Skip to main content

തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയം

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയമാണ്. സ്വേഛാധിപതിയും വര്‍ഗീയ-കോര്‍പ്പറേറ്റ് സംരക്ഷകനുമായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്. സമൂഹത്തിലെ ഏറ്റവും സ്ഥിരതയുള്ള ശക്തികളായ കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്തപരിശ്രമത്തിലൂടെ കെട്ടിപ്പടുത്ത ജനശക്തിക്കുമുന്നില്‍ ബിജെപിയുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് നരേന്ദ്രമോദി അധികാരത്തില്‍ വന്ന് തൊഴിലാളി കര്‍ഷകദ്രോഹ നയങ്ങള്‍ നടപ്പാക്കി തുടങ്ങിയ നാള്‍ മുതല്‍ ബിജെപി ഭരണത്തിനെതിരായ പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു. ബിജെപി സര്‍ക്കാര്‍ 2014 ഡിസംബറില്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ, കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രശ്നാധിഷ്ഠിത ഐക്യം കെട്ടിപ്പടുത്തുകൊണ്ട് സമരങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി അധികാര്‍ ആന്ദോളനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ഏറ്റെടുത്തു. എഴുന്നൂറോളം കര്‍ഷകര്‍ ദില്ലി അതത്തിയിലെ സമരകേന്ദ്രങ്ങളില്‍ ജീവത്യാഗം ചെയ്തു. രാജ്യമാകെ ആളിപ്പടര്‍ന്ന ആ കര്‍ഷക പോരാട്ടത്തിന് മുന്നില്‍ മോദി മുട്ടുമടക്കി. കര്‍ഷകദ്രോഹ കരിനിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വന്നു. നരേന്ദ്രമോദി നേരിട്ട ആദ്യ പരാജയമാണിത്. ഈ ചരിത്രവിജയം നിസ്സംശയമായും പ്രശ്നാധിഷ്ഠിത തൊഴിലാളി-കര്‍ഷക ഐക്യസമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
എന്നാല്‍ ഈ വിജയം കൊണ്ട് മാത്രം സമരങ്ങള്‍ അവസാനിച്ചില്ല. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന് നേരെയുള്ള കടന്നാക്രമണം, നോട്ട് നിരോധനത്തേത്തുര്‍ന്നുണ്ടായ പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും വില്‍പനയ്ക്കും എതിരെ, ഗോരക്ഷയുടെ പേരില്‍ നടന്ന ആക്രമണങ്ങള്‍ക്കെതിരെ, വനാവകാശത്തിന് മേലുള്ള കടന്നു കയറ്റത്തിനെതിരെ തുടങ്ങിയ വിവിധ വിഷയങ്ങളുന്നയിച്ചുകൊണ്ട് നിരന്തര പ്രക്ഷോഭങ്ങള്‍ രാജ്യത്താകെ വിവിധ ജനവിഭാഗങ്ങള്‍ ഏറ്റെടുത്തു. ഇത്തരം പ്രക്ഷോഭങ്ങളേറ്റെടുത്ത് ദീര്‍ഘകാല സമരങ്ങള്‍ സംഘടിപ്പിച്ച, പതിറ്റാണ്ടുകളായി നവലിബറല്‍ നയങ്ങളെ ചെറുക്കുന്നതില്‍ അനുഭവസമ്പത്തുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ പിന്തുണയും കര്‍ഷക പ്രസ്ഥാനത്തിന് ഗുണം ചെയ്തു. 2017 ജൂണില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മന്ദ്സൗറില്‍ നടത്തിയ പോലീസ് വെടിവെപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് ശേഷം, അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ മറ്റൊരു പ്രശ്നാധിഷ്ഠിത ഐക്യം രൂപീകരിച്ചാണ് സമരങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയത്. 2018 മാര്‍ച്ചില്‍ നാസിക്കില്‍ നിന്ന് സംഘടിപ്പിച്ച കിസാന്‍ ലോംഗ് മാര്‍ച്ച് മുംബൈ ജനങ്ങളെയാകെ ആകര്‍ഷിക്കുകയും വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു. 'ബിജെപി മോദി കിസാന്‍ വിരോധി' എന്ന മുദ്രാവാക്യം പ്രധാനമായി ഉയര്‍ന്നു. അതോടെ ബിജെപിയെ പരാജയപ്പെടുത്താം എന്നു ബോധ്യമായി, അവരുടെ അജയ്യത കോര്‍പ്പറേറ്റുകളുടെ സൃഷ്ടിയും മാധ്യമങ്ങളുടെ പ്രചാരണവും മാത്രമായിരുന്നു. പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുള്ള 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചത് തീവ്രദേശീയ പ്രചാരണം കൊണ്ടുമാത്രമാണ്, അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി പരാജയപ്പെട്ടിരുന്നു എന്നോര്‍ക്കണം.

