ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത്, കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്ത മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ സന്ദർശിക്കാൻ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ആനി രാജ, ഇടതുപക്ഷ എംപിമാരായ എ എ റഹിം, പി പി സുനീർ, ജോസ് കെ മാണി എന്നിവരോടൊപ്പം ലേഖകൻ ഉൾപ്പെടുന്ന സംഘം റായ്പുരിൽ എത്തി. രേഖാമൂലം അറിയിച്ച് ജയിലിൽ എത്തിയ ഞങ്ങളോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് ഉദ്യോഗസ്ഥർ ആദ്യദിവസം സ്വീകരിച്ചത്. നാല് എംപിമാർ സംഘത്തിൽ ഉണ്ടായിട്ടും നിസ്സാര കാരണങ്ങൾ നിരത്തി കന്യാസ്ത്രീകളെ കാണാൻ അനുവദിക്കില്ലെന്ന് അറിയിച്ചതിനു പിന്നിൽ ആസൂത്രിത നീക്കമായിരുന്നു. തീവ്രവാദികളെ സന്ദർശിക്കാൻ വന്നവരെപ്പോലെയാണ് പ്രതിനിധി സംഘത്തോട് ഉദ്യോഗസ്ഥർ പെരുമാറിയത്. ഞങ്ങളെ തടയുകയെന്ന നിർദേശം മുകളിൽനിന്ന് ലഭിച്ചത് അക്ഷരംപ്രതി നടപ്പാക്കുന്നതാണ് അവിടെ കണ്ടത്. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിനൊടുവിൽ അടുത്ത ദിവസം രാവിലെ കാണാമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് ഞങ്ങൾ കന്യാസ്ത്രീകൾ ഉൾപ്പെട്ടിരുന്ന ഛത്തീസ്ഗഡിലെ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) കോൺവെന്റ് സന്ദർശിച്ചു. ബുധനാഴ്ച രാവിലെ കന്യാസ്ത്രീകളെ സന്ദർശിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ഛത്തീസ്ഗഡിലെ കത്തോലിക്കാ സമൂഹത്തിൽ വലിയ ഭീതി പടർന്നിട്ടുണ്ട്. എങ്ങും ഭയത്തിന്റെ അന്തരീക്ഷമാണെന്ന് കോൺവെന്റിലെ മറ്റൊരു കന്യാസ്ത്രീ പറഞ്ഞു. "എന്തു പറയാനും ഞങ്ങൾക്ക് ഭയമാണ്. നമ്മൾ തുറന്നു പറഞ്ഞാൽ രണ്ട് കാര്യങ്ങൾ സംഭവിക്കാം. ഒന്നുകിൽ അവരെ വളരെക്കാലം തടവിലാക്കാം, അല്ലെങ്കിൽ ആക്രമിക്കപ്പെട്ടേക്കാം. ഈ സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്കെതിരെ നിരവധി ആക്രമണം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ സുരക്ഷിതരല്ല, അതിനാൽ ഇപ്പോൾ ഞങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല’ അവരുടെ വാക്കുകളിൽ ഭയം. ഞങ്ങളാൽ കഴിയാവുന്ന രീതിയിൽ അവരെ ആശ്വസിപ്പിക്കാനും ആത്മവിശ്വാസം നൽകാനും ശ്രമിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് ക്രൈസ്തവവേട്ട അനുദിനം വർധിക്കുകയാണ്. നിർബാധം തുടരുന്ന ക്രിസ്ത്യൻ വേട്ടയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും നാനൂറിലധികം ക്രൈസ്തവ നേതാക്കൾക്കും വിവിധ സഭാ അധ്യക്ഷന്മാർക്കും അഭ്യർഥിക്കേണ്ടി വന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ്. എന്നാൽ, ഇതിനു ശേഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംഘപരിവാർ–- ഭരണകൂട വേട്ട തുടരുന്നു. ഡൽഹിയിലെ ക്രിസ്ത്യൻപള്ളി ആക്രമണവും മധ്യപ്രദേശിലെ ജബൽപുരിൽ പുരോഹിതരെ ആക്രമിച്ചതും ഒഡിഷയിൽ പൊലീസ് പള്ളിയിൽ കയറി വൈദികരെ ആക്രമിച്ചതും ഗുജറാത്തിൽ ഈസ്റ്റർ പ്രാർഥനയ്‌ക്കിടെ നടത്തിയ ആക്രമണങ്ങൾക്കും ചൂട്ടുപിടിച്ചതും ഭരണഘടനയ്‌ക്കു പകരം മനുസ്മൃതി മതിയെന്ന് വാദിക്കുന്ന സംഘപരിവാറാണ്.