Skip to main content

വാണിജ്യമേഖല

വാണിജ്യമിഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളില്‍ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികള്‍ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്ചല്‍ ഗ്യാരണ്ടിയില്‍ ചിട്ടികള്‍ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികള്‍ക്കു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കും. ജി.എസ്.ടി കൂടുതല്‍ വ്യാപാരി സൗഹൃദമാക്കും. നല്ല നികുതിദായകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് നല്‍കും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

വാണിജ്യമേഖല

  1. വാണിജ്യ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി വാണിജ്യമിഷന്‍ രൂപീകരിച്ചു. 2021 മുതല്‍ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 2025 നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയത്തിന് രൂപം നല്‍കും.

  2. നാട്ടിന്‍പുറങ്ങളിലേയും നഗരങ്ങളിലേയും കമ്പോളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും നാടന്‍ ചന്തയെ/ബസാറിനെ ഷോപ്പിംഗ് മാളുകള്‍ക്കു ബദലായി ഉയര്‍ത്തുകയും ചെയ്യും. ഷോപ്പിംഗ് മാളിലെന്ന പോലെ തന്നെ നിയന്ത്രിത ഗുണനിലവാരവും വിലയും ആസ്വാദ്യകരമായ അന്തരീക്ഷവും ഓരോ കമ്പോളത്തിലും ഉണ്ടാകണം. ഇത്തരം നവീകരണത്തിന് സര്‍ക്കാരിന്റെ സഹായം നല്‍കും. കോഴിക്കോട് മിഠായിത്തെരുവിലും തിരുവനന്തപുരത്ത് ചാലക്കമ്പോളത്തിലും നടത്തിയ ഇടപെടലുകള്‍ അവലോകനം ചെയ്ത് കൂടുതല്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കും.

  3. റോഡ് വീതികൂട്ടുന്ന പ്രോജക്ടുകള്‍ അവരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഈ മേഖലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ആസൂത്രിത മേഖലാതല വിപണികള്‍ സൃഷ്ടിക്കും. അത്തരം വിപണികളില്‍ പാര്‍ക്കിംഗ് ലോട്ടുകളും കൊമേര്‍ഷ്യല്‍ ഇടങ്ങളും, ചില്ലറ വില്‍പ്പന ഇടങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കും.

  4. വ്യാപാരിക്ഷേമ നിധി ഇപ്പോള്‍ സജീവമാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  5. കെ.എസ്.എഫ്.ഇ യുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്ക് മ്യൂച്വല്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ചിട്ടികള്‍ ആരംഭിക്കുന്നതാണ്. വായ്പകളും ലഭ്യമാക്കും.

  6. കേരള ബാങ്കിലൂടെ ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.

  7. കേരള സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി ജി.എസ്.ടി യുടെ ഘടന ചെറുകിട വ്യാപാരികള്‍ക്ക് കൂടുതല്‍ അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 40 ലക്ഷത്തിനു താഴെ വിറ്റു വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. ഒന്നരക്കോടി രൂപ വരെ അനുമാന നികുതി കൊടുത്താല്‍ മതി. അഞ്ചുകോടി രൂപ വരെ വിറ്റു വരുമാനമുള്ളവര്‍ ത്രൈമാസ റിട്ടേണുകള്‍ നല്‍കിയാല്‍ മതി. ജി.എസ്.ടി സംബന്ധിച്ച് ഇനിയുമുള്ള പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.

  8. വാറ്റ് ആംനസ്റ്റി കൂടുതല്‍ ഉദാരമാക്കും. 2021 ഓടെ വാറ്റിന്റെ ബാക്കി നില്‍ക്കുന്ന കുടിശികകള്‍ കൂടി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

  9. കൃത്യമായി നികുതി അടയ്ക്കുകയും നികുതി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ലൈന്‍സുള്ള വ്യാപാരികള്‍ക്ക് പ്രിവില്ലേജ് കാര്‍ഡ് നല്‍കും.

സംസ്ഥാന ഭാഗ്യക്കുറി

  1. ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ ജി.എസ്.ടി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേയ്ക്ക് കടന്നുവരാന്‍ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കും. ഭാഗ്യക്കുറി തൊഴിലാളികളെയും ജനങ്ങളെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും.

  2. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

  3. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. അത് ഇപ്പോള്‍ 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുകയും കമ്മീഷന്‍ ഉയര്‍ത്തുകയും ചെയ്യും.

  4. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കുന്നതിനായി ലൈഫ് ബംബര്‍ ഭാഗ്യക്കുറി നടത്തും. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

  5. ഏജന്റ് മരണപ്പെടുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റുകള്‍ സംരക്ഷിച്ചു നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതികള്‍ കൊണ്ടുവരും.