Skip to main content

കേന്ദ്ര ഫണ്ട് ഔദാര്യമല്ല, നികുതിപ്പണത്തിൽ നിന്നുള്ള അവകാശം

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പൂർണമായും അംഗീകരിച്ചുവെന്നത് തെറ്റാണ്. 2022 ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻഇപി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2023 വരെ ആ ഫണ്ട് വാങ്ങുമ്പോഴും കേരളം നമ്മുടെ സംസ്ഥാന താല്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കിയത്. അതേ നയം മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂ.

പി എം ഉഷ പദ്ധതിയിൽ ഒപ്പിട്ടതും എൻഇപി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പാക്കുന്നത്. കേന്ദ്രനയം 30 ശതമാനം പോലും നടപ്പിലാക്കിയിട്ടില്ല. എൻഇപി 2020ൽ പറയുന്ന പല കാര്യങ്ങളും (ഉദാഹരണത്തിന്: പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക ശാക്തീകരണം, നൂറ് ശതമാനം എൻറോൾമെന്റ്, ത്രിഭാഷാ പദ്ധതി) കേരളം പതിറ്റാണ്ടുകൾക്ക് മുൻപേ നടപ്പിലാക്കിയതാണ്.

കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17ലെ സെക്ഷൻ നാലിൽ 32ൽ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എൻഇപി വന്നതിന് ശേഷം ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് കേരളം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്. എൻസിഇആർടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.

സ്‌കൂൾ കോംപ്ലക്‌സുകളുടെ പേരിൽ ചെറിയ സ്‌കൂളുകൾ അടച്ചുപൂട്ടുമെന്ന ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ ഏറ്റെടുത്ത് സംരക്ഷിക്കുകയും, അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഒൻപത് വർഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത സർക്കാരാണിത്.

ഫെഡറൽ തത്വങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ഡൽഹിയിൽ ചേർന്ന എൻസിഇആർടി ജനറൽ ബോഡി യോഗത്തിൽ, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി മാത്രമാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേത്. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രമാണ്. ആ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുക്കുകയാണ് കേരളം ചെയ്യുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളുടെ പേരിന് മുൻപിൽ പിഎം ശ്രീ എന്ന് ചേർക്കണം എന്നതാണ് വ്യവസ്ഥ. ഇപ്പോൾ തന്നെ ഉച്ചഭക്ഷണ പദ്ധതിക്ക് പിഎം പോഷൺ എന്നും ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് പിഎം ഉഷ എന്നും പറയുന്നുണ്ട്. ആകെ 82 കേന്ദ്ര പദ്ധതികളിൽ 17 എണ്ണം പിഎം എന്ന് തുടങ്ങുന്നവയാണ്. വിദ്യാഭ്യാസ വകുപ്പിൽ തന്നെ 6 എണ്ണം ഉണ്ട്. ഇതൊരു സാങ്കേതികത്വം മാത്രമാണ്. അതിന്റെ പേരിൽ നമ്മുടെ 40 ലക്ഷം കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് കുറ്റകരമായ നിസംഗതയാവും.

കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനമാണ് ഇത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വർഷം കേരളത്തിന് നഷ്ടമായത് 188.58 കോടി രൂപയാണ്. 2024-25 വർഷത്തെ കുടിശിക 513.14 കോടി രൂപയാണ്. 2025-26 വർഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന 456.1 കോടി രൂപയും തടഞ്ഞുവെച്ചു. ആകെ 1158 കോടി രൂപയുടെ ഫണ്ടാണ് കേരളത്തിന് ഇതിനോടകം നഷ്ടമായത്.

പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ, സമഗ്രശിക്ഷയുടെ കുടിശികയും രണ്ടു വർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1486.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. നിലവിൽ കേന്ദ്രം സമഗ്ര ശിക്ഷയ്ക്ക് നൽകാമെന്ന് ധരണയായിട്ടുള്ളത് 971 കോടി രൂപയാണ്.

പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തോളം വരുന്ന പാർശ്വവൽക്കൃത വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഈ ഫണ്ട് തടഞ്ഞുവെക്കുന്നതിലൂടെ നേരിട്ട് ബാധിക്കുന്നത്. 5.61 ലക്ഷം പട്ടികജാതി/പട്ടികവർ​ഗ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, 1.08 ലക്ഷം ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക പിന്തുണ, തെറാപ്പി സൗകര്യങ്ങൾ, സഹായ ഉപകരണങ്ങൾ എന്നിവയേയും ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകം, പെൺകുട്ടികൾക്കുള്ള അലവൻസുകൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പരീക്ഷാ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളെയാണ് ഈ ഫണ്ടിന്റെ അഭാവം തകർക്കുന്നത്.

കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാൻ കേരളം തയ്യാറല്ല. ഈ ഫണ്ട് ഏതെങ്കിലും പാർടിയുടെ ഔദാര്യമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള, നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണ്. ആ അവകാശം നേടിയെടുക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വം. ആർഎസ്എസ് അജണ്ടകൾ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകുന്നു.
 

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും.

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട്

സ. പിണറായി വിജയൻ

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന് കരുത്തു പകരുന്നത്.