നരേന്ദ്രമോദിയുടെ രണ്ടാം ഭരണത്തില്‍ 3 കോര്‍പ്പറേറ്റ് അനുകൂല ഫാം നിയമങ്ങള്‍ക്കും 4 ലേബര്‍ കോഡുകള്‍ക്കുമെതിരെ സമരങ്ങള്‍ ശക്തമായി. കര്‍ഷകരുടെയും തൊഴിലാളികളുടെയും ചരിത്രപരമായ ഐക്യം ഉയര്‍ന്നുവന്നു. സമരം കടുത്ത അടിച്ചമര്‍ത്തലിന് വിധേയമായിട്ടും 750 ഓളം സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇടയായിട്ടും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയം കൈവരിച്ചു. കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു സമരം എന്നത് മറക്കാനാവില്ല. പാന്‍ഡെമിക്കിന്റെ കാര്യത്തില്‍, രോഗത്തെക്കുറിച്ചുള്ള ഭയം വലിയ വിഭാഗങ്ങളെ വീടിനുള്ളില്‍ ഒതുക്കി നിര്‍ത്തുമ്പോള്‍ കര്‍ശനമായ ലോക്ക്ഡൗണിന് കീഴില്‍ ഭരണകൂട അടിച്ചമര്‍ത്തലും അതിജീവിച്ച് ഒരു വര്‍ഷത്തിലധികം സമരം മുന്നോട്ടുപോയി. അവസാനം തോല്‍വി ഏറ്റുവാങ്ങാനും കരിനിയമങ്ങള്‍ പിന്‍വലിക്കാനും നരേന്ദ്രമോദി നിര്‍ബന്ധിതനായപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചമായി. നിയമങ്ങള്‍ പിന്‍വലിച്ചു. കൂടാതെ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാന്‍ ധൈര്യപ്പെട്ടില്ല.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ അജണ്ടയെ തൊഴിലാളികളുടെ ഐക്യത്തിലൂടെ പരാജയപ്പെടുത്തുമെന്ന് മുസാഫര്‍ നഗറില്‍ സംഘടിപ്പിച്ച കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചു. കോടിക്കണക്കിന് കര്‍ഷകരുടെയും തൊഴിലാളികളടെയും താല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ തയ്യാറായ ഭരണം, അദാനിമാരെയും അംബാനിമാരെയും പോലെയുള്ള കോര്‍പ്പറേറ്റ് ചങ്ങാതിമാരുടെ കൊള്ളലാഭത്തിനായി കരിനിയമങ്ങളുണ്ടാക്കുകയായിരുന്നു. കര്‍ഷകരെ നേരിട്ട് എതിര്‍ത്തുകൊണ്ട് കോര്‍പ്പറേറ്റ് കൊള്ളയ്ക്കു വേണ്ടിയുള്ള 'മൊദാനി മോഡലിന് എതിരായ കൃഷിക്കാരുടെ സമരം' എന്ന ആഹ്വാനമാണ് എസ് കെ എം ഉയര്‍ത്തിയത്. ഈ വിവരണം പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിര്‍ണായക പങ്കുണ്ട്. എസ്.കെ.എം ജെ.പി.സി.ടി.യു ആഹ്വാനം ചെയ്ത 'ബി.ജെ.പി കോ സജാ ദോ/ബി.ജെ.പിയെ ശിക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം തുടങ്ങി ബിജെപിയുടെ കോര്‍പ്പറേറ്റ് അനുകൂല, വര്‍ഗീയ നയങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി പ്രചാരണങ്ങള്‍ രാജ്യത്തുടനീളം ഏറ്റെടുത്തു.
