ്റമെന്ന് നേരത്തെ വിമർശിച്ചിരുന്നു. അത് ശരിവെയ്‌ക്കുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
ട്രംപിന്റെ അടുത്ത സുഹൃത്തെന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ അതിന് വിരുദ്ധമായാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യയ്‌ക്ക് പുറമെ ട്രംപിന്റെ തീരുവ യുദ്ധത്തിന് വിധേയരാകുന്ന മറ്റ് രാജ്യങ്ങളെ യോജിപ്പിച്ച് നീങ്ങാൻ മോദി സർക്കാർ മുൻകൈ എടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നവസാമ്രാജ്യത്വസ്വഭാവം പ്രകടിപ്പിക്കുന്ന ട്രംപിനും യുഎസിലെ സൈനിക– വ്യാവസായിക– മാധ്യമ കൂട്ടുക്കെട്ടിനുമെതിരായി പുതിയ കൂട്ടായ്‌മ രൂപപ്പെടുത്താൻ അനുയോജ്യമായ സാഹചര്യമാണിത്. അതിന് മോദി സർക്കാർ ധൈര്യപ്പെടുമോ എന്നാണ് അറിയേണ്ടത്.
യുഎസുമായി ആണവകരാറിൽ ഏർപ്പെട്ടു കൊണ്ടുള്ള തന്ത്രപര പങ്കാളിത്തത്തിന് മൻമോഹൻ സിങ് സർക്കാരാണ് തുടക്കമിട്ടത്. ഈ ബന്ധം ഭാവിയിൽ അപകടം വരുത്തുമെന്ന് സിപിഐഎം മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പ് ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്.
