Skip to main content

മഹത്തായ ഒക്ടോബർ വിപ്ലവം 105-ാം വാർഷികം

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 105 വർഷം പൂർത്തിയാകുകയാണ്‌. റഷ്യയിൽ ഒക്‌ടോബർ വിപ്ലവം നടന്ന കാലഘട്ടത്തിലെ സാഹചര്യത്തിൽനിന്ന്‌ ലോകം ഏറെ മാറി. സോവിയറ്റ്‌ യൂണിയൻ ഇല്ലാതായിട്ട്‌ 31 വർഷമാകുന്നു. അന്നുമുതൽ സാമ്രാജ്യത്വത്തിന്റെ ആധീശത്വം പ്രകടമാണ്‌. അമേരിക്കൻ സാമ്രാജ്യത്വവും നാറ്റോയും മറ്റു രാജ്യങ്ങളിൽ ഇടപെട്ട്‌ ആക്രമണാത്മക അധിനിവേശ യുദ്ധമുറകൾക്കാണ്‌ 1991നു ശേഷമുള്ള മൂന്നു പതിറ്റാണ്ട്‌ സാക്ഷ്യംവഹിച്ചത്‌.

ആണവായുധങ്ങൾ ഇല്ലാത്തതും പൊതുവേ ദുർബല സായുധസേനയുള്ളതുമായ വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു എല്ലാ അധിനിവേശവും. 1999-ൽ സെർബിയക്കെതിരായ ബോംബാക്രമണം, 2001-ൽ അഫ്ഗാനിസ്ഥാന്റെയും 2003-ലെ ഇറാഖിന്റെയും അധിനിവേശം, 2011-ൽ ലിബിയയിൽ ബോംബാക്രമണവും ഇടപെടലും. ഇതെല്ലാം നടന്നത് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷമുള്ള ആദ്യ രണ്ടു ദശകത്തിൽ. ഈ പതിറ്റാണ്ടിൽ യുഎസ്‌, നാറ്റോ അധിനിവേശം പുതിയതലത്തിൽ എത്തിയിരിക്കയാണ്‌. ഏറ്റവും കൂടുതൽ സൈനികബലവും ലോകത്തിലെ ഏറ്റവും കൂടുതൽ ആണവായുധമുള്ള രണ്ടാമത്തെ രാജ്യവുമായ റഷ്യയുമായി ഉക്രയ്‌ൻ ഏറ്റുമുട്ടുന്നത്‌ അമേരിക്കയുടെയും നാറ്റോയുടെയും പൂർണ പിന്തുണയോടെയാണ്‌. ഇതോടൊപ്പം അമേരിക്ക ചൈനയെ അതിന്റെ മുഖ്യശത്രുവായി കണ്ട്‌ സംഘർഷമുണ്ടാക്കാൻ നിരന്തരം ശ്രമിക്കുന്നു. ചൈനയെ ലക്ഷ്യമിട്ട്‌ അമേരിക്ക ഇന്തോ–പസഫിക്‌ മേഖലയിൽ ക്വാഡ്‌, എയുകെയുഎസ്‌ തുടങ്ങിയ സഖ്യങ്ങളുണ്ടാക്കി. പശ്ചിമേഷ്യയിൽ ഇസ്രേയലിനെ മുന്നിൽനിർത്തി സഖ്യങ്ങളും ഗ്രൂപ്പുകളും ഉണ്ടാക്കുന്നു. ആഫ്രികോമിലൂടെ ആഫ്രിക്കയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്‌.

നവലിബറൽ മുതലാളിത്തത്തിന്റെ പ്രതിസന്ധി തരണം ചെയ്യാൻ യൂറോപ്പിലെയും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളുടെമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുമ്പോഴാണ്‌ ലോകമെമ്പാടും അമേരിക്ക സാമ്രാജ്യത്വ മേധാവിത്വം നിലനിർത്താനുള്ള നീക്കം ശക്തമാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാകുകയും ലോകമെമ്പാടും മാന്ദ്യത്തിന്റെ ഭീഷണി നേരിടുകയുമാണ്‌.

