സഖാവ് യു കെ കുഞ്ഞിരാമൻ അന്ത്യവിശ്രമംകൊള്ളുന്ന രക്തസാക്ഷി സ്മൃതി കുടീരത്തിനുനേരെ ആർഎസ്‌എസ് അക്രമം. നീർവേലി ആയിത്തര റോഡരികിലെ രക്തസാക്ഷിസ്തൂപമാണ് ആയുധങ്ങൾ ഉപയോഗിച്ച് ഇടിച്ചുതകർക്കുകയും കരി ഓയിലൊഴിച്ച് വികൃതമാക്കുകയും ചെയ്‌തത്. സമീപത്തുള്ള കൊടിമരവും നശിപ്പിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശമാണ് നീർവേലി. സംഭവത്തെ തുടർന്ന് സിപിഐ എം മെരുവമ്പായി ലോക്കൽ കമ്മിറ്റി കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.
തലശേരി വർഗീയകലാപ കാലത്ത് പള്ളിക്ക് സംരക്ഷണം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത വിരോധത്തിലാണ് ആർഎസ്‌എസ്സുകാർ സ. യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിയാകുമ്പോൾ അവിഭക്ത മങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. 1971ല്‍ തലശേരിയിലും പരിസരപ്രദേശങ്ങളിലും ആർഎസ്‌എസുകാർ വര്‍ഗീയകലാപം പടർത്തിയപ്പോൾ മുസ്ലീം ന്യൂനപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ രൂപീകരിച്ച സ്‌ക്വാഡിന്റെ നേതൃത്വവുമായിരുന്നു സ. യു കെ കുഞ്ഞിരാമൻ. കലാപം അമര്‍ച്ച ചെയ്യുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിനിടയിലാണ് ആര്‍എസ്എസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 1972 ജനുവരി നാലിന് രക്തസാക്ഷിത്വം വരിച്ചു.
