Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല. നമ്മുടെ കാർഷിക മേഖലയെപ്പറ്റി ഒന്നും തന്നെ പരാമർശിക്കുന്നില്ല. ബിജെപി സർക്കാർ പിന്തുടരുന്ന നയം എന്താണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയോ തൊഴിലാളികളുടെയോ കൂടെ നിൽക്കുന്ന സർക്കാരല്ല കേന്ദ്രം ഭരിക്കുന്നത് എന്ന വസ്തുതയ്ക്ക് നയപ്രഖ്യാപനം അടിവരയിടുന്നു. ജീവിതയാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന ഒന്നായി രാഷ്‌ട്രപതിയുടെ പ്രസംഗം മാറി. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോ രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളോ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായില്ല എന്നത് ദുഃഖകരമാണ്. രണ്ട് തവണ തുടർച്ചയായി രാജ്യത്ത് സ്ഥിരതയുള്ള സർക്കാർ ഉണ്ടായതിൽ അഭിമാനം കൊള്ളുന്ന നയപ്രഖ്യാപനം സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഗവർണർമാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ ഇടപെടലുകൾക്കുനേരെ കണ്ണടയ്ക്കുന്നു. സ്ഥിരതയുള്ള സർക്കാർ തുടർച്ചയായ രണ്ടുത്തവണ ഉണ്ടായതിൽ ജനങ്ങളോട് നന്ദി പറയുമ്പോഴും ജനഹിതം ആട്ടിമറിച്ചുകൊണ്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ബിജെപിയുടെ കുതിരക്കച്ചവടം നയപ്രഖ്യാപനം കണ്ടില്ലെന്നു നടിക്കുന്നു. പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? അഭ്യസ്ഥവിദ്യരായ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നിരന്തരം വെട്ടിക്കുറക്കപ്പെടുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുന്നതും രാജ്യത്തെ മതസൗഹാർദ്ദവും ഒത്തൊരുമയും തകർക്കാൻ ബോധപൂർവം നടക്കുന്ന ശ്രമങ്ങളുമൊന്നും ഇവിടെ പരാമർശവിധേയമായില്ല. കർഷകരെ വഞ്ചിച്ച ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നയപരിപാടികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. കർഷക സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ സർക്കാർ തയ്യാറായില്ല എന്നുമാത്രമല്ല അതിനു നേർ വിപരീതമായ കാര്യങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കോർപ്പറേറ്റുകൾ കൊള്ളയടിക്കുമ്പോൾ അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന കേന്ദ്രനയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ രത്നച്ചുരുക്കം. ഈ നിലയിൽ ജീവിത യാഥാർഥ്യങ്ങളോട് കണ്ണടയ്ക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗം നിരാശാജനകവും അത്യന്തം ദൗർഭാഗ്യകരവുമാണ്.

കൂടുതൽ ലേഖനങ്ങൾ

മൊത്തം നികുതി വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതം ചുരുങ്ങുകയാണ്

കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുകയുണ്ടായി. കേന്ദ്രം സംസ്ഥാനങ്ങളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും വിഭവ കൈമാറ്റം കുത്തനെ കൂട്ടിയതായും അവർ പറയുകയുണ്ടായി.

മോദി ഭരണത്തിൽ ഗാർഹിക പാചകവാതകവില 2.7 മടങ്ങാണ് വർദ്ധിച്ചത് പാചകവാതക വിലയെ കമ്പോളത്തിന് നിശ്ചയിക്കാൻ വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ

സ. ടി എം തോമസ് ഐസക്

മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള 14.2 കിലോ വരുന്ന സിലിണ്ടറിന് ഗാർഹിക പാചകവാതകവില 410 രൂപയായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും വിലകൾ ഉയർത്തിയും അതു പടിപടിയായി ഉയർത്തി. ഇപ്പോൾ പ്രഖ്യാപിച്ച 50 രൂപ വിലവർദ്ധനവടക്കം പാചകവാതകവില സിലിണ്ടറിന് 1110 രൂപയായി.

പാചകവാതക വിലയിലെ കുതിച്ചുചാട്ടം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്രസർക്കാർ 14.2 കിലോഗ്രാമിന്റെ ഗാർഹിക സിലിണ്ടറിന്‌ 50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോഗ്രാമിന്റെ സിലിണ്ടറിന്‌ 350.50 രൂപയും വർധിപ്പിച്ചത

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം

സ. എ കെ ബാലൻ

നിയമസഭയിൽ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീർത്തും ചട്ടവിരുദ്ധമാണ്. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നൽകാൻ സാധ്യമല്ല.