ധനമൂലധനത്തിന്റെ അപചയങ്ങൾ വൻകിട കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും ലാഭവും സമ്പത്തും ഗണ്യമായി വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചു. നവലിബറലിസത്തിന്റെ പ്രവർത്തനങ്ങൾ, അതിന്റെ കഠിനമായ നടപടികൾ, വംശീയ -ദേശീയതയുടെ ഉയർച്ച, മതതീവ്രവാദം എന്നിവയെല്ലാം ആഗോളതലത്തിൽ വലതുപക്ഷത്തിന്‌ മേൽക്കൈ നേടാൻ കാരണമായി. എന്നിരുന്നാലും ഈ സംഭവവികാസങ്ങളെ വൈരുധ്യാത്മകമായി കാണേണ്ടതുണ്ട്. ഈ പ്രധാന വൈരുധ്യങ്ങൾ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളിലേക്ക്‌ നയിക്കാൻ പ്രധാന ഘടകമാകുന്നു. അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ക്രമവും ഈ സാമ്രാജ്യത്വ ക്രമത്തെ വെല്ലുവിളിക്കുന്ന സംവിധാനത്തെ പ്രതിനിധാനംചെയ്യുന്ന ജനകീയ ചൈനയും തമ്മിലുള്ളതാണ് പ്രധാനപ്പെട്ട ഒന്നാമത്തെ വൈരുധ്യം. ചൈനയുടെ വർധിച്ചുവരുന്ന സർവതലശക്തിയെ ചെറുക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിലുമാണ്‌ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രസിഡന്റ് ബൈഡന്റെ ദേശീയ സുരക്ഷാതന്ത്രം 2022ൽ "നിർണായക ദശകത്തെ’ക്കുറിച്ച് പറയുന്നുണ്ട്‌. "ഞങ്ങൾ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായി ഫലപ്രദമായി മത്സരിക്കും, അപകടകരമായ റഷ്യയെ നിയന്ത്രിക്കുമ്പോൾത്തന്നെ, അന്താരാഷ്ട്ര ക്രമം പുനർരൂപകൽപ്പന ചെയ്യാനുള്ള ഉദ്ദേശ്യവും വർധിച്ചുവരുന്ന കഴിവുമുള്ള ഒരേയൊരു എതിരാളിയാണ് ചൈന’ എന്നാണ്‌ ദേശീയ സുരക്ഷാതന്ത്രത്തിൽ പറയുന്നത്‌. ചൈനയുമായുള്ള "തന്ത്രപരമായ മത്സരം’ ഇതിനകംതന്നെ അർധചാലക വ്യവസായത്തിൽ വ്യാപാര ഉപരോധത്തിനും സാങ്കേതിക ഉപരോധത്തിനും വഴിയൊരുക്കി. ചൈനയുടെ നൂതന ചിപ്പുകൾക്ക്‌ വിപണി നഷ്ടപ്പെടുത്തുകയാണ്‌ ലക്ഷ്യം. ചൈനയ്‌ക്കെതിരെ അമേരിക്ക വ്യാപാര, സാങ്കേതികയുദ്ധം പ്രഖ്യാപിക്കുകയും സൈനിക സഖ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത്‌ പുതിയ ശീതയുദ്ധം രൂപപ്പെടുത്തുകയാണ്‌. സിപിഐ എമ്മിന്റെ 23–--ാം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടിയതുപോലെ, സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള കേന്ദ്ര വൈരുധ്യത്തിന്റെ മൂർച്ച കൂട്ടുന്നതിൽ യുഎസ് - ചൈന സംഘർഷത്തിന് സ്വാധീനമുണ്ട്‌.

