കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്തലാക്കുവാനുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പാഴ്സൽ ഹബ്ബിന് L1 പദവി ഇല്ലാതാകുന്നതോടെ കൊച്ചിയിലെയോ മധുരയിലെയോ L1 പദവിയിലുള്ള പാഴ്സൽ ഹബ്ബിന് കീഴിൽ കൊണ്ടുവരാനും കോഴിക്കോടിനെ കോയമ്പത്തൂരിലെ L1 ഹബ്ബിന് കീഴിൽ കൊണ്ടുവരാനുമാണ് നിർദ്ദേശം. കണ്ണൂരിൽ ഒരു L2 പാഴ്സൽ ഹബ്ബ് തുടങ്ങണമെന്നുള്ള സംസ്ഥാന പോസ്റ്റൽ സർക്കിളിൽ നിന്നുള്ള ശുപാർശയും കേന്ദ്ര തപാൽ വകുപ്പ് തള്ളിക്കളഞ്ഞിരിക്കുകയാണ്.
കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന ഈ നിലപാട്. ഈ തീരുമാനം നടപ്പിലാക്കുന്നതോടു കൂടി തലസ്ഥാനത്ത് L1 പാഴ്സൽ ഹബ്ബ് ഇല്ലാത്ത ഒരേ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളം ആയിരിക്കും.
കേന്ദ്ര തപാൽ വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവിനെതിരെ കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. പ്രസ്തുത ഉത്തരവ് അടിയന്തരമായി പുനഃപരിശോധിച്ച് തിരുവനന്തപുരത്തും കോഴിക്കോടുമുള്ള പാഴ്സൽ ഹബ്ബുകളുടെ L1 പദവിയും L2 പദവിയിലുള്ള തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ പാഴ്സൽ ഹബ്ബുകൾ നിലനിർത്തുന്നതിനും കണ്ണൂരിൽ ഒരു പുതിയ L2 പാഴ്സൽ ഹബ്ബ് തുടങ്ങുന്നതിനും വേണ്ട നിർദ്ദേശം എത്രയും വേഗം തപാൽ വകുപ്പിന് നൽകണമെന്ന് കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