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഭരണഘടന നൽകിയിട്ടുള്ള അവകാശമാണ് ഇഷ്ടമുള്ള വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കുക എന്നത്. ഈ സ്വാതന്ത്ര്യമാണ് ഇവിടെ നിഷേധിക്കപ്പെട്ടത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിങ്ങനെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് അവരെ ജയിലിലടച്ചത്. നിയമങ്ങൾ കാറ്റിൽപ്പറത്തി, തങ്ങൾക്ക് ഇഷ്ടമുള്ളത് നടപ്പാക്കുമെന്നുള്ള ഹുങ്കും അഹങ്കാരവുമാണ് കാണിക്കുന്നത്. നമ്മുടെ രാജ്യത്ത് മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നെന്ന് പറയുമ്പോൾ വേണ്ടത്ര മനസ്സിലാക്കാൻ കഴിയാത്ത ആളുകൾക്ക് ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു വരികയാണ്. കഴിഞ്ഞ 11 വർഷമായി രാജ്യത്ത് മതന്യൂനപക്ഷങ്ങൾ, മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളെല്ലാം പലതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയാണ്.
ഏതൊരു മനുഷ്യനും അവരുടെ മതവിശ്വാസവും മറ്റ് വിശ്വാസപ്രമാണങ്ങളും കാത്തുസൂക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ആ ഭരണഘടനയെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്ന് നമ്മുടെ രാജ്യത്ത് പല പീഡനങ്ങളും നടക്കുന്നത്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകളെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചത്.
ഞങ്ങൾ കന്യാസ്ത്രീകളെ നേരിൽ കണ്ടു. ക്രൂരമായ ആക്രമണങ്ങളും ആൾക്കൂട്ട വിചാരണയുമാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സഹായിയെ ക്രൂരമായി മർദിച്ചു. പൊതുമധ്യത്തിൽ കൈയേറ്റം ഉണ്ടായപ്പോൾ പൊലീസ് കാഴ്ചക്കാരായി. ബാഗുകളിലെ സാധനങ്ങൾ എല്ലാം വലിച്ചുവാരി പുറത്തെറിഞ്ഞു. തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നതായും തെറ്റ് ചെയ്യാത്തതിനാൽ ഭയപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. അക്രമികളെ ന്യായീകരിക്കുന്ന നിലപാടിൽ മുഖ്യമന്ത്രി വിഷ്ണു ദിയോ സായി ഉറച്ച് നിൽക്കുന്നത് പ്രതിഷേധാർഹമാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരും കേന്ദ്ര സർക്കാരും ചെയ്യേണ്ടത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ബിജെപിയുടെയോ ആർഎസ്‌എസിന്റെയോ ഔദാര്യമല്ല.
രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നുണ്ട്. ഇടതുപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. ഓരോ പൗരനും വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യം വേണം. അത് ഹനിക്കപ്പെട്ടപ്പോഴാണ് ഇടതുപക്ഷ എംപിമാർ പാർലമെന്റ് നടക്കുമ്പോൾത്തന്നെ കന്യാസ്ത്രീകളെ സന്ദർശിക്കാൻ തീരുമാനിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ സംഘപരിവാറിന്റെ കൃത്യമായ അജൻഡയാണ് നടപ്പാക്കുന്നത്. മഹാഭൂരിപക്ഷം ജനങ്ങളും അക്ഷരവും അറിവും ഇല്ലാതായി മാറുക എന്നതാണ് സംഘപരിവാർ ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ആദിവാസികളും ദളിത് വിഭാഗങ്ങളും ഒരിക്കലും മുഖ്യധാരയിൽ വരാൻ പാടില്ല എന്നതാണ് സംഘപരിവാർ താൽപ്പര്യം. മനുഷ്യരുടെ എല്ലാവിധ സ്വാതന്ത്ര്യത്തിനും സംഘപരിവാർ എതിരാണ്. അതു കൊണ്ടാണ് മാനവിക സ്നേഹം പകരുന്ന കന്യാസ്ത്രീകളെ ആക്രമിക്കുന്നത്.
നല്ലൊരു സമൂഹനിർമിതിയല്ല സംഘപരിവാറിന്റെ ലക്ഷ്യം. 11 വർഷത്തെ ബിജെപി ഭരണത്തിന്റെയും അതിന് കുടപിടിക്കുന്ന സംഘപരിവാറിന്റെയും ആത്യന്തികലക്ഷ്യം രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റുക എന്നതാണ്. മതരാഷ്ട്രമായാൽ എന്താണ് സംഭവിക്കുകയെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ ഇപ്പോഴും മതരാഷ്ട്രവാദികളുടെ പുറകെ പോകുന്നു. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രമാക്കി മാറ്റി, അക്ഷരവും അറിവും ഇല്ലാത്തവരും പട്ടിണി കിടക്കുന്നവരും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവരുമായ മഹാഭൂരിപക്ഷത്തെ അടിച്ചമർത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. വഖഫ് നിയമഭേദഗതി കൊണ്ടുവന്നത് ഓരോ ജനവിഭാഗത്തെയും സംഘപരിവാറിന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള ശ്രമത്തിന്റെ ഉദാഹരണമാണ്. പ്രതിഷേധിക്കുന്നവരെ ബുൾഡോസർ രാജ് രാഷ്ട്രീയം ഉപയോഗിച്ച് അടിച്ചമർത്തുന്നു. ദേശസ്നേഹത്തെക്കുറിച്ച് രാവും പകലും വാതോരാതെ സംസാരിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. മനുഷ്യസ്നേഹമില്ലാത്ത രാജ്യസ്നേഹം എന്തിനു വേണ്ടിയാണ്. മനുഷ്യനാണ് ഏറ്റവും പ്രധാനപ്പെട്ടത്. സങ്കുചിതമായ രാജ്യസ്നേഹനിലപാടാണ് ബിജെപി കൈക്കൊള്ളുന്നത്. ജനങ്ങളെ സ്നേഹിക്കാതെ രാജ്യത്തെ സ്നേഹിച്ചിട്ട് എന്താണ് കാര്യം.
ജയിലറയിൽ സിസ്റ്റർ വന്ദനയെയും പ്രീതി മേരിയെയും കണ്ട് റായ്പുരിൽനിന്ന് തിരിച്ച് ഡൽഹിയിലേക്ക് പോകുമ്പോൾ പ്രശസ്ത ജർമൻ കവിയായ മാർട്ടിൻ നിമോളറുടെ വാക്കുകൾ ഓർത്തു. വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പാർലമെന്റിൽ ഇതേ വരികൾ ഉദ്ധരിച്ചായിരുന്നു ചർച്ച അവസാനിപ്പിച്ചതും.
‘‘ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു
ഞാൻ ഒന്നും മിണ്ടിയില്ല
കാരണം ഞാൻ കമ്യൂണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല
ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാൻ ജൂതനായിരുന്നില്ല
ഒടുവിൽ അവർ എന്നെ തേടി വന്നു
അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിരുന്നില്ല"
