Skip to main content

ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നു

ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയെ ശക്തമായി അപലപിക്കുന്നതായി ഇടതുപക്ഷപാർടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇരുപത് മാസമായി ​ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന സൈനിക നടപടിയിൽ 55,000ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്. അവശ്യ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവയെ മനഃപൂർവം ലക്ഷ്യം വച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഇത് ഗാസയിലെ ജനങ്ങളെ കടുത്ത മാനുഷിക ദുരന്തത്തിലേക്കാണ് തള്ളിവിട്ടത്. ഇത് വംശഹത്യയാണ്. ഗാസയിലേക്ക് സഹായം എത്തിക്കുന്നത് പോലും ഇസ്രയേൽ നിഷേധിക്കുന്നു.

ഗാസയിലെ ജനങ്ങൾക്ക്‌ സഹായം എത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ കൂട്ടാപക്ഷയ്മയായ ഫ്രീഡം ഫ്ലോട്ടില്ലയുടെ ചെറുകപ്പലായ മാഡ്ലീനിനു നേരെ അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെയും ശക്തമായി അപലപിക്കുന്നു. തടവിലാക്കപ്പെട്ട എല്ലാ വളണ്ടിയർമാരെയും മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെടണമെന്നും ഗാസയ്ക്ക് തടസമില്ലാത്ത മാനുഷിക സഹായം ഉറപ്പാക്കണമെന്നും മനുഷ്യത്വരഹിതമായ ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്നും ഇടത് പാർടികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിൽ നിന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നും ഉൾപ്പെടെ ആഗോളതലത്തിൽ പ്രതിഷേധം വർധിച്ചുവരുന്നുണ്ടെങ്കിലും നെതന്യാഹു സർക്കാർ അമേരിക്കയുടെയും ചില സഖ്യകക്ഷികളുടെയും പിന്തുണയോടെ ക്രൂരമായ ഉപരോധം തുടരുകയാണ്. റഫയിൽ അടുത്തിടെ നടന്ന ആക്രമണംവും ലക്ഷക്കണക്കിന് പലസ്തീനികളെ കുടിയിറക്കിയതും അന്താരാഷ്ട്ര നിയമങ്ങളോടും മനുഷ്യാവകാശങ്ങളോടുമുള്ള ഇസ്രായേൽ സർക്കാരിന്റെ കടുത്ത അവഗണനയെയാണ് വ്യക്തമാക്കുന്നത്. പലസ്തീനിലേക്ക് സഹായവുമായെത്തിയ സന്നദ്ധ പ്രവർത്തകരെ തടവിലാക്കിയതും ആ​ഗോള വ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

പലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ അതിൽ ഉറച്ചുനിൽക്കുന്നതിനുപകരം, ഇസ്രയേലിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്. കൊളോണിയൽ വിരുദ്ധ ഐക്യദാർഢ്യത്തിലും ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കുള്ള പിന്തുണയിലും വേരൂന്നിയ ഇന്ത്യയുടെ ദീർഘകാല വിദേശനയത്തിലുണ്ടായ ലജ്ജാകരമായ മാറ്റമാണിത്.

ജൂൺ 17 ന് രാജ്യമെമ്പാടും പലസ്തീൻ ഐക്യദാർഢ്യം നടത്തുമെന്നും 17 ന് രാവിലെ 11ന് ഡൽഹിയിലെ ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തുമെന്നും ഇടതുപക്ഷപാർടികൾ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ സർക്കാർ നടത്തിയ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും എതിർക്കുക, പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക, പലസ്തീന് പിന്തുണ നൽകുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കണം, ഇസ്രയേലുമായുള്ള എല്ലാ സൈനിക, സുരക്ഷാ സഹകരണവും ഉടൻ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. വംശഹത്യ, വർണ്ണവിവേചനം, അധിനിവേശം എന്നിവയ്‌ക്കെതിരെ ഇന്ത്യൻ ജനതയുടെ ശബ്ദം ഉയരണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ. ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.