ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല. ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു. കണ്ണീർച്ചാലുകളിൽ നിന്ന് ഒരു ജനതയെ ആശ്വാസതീരത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ജനതയ്ക്കൊപ്പം ഇച്ഛാശക്തിയുള്ള സർക്കാർ നിലകൊണ്ടതിന്റെ സാക്ഷ്യങ്ങളാണ് പണിപൂർത്തിയാകുന്ന ടൗൺഷിപ്പുകൾ. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കായി 410 വീടുകളാണ് സർക്കാർ പണിയുന്നത്. ഉരുൾപൊട്ടി ഏഴുമാസത്തിനകം ഭൂമി ഏറ്റെടുത്ത് നിർമ്മാണത്തിനുള്ള നിയമപരവും മറ്റുമുള്ള തടസ്സങ്ങളെല്ലാം നീക്കിയുള്ള സർക്കാരിന്റെ ഇടപെടൽ ഏവരും അംഗീകരിക്കുന്നു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കുവാൻ ജനതയ്ക്ക് എല്ലാ മേഖലകളിലും കരുത്ത് പകർന്ന് സർക്കാർ ഓരോ നിമിഷവും ഒപ്പം നിന്നു. മികച്ച രീതിയിൽ പുനരധിവാസം പൂർത്തിയാക്കുവാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി നമുക്ക് ഒരൊറ്റ മനസ്സായി മുന്നോട്ടു പോകാം.
