ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണ്ണത്തിനായുള്ള കേന്ദ്ര സർക്കാർ നയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകാതെ ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്ന മണ്ഡല പുനർനിർണ്ണയം അതിന്റെ ഭാഗമാണ്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനർനിർണ്ണയം നടപ്പാക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വാധീനശേഷിയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോകസഭയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കാനും അതുവഴി അധികാരം പൂർണ്ണമായും തങ്ങളിൽ കേന്ദ്രീകരിക്കാനുമാണ് സംഘപരിവാറിന്റെ ശ്രമം. ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ഈ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയർത്തുമെന്ന പ്രഖ്യാപനമാണ് ഇന്ന് ചെന്നൈയിൽ നടന്ന സമ്മേളനത്തിൽ മുഴങ്ങിയത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും അർഹമായ പ്രാതിനിധ്യവും റദ്ദ് ചെയ്യുന്ന മണ്ഡല പുനർനിർണ്ണയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട്. അതിനായി, രാജ്യത്തിന്റെ ജനാധിപത്യ, മതേതര പാരമ്പര്യവും ഫെഡറൽ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം.