കോവിഡ് മഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്നതടക്കം പല യാത്രാഇളവുകളും റെയിൽവേ എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ മാനുഷിക പരിഗണന അർഹിക്കുന്ന ഈ വിഷയത്തിന് പോലും പരിഹാരം കാണാൻ സർക്കാറിന് താല്യപര്യമില്ല എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്ലീപ്പർ, 3AC ക്ലാസുകളില്ലെങ്കിലും ഇളവ് നൽകുന്നത് പുനഃപരിശോധിക്കണമെന്ന് റെയിൽവേ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ എന്തെങ്കിലും സ്വീകരിച്ചതായി റെയിൽവേ വ്യക്തമാക്കുന്നില്ല. പകരം, യാത്രാനിരക്കിലെ സബ്സിഡിയെ കുറിച്ചും മറ്റുമുള്ള പൊതുവായ കണക്കുകളാണ് മറുപടിയിൽ നൽകിയത്. 2023-24 വർഷത്തിൽ 60,466 കോടി രൂപയുടെ സബ്സിഡി യാത്രാസേവനത്തിനായി റെയിൽവേ നൽകിയെന്നും, ഇതിലൂടെ ഓരോ യാത്രക്കാരനും ശരാശരി 45% കിഴിവ് ലഭിക്കുന്നു എന്നുമാണ് റെയിൽവെയുടെ വാദം. മുതിർന്ന പൗരന്മാർക്ക് വലിയൊരു ആശ്വാസമായിരുന്ന റെയിൽയാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്രം മുൻഗണന കാണിക്കണം.
