മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു. സമരസംഘടനാ പ്രവർത്തനങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ ബാബു എം പാലിശ്ശേരി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ നയിച്ചു. പാർടി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ തൃശൂരിലെ പാർടിയെ മുന്നിൽ നിന്ന് നയിച്ചു. പാർടിയുടെ വളർച്ചയ്ക്കായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച ജനകീയനായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബു എം പാലിശ്ശേരി നിയമസഭയിൽ ജനകീയ വിഷയങ്ങൾ എത്തിക്കുന്നതിൽ എന്നും ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിച്ച് അവിടെയെല്ലാം തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി.
ബാബു എം പാലിശ്ശേരിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.
