ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകള്‍ സ്ഥാപിക്കും. സ്പെഷ്യല്‍ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവന്‍ ഭിന്നശേഷി ക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും. കൂടുതല്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കും. വിവിധ ഏജന്‍സികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശഭരണം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 80 ശതമാനം ഡിസബിലിറ്റി അധിക ആനുകൂല്യം ലഭ്യമാക്കും. കേരളത്തെ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കും.

 1. തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാരുടെ കണക്ക് എടുക്കുന്നതാണ്. സ്പെഷ്യല്‍ സ്കൂളുകള്‍ക്കു പുറത്തുള്ള മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാനാവുന്നവിധം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂള്‍ നിര്‍ബന്ധമാക്കും. ബഡ്സ് സ്കൂളുകള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം ഗണ്യമായി ഉയര്‍ത്തും. അധ്യാപകര്‍ക്കുള്ള വേതനം ഉയര്‍ത്തും. ഓട്ടിസം ബാധിച്ച മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യമായ പരിചരണം ഉറപ്പുവരുത്തും.

 2. സര്‍ക്കാര്‍ ഭിന്നശേഷിയെക്കുറിച്ച് അവകാശാധിഷ്ഠിത സമീപനം കൈക്കൊള്ളും. 2016 ലെ ഭിന്നശേഷികളുള്ള ആളുകളുടെ അവകാശം സംബന്ധിച്ച 2016ലെ ആക്ടിലെ (പിആര്‍ഡി ആക്ട്) വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇതിനായുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തും.

 3. സ്കൂളുകളിലെ മൈല്‍ഡ് മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ കൗണ്‍സിലേഴ്സിനെ നിയമിക്കുകയും കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ പ്രവേശനത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കും.

 4. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂളുകള്‍ക്കുള്ള സഹായധനം ഗണ്യമായി ഉയര്‍ത്തും. അവര്‍ക്ക് സാധാരണ കുട്ടികളെപ്പോലുള്ള എല്ലാവിധ സൗജന്യങ്ങളും ലഭ്യമാക്കും. 2021 ല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ക്കുള്ള ധനസഹായം 100 കോടി രൂപയായി ഉയര്‍ത്തും. എല്ലാ വര്‍ഷവും 20 ശതമാനം വീതം ധനസഹായം വര്‍ദ്ധിപ്പിക്കും. എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡുകളായി തരംതിരിച്ച് ധനസഹായം നല്‍കും.

 5. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് എല്ലാ ജില്ലകളിലും അസിസ്റ്റീവ് ലിവിംഗ് സൗകര്യത്തോടെ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.

 6. 80 ശതമാനം ഡിസബിലിറ്റിയുള്ള ഭിന്നശേഷിക്കാര്‍ക്ക് 10 ശതമാനം സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂടുതല്‍ നല്‍കും. ഇവര്‍ക്ക് 600 രൂപ പ്രകാരമുള്ള രണ്ടാമതൊരു ക്ഷേമ പെന്‍ഷനുകൂടി അര്‍ഹതയുണ്ടാവും.

 7. വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പുനഃസംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഓഫീസ് അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ചലനപരിമിതിയുള്ള 2.63 ലക്ഷം പേര്‍ക്കും മുചക്ര വാഹനമോ ഇലക്ട്രോണിക് വീല്‍ചെയറോ ലഭ്യമാക്കും. ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റു സഹായ ഉപകരണങ്ങളും വിതരണം ചെയ്യും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് വോയ്സ് എന്‍ഹാന്‍സ്മെന്റ് സോഫ്ട് വെയറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യും. ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കും.

 8. ഓര്‍ഫനേജുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും.

 9. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരുടെ സംവരണം പൂര്‍ണ്ണമായും നടപ്പിലാക്കും. സുപ്രിംകോടതി വിധി പ്രകാരം ഇതിനുള്ള ബാക്ക് ലോഗ് ഇല്ലാതാക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കും.

 10. ഭിന്നശേഷിക്കാരുടെ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കാനുതകുന്ന സാമൂഹ്യസുരക്ഷാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗര്‍ഭാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ തടയുന്നതിനുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശൈശവാവസ്ഥയില്‍ തന്നെ വൈകല്യങ്ങളെ കണ്ടെത്താനുള്ള പരിപാടികള്‍, തുടര്‍ന്നുള്ള പിന്തുണാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അനുയാത്ര പദ്ധതിയെ വിപുലപ്പെടുത്തും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളിലെല്ലാം ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കും. നിംപറിന്റെ ഗവേഷണ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. ശബ്ദപരിമിതര്‍ക്കുള്ള കോക്ലയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പദ്ധതി തുടരും. അനാമയം സമഗ്ര ഇന്‍ഷ്വറന്‍സ് പ്രോഗ്രാം ആരംഭിക്കും.

 11. രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ബാരിയര്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള സമയബന്ധിത പരിപാടി തയ്യാറാക്കും. സര്‍ക്കാര്‍ ഫണ്ടുകൊണ്ട് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.

 12. ഭിന്നശേഷി സൗഹൃദ തദ്ദേശഭരണ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പരിപാടി ഏറ്റെടുക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുയിടങ്ങളും ബാരിയര്‍ ഫ്രീയാക്കുന്നതിനു മുന്‍ഗണന നല്‍കും.

 13. കേരളം ഭിന്നശേഷീ സൗഹൃദ സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകള്‍ ഏകോപിപ്പിക്കും.

 14. മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടി സുരക്ഷ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി മാനസികരോഗ പുനഃരധിവാസ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും. അധിഷ്ഠിത പരിപാടികള്‍ ആവിഷ്കരിക്കും. ആത്മഹത്യ പ്രവണതകള്‍ ക്കെതിരെയുള്ള കൗണ്‍സിലിംഗ് വിപുലപ്പെടുത്തും.

 15. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു കോടതിവിധി പ്രകാരം ലഭ്യമാകേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും.

 16. ഇംഹാന്‍സ്, ഐകോണ്‍സ്, നിപ്മര്‍, നിഷ്, സിഡിസി തുടങ്ങിയ ഭിന്നശേഷി പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു കൗണ്‍സില്‍ രൂപീകരിക്കും.

 17. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് വിതരണം കാര്യക്ഷമമാക്കുന്നതിനും ജില്ലാ, താലൂക്ക് ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.

 18. ഭിന്നശേഷി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും.