Skip to main content

20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കും. ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. കോവിഡാനന്തര കാലത്ത് 18 കോടി ആളുകള്‍ക്ക് വീടുകളില്‍ ഡിജിറ്റല്‍ ജോലികള്‍ ചെയ്യുന്നവരായി മാറുമെന്നാണ് ഒരു കണക്ക്. വീട്ടിന അകത്തോ, അടുത്തോ ഇരുന്ന് തൊഴിലെടുക്കാന്‍ സന്നദ്ധരായ ഉദ്യോഗാര്‍ത്ഥികളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കും. അവര്‍ക്കുവേണ്ടി അന്തര്‍ദേശീയ തൊഴില്‍ കമ്പനികളോടു സംവദിക്കും. ഇങ്ങനെ തൊഴില്‍ ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതെല്ലാം ചെയ്യുന്നതിന് മികവുറ്റ സ്ഥാപനമാക്കി കെ-ഡിസ്കിനെ മാറ്റും. ഇതിനകം തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ് ഫോമുകള്‍ കെ-ഡിസ്കുമായി ധാരണാപത്രങ്ങള്‍ ഒപ്പിടാന്‍ തയ്യാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ജാവ സേഫ്ട്വെയര്‍ വിദഗ്ദ്ധരെയും ഫിന്‍ടെക് നൈപുണിയുടെ ബി.കോംകാര്‍ക്കും തൊഴില്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികളും ഇതിന്റെ തുടര്‍ച്ചയായി സ്വീകരിക്കുകയാണ്. 

  1. തൊഴിലില്ലാത്ത 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിന് ഒരു ബൃഹത്തായ തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. കൊവിഡ് പകര്‍ച്ചവ്യാധിമൂലം വീടുകളിലിരുന്ന് പണിയെടുക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം ആഗോളതലത്തില്‍ ഇവരുടെ എണ്ണം 18 കോടിയായി ഉയരുമെന്നാണ് കണക്ക്. ആഗോള ഡിജിറ്റല്‍ വ്യവസായ മേഖലയിലെ ഈ ഘടനാപരമായ മാറ്റത്തെ ഉപയോഗപ്പെടുത്തി കേരളത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

    ഉന്നതതൊഴിലുകള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം

  2. തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ നൈപുണീ പരിശീലനം യുദ്ധകാല അടിസ്ഥാനത്തില്‍ നല്‍കും. ഇതിനായി ഒരു സ്കില്‍മിഷന്‍ രൂപീകരിക്കും. മിഷനു കീഴില്‍ അസാപ് (അടഅജ), കേയ്സ് (ഗഅടഋ), ഐ.സി.ടി അക്കാദമി എന്നീ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് കോളജുകളിലെയും പോളിടെക്നിക്കുകളിലെയും നൈപുണീ പരിശീലനം വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യും. 50 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് നൈപുണീ പരിശീലനം നല്‍കും.

  3. തൊഴിലന്വേഷകരായ നൈപുണി പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരെ ക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. അവരില്‍ നിന്ന് ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് ആഗോള കമ്പനികള്‍ക്ക് അവസരമൊരുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കേരളത്തിലെ വ്യവസായ പാര്‍ക്കുകളിലോ, മറ്റു വികേന്ദ്രീകൃത മിനി പാര്‍ക്കുകളിലോ അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ ഇരുന്നോ ജോലി ചെയ്യും.

  4. തൊഴില്‍ ലഭിക്കുന്നവരുടെ പി.എഫ് അടക്കമുള്ള സാമൂഹ്യ സുരക്ഷാ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഉപകരണങ്ങള്‍ വാങ്ങാനുള്ള വായ്പ ലഭ്യമാക്കും. സഹായ വാടകയ്ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള സൗകര്യം സൃഷ്ടിക്കും.

  5. മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് കിഫ്ബി പോലെ മികവുറ്റ ഒരു പ്രൊഫഷണല്‍ സ്ഥാപനമായി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനെ (കെ-ഡിസ്ക്) മാറ്റും. ആഗോള കമ്പനികളുമായി സമ്പര്‍ക്കം പുലര്‍ത്തുക, നൈപുണീ പരിശീലനങ്ങളെ ഏകോപിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ പുനഃസംഘടനയെ സഹായിക്കുക ഇന്നവേഷന്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നിവ കെ-ഡിസ്കിന്റെ ചുമതലകളായിരിക്കും.

  6. ബ്ലോക്ക് മുന്‍സിപ്പല്‍ തലത്തില്‍ വര്‍ക്ക് നിയര്‍ ഹോം വര്‍ക്ക് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് ഒരു സ്കീമിന് രൂപം നല്‍കും. 5000 ചതുരശ്രയടി കെട്ടിടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയാല്‍ അവയെ വര്‍ക്ക് സ്റ്റേഷനുകളാക്കി മാറ്റുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്.

  7. ഐആര്‍ 4.0 സാങ്കേതികവിദ്യയുടെ പ്രാദേശികതല പ്രയോഗത്തിനും, സംരംഭസൃഷ്ടിക്കും പ്രത്യേക ഊന്നല്‍ നല്‍കും. ഇതിനാവശ്യമായ സംരംഭവികസന പരിപാടികള്‍ക്ക് കെ-ഡിസ്ക് മുന്‍കൈയ്യെടുക്കും.