ആണവായുധരംഗത്ത്‌ അപ്രമാദിത്വം സ്ഥാപിക്കുകയെന്ന നയമാണ് അമേരിക്ക നിരന്തരം പിന്തുടരുന്നത്. ശീതയുദ്ധം അവസാനിച്ചശേഷവും ആണവായുധ പോർമുനകൾ നവീകരിക്കുകയും ആണവ ആധിപത്യം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. 2002-ൽ പ്രസിഡന്റ് ബുഷ് ബാലിസ്റ്റിക് മിസൈൽ വിരുദ്ധ ഉടമ്പടിയിൽനിന്ന്‌ പിന്മാറി. 2019ൽ ഡോണൾഡ്‌ ട്രംപ്‌ പ്രസിഡന്റായിരിക്കെ ഇടത്തരം പരിധിയുള്ള ആണവ മിസൈൽ നിയന്ത്രിത ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറി. ആണവായുധരംഗത്ത്‌ അപ്രമാദിത്വം നിലനിർത്താനായിരുന്നു ഇത്‌. റഷ്യയെ ലക്ഷ്യമിട്ട്‌ അമേരിക്ക പോളണ്ടിലും റുമേനിയയിലും ബാലിസ്റ്റിക് പ്രതിരോധ സൗകര്യങ്ങൾ സ്ഥാപിക്കുകയാണ്‌. ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിച്ച്‌ ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ റഷ്യ ശ്രമിച്ചു.

ഉക്രയ്‌ൻ യുദ്ധം പ്രധാനപ്പെട്ട രണ്ട്‌ ആണവശക്തികൾ തമ്മിൽ ആണവായുധങ്ങളുടെ ഉപയോഗത്തിന്റെ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്‌. പ്രധാന മുതലാളിത്തശക്തിയായി റഷ്യയുടെ ഉയർച്ച തടയാൻ ലക്ഷ്യമിട്ട്‌ നാറ്റോയുടെ കിഴക്കോട്ടുള്ള വിപുലീകരണത്തിന്റെ ഫലമാണ് ഉക്രയ്നിലെ യുദ്ധം. യഥാർഥത്തിൽ സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള വൈരുധ്യങ്ങളുടെ ഫലം മാത്രമല്ല ഉക്രയ്‌നിലെ സംഘർഷം, മറിച്ച്‌ യൂറോപ്യൻ യൂണിയന്റെ മേലുള്ള തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളും എതിരാളികളായ മുതലാളിത്തശക്തികൾ തമ്മിലുള്ള വൈരുധ്യത്തിന്റെ മുഖമുദ്രയാണ്‌ സംഘർഷത്തിന്‌ പ്രധാന കാരണം.

മറ്റൊരു പ്രധാന വൈരുധ്യം സാമ്രാജ്യത്വശക്തികളും വളർന്നുവരുന്ന വിപണികളെന്ന് വിളിക്കപ്പെടുന്നവ ഉൾപ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളും തമ്മിലാണ്. വികസ്വര രാജ്യങ്ങൾ വലിയ കടം തിരിച്ചടവ്‌ പ്രതിസന്ധി നേരിടുകയാണ്. വളർന്നുവരുന്ന വിപണികളുടെയും വികസ്വര സമ്പദ്‌വ്യവസ്ഥകളുടെയും (ചൈന ഒഴികെ) മൊത്തം കടബാധ്യത 2020-ൽ 8.9 ലക്ഷം കോടി ഡോളറായിരുന്നു. ഉക്രയ്‌നിന്‌ എതിരായ റഷ്യൻ ആക്രമണം, റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം, ഈ രണ്ട്‌ രാജ്യത്തുനിന്നുള്ള എണ്ണയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിതരണം നിലച്ചതും ഇവിടെനിന്നുള്ള ചരക്കുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സ്ഥിതി കൂടുതൽ വഷളാക്കി. റഷ്യക്കും ചൈനയ്‌ക്കുമെതിരെ രാജ്യങ്ങളെ അണിനിരത്താനും ഒരുമിപ്പിക്കാനുമുള്ള അമേരിക്കയുടെയും ജി 7 രാജ്യങ്ങളുടെയും ശ്രമങ്ങൾക്ക്‌ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഈ രണ്ടു രാജ്യത്തിനുമെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യമുന്നണി ഉണ്ടാക്കാനുള്ള നീക്കത്തിന്‌ വികസ്വര രാജ്യങ്ങളും ഇടത്തരം ശാക്തിക രാജ്യങ്ങളും പിന്തുണ നൽകാൻ വിസമ്മതിക്കുകയാണ്‌.

