കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല. ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാനും ഏകോപിപ്പിക്കാനും നമുക്ക് സാധിച്ചു. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈകോർത്തു നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നാടിന്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നതായിരുന്നു.
ഉറ്റവരും ജീവിതവും നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ച സർക്കാർ ഒട്ടും സമയം നഷ്ടപ്പെടാതെ അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിൽ മാനസിക പിന്തുണ ഉറപ്പുവരുത്താനുൾപ്പെടെയുള്ള എല്ലാ അവശ്യസൗകര്യങ്ങളും ഒരുക്കി. ക്യാമ്പുകളിൽ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ പ്രത്യേക നടപടി കൈക്കൊണ്ടു. അധ്യാപകരുടെ സഹായത്തോടെ ക്യാമ്പുകളിൽത്തന്നെ അവർക്ക് തുടർപഠനത്തിനുള്ള വഴിയൊരുക്കി.
പഴുതുകളടച്ച ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാബിനറ്റ് സബ്കമ്മിറ്റി രണ്ടു മാസത്തോളം വയനാട് നിലയുറപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഓരോ കാര്യത്തിലും സർക്കാരിന്റെ നിതാന്തശ്രദ്ധ ഉറപ്പാക്കി. ദുരന്തമുണ്ടായി ഒരു മാസത്തിനകം താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം അക്ഷരംപ്രതി പാലിച്ച സർക്കാർ ആഗസ്‌ത് 24നകം ദുരിതാശ്വാസ ക്യാമ്പിലെ മുഴുവൻ ആളുകളെയും പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി.
വാടകവീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, അവരവരുടെ താൽപ്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി മാസം 6000 രൂപവീതം ഈ ജൂലൈവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിവരികയാണ്. പുനരധിവാസം സ്ഥിരമാകുന്നതുവരെ ഈ സഹായം തുടരും. വീട്ടുവാടകയിനത്തിൽ 2025 മെയ് വരെ ദുരിതാശ്വാസനിധിയിൽനിന്ന് 3,98,10,200 രൂപ ചെലവഴിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആറുലക്ഷം രൂപവീതം അനുവദിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് എസ്ഡിആർഎഫിൽനിന്ന് അനുവദിച്ച തുകയ്ക്ക് പുറമെ 50,000 വീതവും 40 മുതൽ 60 ശതമാനംവരെ വൈകല്യം ബാധിച്ചവർക്ക് 50,000 രൂപ വീതവും 60 മുതൽ 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചവർക്ക് 75,000 രൂപ വീതവും അനുവദിച്ചു.
ദുരന്തബാധിതരുടെ തുടർചികിത്സയുടെ ചെലവും സർക്കാർ വഹിക്കുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ കൗൺസലിങ് സംവിധാനവും ഒരുക്കി. വാർഷികത്തോടനുബന്ധിച്ച് എല്ലാ ദുരന്തബാധിതരെയുംകണ്ട് കൗൺസലിങ് സേവനങ്ങൾ ആവശ്യമെങ്കിൽ നൽകാൻ നടപടി സ്വീകരിച്ചു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ വ്യക്തിക്ക് ദിവസം 300 രൂപവീതം സഹായധനം അനുവദിച്ചു. പ്രതിമാസം 9000 രൂപ ആറു മാസത്തേക്കാണ് അനുവദിച്ചത്. ഇത് പിന്നീട് ഒമ്പത് മാസത്തേക്ക് ദീർഘിപ്പിച്ചു. ഇതിനായി 9,07,20,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ആനുകുല്യം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്ക് ഉറപ്പാക്കി. നഷ്ടപ്പെട്ട റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെയുള്ള മുഴുവൻ രേഖകളും തിരികെ ലഭിക്കാനുള്ള സഹായങ്ങൾ ആദ്യദിനങ്ങളിൽത്തന്നെ നൽകാൻ ആരംഭിച്ചു. ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റ് ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. ദുരന്തത്തിൽപ്പെട്ടുപോയ വെള്ളാർമല സ്കൂളിലെയും മുണ്ടക്കൈ സ്കൂളിലെയും വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ നടപടി വളരെവേഗം സ്വീകരിച്ചു. ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബായ്)യുടെ സിഎസ്ആർ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം നൽകി രണ്ട് കോടി ഉപയോഗിച്ച് മേപ്പാടി സ്കൂളിൽ സൗകര്യങ്ങൾ സജ്ജമാക്കി. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫണ്ടിൽ നാല് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടംകൂടി ആഗസ്‌ത് പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. യുണിസെഫിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് അച്ഛനമ്മമാർ രണ്ടുപേരും നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും ഒരാൾ നഷ്ടപ്പെട്ട 17 കുട്ടികൾക്ക് അഞ്ച് ലക്ഷം വീതവും വിതരണം ചെയ്തു. പിഎം വാത്സല്യ പദ്ധതി പ്രകാരം 18 മുതൽ 21 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം 4000 രൂപ വീതം നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തി. സിഎസ്ആർ ഫണ്ടുകളിലൂടെ മൂന്നുലക്ഷം രൂപ 24 കുട്ടികൾക്കും വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു.
ടൗൺഷിപ്പിന്റെ നിർമാണം നടക്കുകയാണ്. പല വെല്ലുവിളികളും നേരിട്ടാണ് അതിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്തത്. അവിടെ എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് മാതൃകാ ടൗൺഷിപ് സജ്ജമാകുന്നത്. 410 റെസിഡൻഷ്യൽ യൂണിറ്റുകൾ, പൊതു കെട്ടിടങ്ങൾ, റോഡുകൾ, ജലവിതരണം, മലിനജല നിർമാർജന സംവിധാനങ്ങൾ, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ്, സൈറ്റ് വികസനം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീപ്രോജക്ട് ചെലവായി കണക്കാക്കിയ 40,03,778 രൂപ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അനുവദിക്കാൻ ഉത്തരവായി.
ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ആവശ്യപ്പെട്ട 104 കുടുംബത്തിന് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ 16,05,00,000 രൂപയാണ് വിതരണം ചെയ്തത്. പുനരധിവാസ പട്ടികയിലുള്ള 402 ഗുണഭോക്താക്കളിൽ 107 പേരാണ് വീടിനുപകരം 15 ലക്ഷം രൂപ മതിയെന്ന് അറിയിച്ചത്.
ഉരുൾപൊട്ടൽ പുനരധിവാസത്തിനായി ജൂൺ 25 വരെ 770,76,79,158 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ഇതിൽനിന്ന് 91,73,80,547 രൂപ പുനരധിവാസവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇതിൽ ദുരന്തബാധിതർക്ക് ധനസഹായം അനുവദിച്ചതിന് 7,65,00,000 രൂപയും വീട്ടുവാടകയിനത്തിൽ നേരത്തേ അനുവദിച്ച തുകയ്ക്ക് പുറമെ 50,00,000 രൂപയും ചെലവാക്കിയിട്ടുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കലിനായി 43,56,10,769 രൂപയും ടൗൺഷിപ് പ്രോജക്ടിന് 20,00,00,000 രൂപയും ടൗൺഷിപ് പ്രീ പ്രോജക്ട് ചെലവുകൾക്ക് 40,03,778 രൂപയും ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വീതം നൽകിയ വകയിൽ 13,91,00,000 രൂപയും ജീവനോപാധി ധനസഹായത്തിനായി 3,61,66,000 രൂപയും ദുരിതാശ്വാസനിധിയിൽനിന്ന് ചെലവാക്കിയിട്ടുണ്ട്.
ഉപജീവനസഹായം, വാടക, ചികിത്സാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽനിന്ന് അത്യുജ്വലമായി തിരികെവന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യം നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തിയാക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടുപോകാം.
