കേരളത്തിന്റെ സാമൂഹിക പരിണാമത്തിനുനേരെ പിടിച്ച കണ്ണാടിയാണ് ഉന്നതി പദ്ധതി. ഒരുകാലത്ത് വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇന്ന് വിദേശപഠനത്തിന് പോവുകയാണ്. ഈ മാറ്റം പെട്ടെന്നുണ്ടായതോ ആരെങ്കിലും തങ്കത്തളികയിൽ നൽകിയതോ അല്ല. നവോത്ഥാന-പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ പോരാട്ടങ്ങളുടെയും പുരോഗമന സർക്കാരുകളുടെ ഭാവനാപൂർണമായ ഇടപെടലുകളുടെയും ഫലമാണ്.
ബിരുദ, ബിരുദാനന്തര പഠനത്തിന് 25 ലക്ഷം രൂപവരെയാണ് ഉന്നതി സ്കോളർഷിപ്. വരുമാനപരിധി ബാധകമല്ലാതെ 50 പട്ടികവർഗ വിദ്യാർഥികൾക്കും നിശ്ചിത വരുമാനപരിധിയിലെ 225 പട്ടികജാതി വിദ്യാർഥികൾക്കും 35 പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുമാണ് നൽകുന്നത്. സംസ്ഥാനത്ത് ഒരുവർഷം 310 വിദ്യാർഥികൾക്ക് ലഭിക്കുന്നു. അതേസമയം, കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ രാജ്യത്ത് 125 വിദ്യാർഥികൾക്ക് മാത്രമാണ് വിദേശ സ്കോളർഷിപ് ലഭിക്കുന്നത്.