യൂറോപ്പിൽ ഇന്ന് വലതുപക്ഷ മാറ്റം പ്രകടമാണ്‌. എന്നാൽ, ഇതിന്‌ വിപരീതമായി യുഎസ് മേധാവിത്വത്തിനും നവലിബറലിസത്തിനും എതിരായ ചെറുത്തുനിൽപ്പിലൂടെ തെക്കേ അമേരിക്കയിൽ ഇടതുപക്ഷ ശക്തികളുടെ മുന്നേറ്റമാണ്‌. ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ലുലയുടെ വിജയം, ഇടതു-പക്ഷത്തിന്റെയും ഇടതുപക്ഷാഭിമുഖ്യമുള്ള ശക്തികളുടെയും തുടർച്ചയായ തെരഞ്ഞെടുപ്പുവിജയ പരമ്പരയിലെ ഏറ്റവും പുതിയതാണ്. അഞ്ചു പതിറ്റാണ്ടിനുശേഷം ചിലിയിൽ ഇടതുപക്ഷ പ്രസിഡന്റ്‌ അധികാരത്തിലെത്തി. കൊളംബിയക്ക്‌ ചരിത്രത്തിലാദ്യമായാണ്‌ ഇടതുപക്ഷ പ്രസിഡന്റിനെ ലഭിക്കുന്നത്‌. നിലവിൽ സോഷ്യലിസത്തിനായുള്ള സുദീർഘമായ പോരാട്ടത്തിന്റെ സാധ്യതകൾ പുതിയ രൂപങ്ങളിൽ ലാറ്റിനമേരിക്ക കാണിക്കുകയാണ്‌.

ഇന്ത്യയിൽ ഹിന്ദുത്വ വർഗീയതയുടെയും ആക്രമണാത്മക നവലിബറൽ നടപടികളുടെയും ഇരട്ട ആക്രമണത്തിൽ വലതുപക്ഷ മാറ്റം പ്രകടമാണ്. ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ അവകാശങ്ങളെ അടിച്ചമർത്തുന്ന സ്വേച്ഛാധിപത്യത്തിന് വർഗീയ- കോർപ്പറേറ്റ് ഭരണകൂടം തുടക്കമിട്ടു. ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിനായി അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ചെറുത്തുനിൽപ്പും വിവിധ ജനവിഭാഗങ്ങളുടെ വർധിച്ചുവരുന്ന ഐക്യവും പ്രകടമാക്കുന്നത്‌.

ലോകത്തിലെ ആദ്യത്തെ സാമ്രാജ്യത്വ- മുതലാളിത്തവിരുദ്ധ വിപ്ലവമായിരുന്നു ഒക്ടോബർ വിപ്ലവം. ഒക്‌ടോബർ വിപ്ലവം ചരിത്ര സംയോജനത്തിന്റെയും മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ശരിയായ ഫലമായിരുന്നു. 21–-ാം നൂറ്റാണ്ടിൽ ആ സങ്കൽപ്പം നിലവിലില്ല. എന്നാൽ, നമ്മുടെ കാലത്തെ പ്രധാന സാമൂഹ്യ വൈരുധ്യങ്ങൾ സമകാലിക കാലത്ത് സോഷ്യലിസത്തിനായുള്ള പോരാട്ടം പുതുക്കാൻ ഒക്ടോബർ വിപ്ലവത്തിന്റെ വിപ്ലവ പൈതൃകം സഹായകമാകുന്ന സാഹചര്യത്തിലേക്ക്‌ നയിക്കപ്പെടും. ഒക്‌ടോബർ വിപ്ലവത്തിന്റെ മുതലാളിത്തവിരുദ്ധ പൈതൃകത്തെ ഉയർത്തിപ്പിടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

സ. ഇ പി ജയരാജൻ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.