അഗ്നിവീര്‍ പദ്ധതിക്കെതിരെ, വനിതാ ഗുസ്തിതാരങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രശ്നങ്ങളും തൊഴിലാളി കര്‍ഷകഐക്യം ഏറ്റെടുത്തു. കര്‍ഷകരുടെ ധീരമായ ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ നേരിട്ടു. ട്രേഡ് യൂണിയനുകളുടെ ഏകോപനത്തോടെ നോട്ടീസുകളും പോസ്റ്ററുകളും എല്ലാമായി വമ്പിച്ച പ്രചാരണം നടത്തി. ലഖിംപൂരില്‍ അഞ്ച് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും മകന്റെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട ബിജെപി എം.പി അജയ് മിശ്ര ടെനിക്കെതിരെയും പ്രചാരണം നടന്നിരുന്നു. എന്നിട്ടും അയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തയ്യാറായി. എന്നാല്‍ ലഖിംപൂരിലെ ജനത അയാളെ ദയനീയമായി പരാജയപ്പെടുത്തി.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗ്രാമീണ സീറ്റുകളില്‍ പലതിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ജിതേന്ദ്ര ചൗബേയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നീ 5 സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളില്‍ ബിജെപിക്ക് 38 സീറ്റുകള്‍ നഷ്ടപ്പെട്ടു. പശ്ചിമ യുപിയില്‍ മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, കൈരാന, നാഗിന, മൊറാദാബാദ്, സംഭാല്‍, രാംപൂര്‍ തുടങ്ങി മിക്കയിടത്തും അവര്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഒരു സീറ്റ് പോലും നേടാനായിട്ടില്ല, ഹരിയാനയില്‍ 5 സീറ്റുകള്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 25 സീറ്റിലും വിജയിച്ച ബിജെപിക്ക് 11 സീറ്റുകള്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ 12 സീറ്റുകളില്‍ രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഉള്ളികര്‍ഷകര്‍ പരാജയപ്പെടുത്തി. ജാര്‍ഖണ്ഡില്‍ കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയപ്പെട്ടു.

ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ 13 മാസക്കാലം കര്‍ഷകരുടെ സമരം നയിച്ച എസ്.കെ.എമ്മിന്റെ പ്രധാന നേതാക്കളിലൊരാളായ ഐഎകെഎസ് വൈസ് പ്രസിഡന്റ് അമ്രറാം രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ഇന്‍ഡ്യ മുന്നണി പിന്തുണച്ച് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ബിഹാറിലും എസ്‌കെഎം നേതാക്കളായ അഖിലേന്ത്യാ കിസാന്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി രാജാറാം സിംഗ് കാരക്കാട്ടില്‍ നിന്നും, എസ്.കെ.എം ന്റെ പ്രധാന നേതാവായിരുന്ന സുദാമ പ്രസാദ് ആറയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡ്യ മുന്നണി സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ 4 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി സച്ചിദാനന്ദ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതാവാണ് മറ്റു സംസ്ഥാനങ്ങളിലും കര്‍ഷക സമരങ്ങളുടെ സ്വാധീനം കൂടുതല്‍ വ്യക്തമാണ്.
കോര്‍പ്പറേറ്റ്-വര്‍ഗീയ കൂട്ടുകെട്ടിലുയര്‍ന്നുവന്ന ഏകാധിപത്യമെന്ന ലക്ഷ്യം മാത്രമുള്ള ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയം ചില വ്യക്തികളുടെ ഇടപെടല്‍ മൂലമാണെന്ന വാദം ഉയര്‍രുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കന്മാര്‍ അവര്‍ക്ക് ബഹുമതികള്‍ നല്‍കാന്‍ തിടുക്കം കൂട്ടുന്നു. ചിലര്‍ ധ്രുവ് റാഠിയെപ്പോലുള്ള യൂട്യൂബര്‍മാര്‍ക്കോ സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കോ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുപോലുമുണ്ട്. രവീഷ്‌കുമാറും ധ്രുവ് റാഠിയും അതുപോലുള്ള മറ്റു നിരവധിയാളുകള്‍ വലതുപക്ഷത്തിന്റെയും കോര്‍പ്പറേറ്റ് ഗോദി മാധ്യമങ്ങളുടെയും കുപ്രചാരണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഏറ്റെടുത്തു. അത്തരം വ്യക്തികളുടെ പരിശ്രമങ്ങളും തീര്‍ച്ചയായും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ബിജെപിക്കും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിസ്സംശയം പങ്കുണ്ട്. എല്ലാവരും ക്രെഡിറ്റ് അര്‍ഹിക്കുന്നു. എന്നിരുന്നാലും, ഈ സമീപനത്തിന് ഒരു പ്രധാന പോരായ്മയുണ്ട്. കര്‍ഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലുയര്‍ന്നു വന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആദ്യം മുതല്‍ ബിജെപിയുടെയും ഗോദി മീഡിയകളുടെയും കള്ളപ്രാചാരണങ്ങള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രിയ അവബോധം സൃഷ്ടിച്ചത് എന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. നരേന്ദ്ര മോദി അജയ്യനല്ലെന്ന ആത്മവിശ്വാസമുണ്ടാക്കിയത് ചരിത്രപ്രസിദ്ധമായ കര്‍ഷകസമരമാണ്. തുടര്‍ന്നു നടന്ന യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍, സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രക്ഷോഭങ്ങള്‍, സിഎഎയ്ക്കെതിരായ ചരിത്രപരമായ പോരാട്ടം എന്നിവയ്ക്കെല്ലാം ചെറുതല്ലാത്ത പങ്കുണ്ട്.
വിയോജിപ്പിന്റെ രാഷ്ട്രീയത്തിനെതിരായി നിര്‍ഭയസ്വരങ്ങളുയര്‍ത്തിയതിന് വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്ന പലര്‍ക്കും പങ്കുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തെയും മാതൃരാജ്യത്തേയും മതേതരത്വത്തേയും ഫെഡറല്‍ അവകാശങ്ങളേയും സംരക്ഷിക്കാന്‍ വ്യക്തിപരമായ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആയിരക്കണക്കിന് ആളുകളുടെ ത്യാഗങ്ങളുണ്ട്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, സിവില്‍ സമൂഹം തുടങ്ങി നിരവധിപേരുടെ അക്ഷീണ പ്രയ്തനമുണ്ട്. എന്നാല്‍ അതിനെല്ലാം ഉപരിയായി കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളായിരുന്നു ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു പ്രേരക ശക്തിയായതെന്ന യാഥാര്‍ത്ഥ്യം മറക്കാനാവില്ല. എന്തെല്ലാം സാങ്കേതിക സംവിധാനളുപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തിയാലും ഏകാധിപത്യത്തിനെതിരായ വിജയം സാധ്യമാണെന്ന അന്തരീക്ഷവും ആത്മവിശ്വാസവും സൃഷ്ടിച്ചത് ആ പോരാട്ടങ്ങളാണ്.
 

കൂടുതൽ ലേഖനങ്ങൾ

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

സ. വീണ ജോര്‍ജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം അത്യന്തം വേദനാജനകമാണ്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
 

കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിൽ ആദിവാസി യുവാവ് ബിനു മരിക്കാനിയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും

സ. ഒ ആർ കേളു

കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് വിതുരയിൽ ആദിവാസി യുവാവ് ബിനു മരിക്കാനിയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ബിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പടുത്തുന്നു.