Skip to main content

താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്.
എന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പോലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. പില്‍ക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം കരിക്കാമുറിയിലെ 'സന്ധ്യ' എന്ന വീട്ടില്‍ എത്തിയിട്ടുണ്ട്. എല്ലാവരോടും സമഭാവത്തോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ സവിശേഷത മാതൃകാപരമാണ്.
നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു. തന്റെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ എഴുത്തുകള്‍ കൂടുതല്‍ തിളക്കമുള്ളവയായി മാറി.
ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.