മാനവവിമോചന ചിന്തകളിൽ എക്കാലവും ഉയർന്നുപറക്കുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമവാർഷിക ദിനമാണിന്ന്. മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ഏകവഴി വർഗസമരമാണെന്ന് ചൂണ്ടിക്കാട്ടിയവരാണ് മാർക്‌സും എംഗൽസും. മുതലാളിത്ത സംവിധാനത്തിൽ തൊഴിലാളിവർഗത്തിന്റെ ദുരിതങ്ങളും അവരുടെ സംഘശക്തിയും നേരിട്ടുകണ്ടു മനസ്സിലാക്കിയ എംഗൽസിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വർഗസമരം, തൊഴിലാളിവർഗ സർവാധിപത്യം തുടങ്ങിയ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിന് ഇരുവർക്കും പ്രേരണയായി. മാർക്സും എംഗൽസും അന്തരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അവർ കൊളുത്തിയ ആശയങ്ങൾ ലോകമാകെ ഇന്നും പടരുകയാണ്. പോരാട്ടത്തിന് വെളിച്ചമായി, സമരങ്ങൾക്ക് തെളിച്ചമായി, അതിജീവനത്തിന് ഊർജ്ജമായി.
