Skip to main content

കുവൈറ്റ് തീപിടിത്ത ദുരന്തം, വീണാ ജോർജിന്റെ കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കുവൈറ്റ് മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി സ. വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കത്തയച്ചു.

കുവൈറ്റിലെ മംഗഫിൽ 2024 ജൂണ്‍ 12 നുണ്ടായ ദുരന്തത്തിൽ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കുവാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. കേരള ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ എംബസിയോടും ബന്ധപ്പെട്ട്‌ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സഹായകരമാകുമായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭ്യമാകാതിരുന്നത് മൂലം കേരള ആരോഗ്യമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്.

സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിരസിക്കുന്നത് തടസ്സമാകുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരി 28ലെ ക്യാബിനെറ്റ്‌ സെക്രട്ടറിയേറ്റ് ഓഫീസ് മേമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി അപേക്ഷിച്ചതെന്നും കേരള മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം അവമതിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. ഈ അപേക്ഷ പരിഗണിക്കാതിരുന്ന നടപടി വികസനോദ്ദ്യമങ്ങളിലും ദുരന്തവേളകളില്‍ ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാന്‍ എടുക്കേണ്ട നടപടികളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഐക്യമനോഭാവത്തോടെ ആയിരിക്കണമെന്ന സഹകരണാത്മക ഫെഡറലിസത്തിൻ്റെ സത്തയ്ക്ക് കടകവിരുദ്ധമാണ്‌. ഇത്തരം വേളകളില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുന്നതിന് രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഒരു തടസ്സങ്ങളും ഉണ്ടാകരുത് എന്ന വസ്തുത പ്രധാനമന്ത്രി മനസ്സിലാക്കുമെന്നു കരുതുന്നു.

ആരോഗ്യകരമായ സഹകരണാത്മക ഫെഡറലിസം ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും അനിവാര്യമായതിനാല്‍ ഭാവിയില്‍ ഇത്തരം അവസരങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.