വിട സഖാവ് വി എസ്!
ജൂലൈ 21 ഉച്ചകഴിഞ്ഞ് 3.20 മണിക്ക്, നമ്മുടെ രാജ്യത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളിൽ ഒരാളായ സഖാവ് വി എസ് അച്യുതാനന്ദൻ അന്ത്യശ്വാസം വലിച്ചു. അദ്ദേഹത്തിന് 101 വയസ്സായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ 1939 മുതലുള്ള 86 വർഷത്തെ ചരിത്രത്തിൽ 85 വർഷവും സഖാവ് വിഎസ് പാർടിയിൽ പ്രവർത്തിച്ചു. കാലദൈർഘ്യം കൊണ്ടുമാത്രമല്ല, കരുത്തുറ്റ സംഭാവനകൾ കൊണ്ടും വിഎസിന്റെ പാർടി ജീവിതം സമ്പന്നമായിരുന്നു. ഒരു മനുഷ്യായുസ്സിന് ആവുന്ന സംഭാവനകൾ നല്കിക്കഴിഞ്ഞിട്ടാണെങ്കിലും, തൊഴിലാളിവർഗത്തിനും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, അളക്കാനാവാത്ത നഷ്ടമാണ് ഈ വിടപറച്ചിൽ ഉണ്ടാക്കുന്നത്.
കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചിരുന്ന ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച സഖാവ് വിഎസ് ജാതിവിവേചനത്തിൻറെ തീക്ഷ്ണതയും കുട്ടിക്കാലത്തേ അനുഭവിച്ചു. ഏഴാം ക്ലാസിൽ പഠിത്തം നിറുത്തി തൊഴിലാളിയാവേണ്ടി വന്ന വിഎസിനെ അക്ഷരാർത്ഥത്തിൽ കാച്ചിക്കുറുക്കിയ വിപ്ലവകാരിയാക്കിയത് കുട്ടിക്കാലം മുതലേ അനുഭവിച്ച കഷ്ടപ്പാടുകളും വിവേചനങ്ങളുമാണ്. കുട്ടിക്കാലത്തുതന്നെ വസൂരി പിടിപെട്ട് പ്രിയപ്പെട്ട അമ്മ മരിക്കുന്നതിനു സാക്ഷിയാവേണ്ടി വന്ന വി എസ് അന്നു തന്നെ ഈശ്വരവിശ്വാസം ഉപേക്ഷിച്ചു. അന്നു മുതൽ ഇന്ന് ഉച്ചയ്ക്ക് അന്ത്യശ്വാസം വലിക്കുംവരെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു സഖാവ് വി എസ്. പുസ്തകങ്ങളിൽ നിന്നായിരുന്നില്ല, സ്വന്തം ജീവിതത്തിൽ നിന്നും ചുറ്റും കണ്ട തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ നിന്നുമാണ് സഖാവ് വിഎസ് തൻറെ രാഷ്ട്രീയചിന്ത രൂപപ്പെടുത്തിയത്.
1940-ൽ 17-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന സഖാവ് വി.എസ്, അന്ന് ആലപ്പുഴയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ആസ്പിൻവാൾ കമ്പനിയിൽ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടകനായ സഖാവ് പി. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം, ഭൂവുടമകളുടെ ക്രൂരമായ ചൂഷണത്തിന് വിധേയരായ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. കർഷകത്തൊഴിലാളികളെ അടിമസമാനരായാണ് ജന്മിമാർ അന്നു കണ്ടിരുന്നത്. കൊടിയ മർദ്ദനം നേരിട്ടാണ് വിഎസിനെപ്പോലുള്ളവർ ഈ പട്ടിണിയിലും നിരക്ഷരതയിലുമായിരുന്ന തൊഴിലാളികളെ സംഘടിപ്പിച്ചത്. തിരുവിതാംകൂർ ദിവാനെതിരെ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനിടെ, വി.എസിന് ഒളിവിൽ പോകേണ്ടിവന്നു. അറസ്റ്റിലായ ശേഷം, കഠിനമായ കസ്റ്റഡി പീഡനങ്ങൾക്ക് വിധേയനായി.
1956-ൽ ഐക്യ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കും 1958-ൽ അതിന്റെ ദേശീയ കൗൺസിലിലേക്കും വി.എസ്. തിരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിക്കുന്നതിനായി ദേശീയ കൗൺസിലിൽ നിന്ന് പുറത്തുപോയ 32 അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ആ 32 പേരിൽ ആരും ഇനി ജീവിച്ചിരിപ്പില്ല. 1980 മുതൽ 1991 വരെ സിപിഐ (എം) ന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1964-ൽ പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1985-ൽ പോളിറ്റ് ബ്യൂറോ അംഗമായി. പ്രായം കാരണം പ്രത്യേക ക്ഷണിതാവായിരുന്ന അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് 2022-ൽ ഒഴിവാക്കി. കേരള സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുകയായിരുന്നു.
ഏഴ് തവണ കേരള നിയമസഭയിലേക്ക് വിഎസ്. തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു, 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഒപ്പം വിദ്യാഭ്യാസ – സാംസ്കാരിക മന്ത്രിയായി പ്രവർത്തിക്കാനുള്ള അവസരം എനിക്കുണ്ടായി.
ജനങ്ങളോട്, ജനങ്ങളുടെ ഭാഷയിൽ ധീരതയോടെ നേരിട്ടു സംവദിക്കുന്ന സഖാവ് വിഎസിൻറെ പ്രസംഗശൈലിയും ഓരോ പ്രവർത്തകരോടും ബന്ധം പുലർത്തുന്ന പ്രവർത്തനശൈലിയും ഓരോ പുതിയ കാര്യവും പഠിച്ച് സ്വയം നവീകരിക്കാനുള്ള അവസാനിക്കാത്ത ത്വരയും ആണ് സഖാവ് വിഎസിനെ ഉന്നത കമ്യൂണിസ്റ്റ് നേതാവാക്കിയത്. അഴിമതിയോടും സമൂഹത്തിലെ മറ്റു ജീർണതകളോടും വിട്ടുവീഴ്ചയില്ലാത്ത യുദ്ധമായിരുന്നു സഖാവ് വി എസിൻറെ മറ്റൊരു പ്രത്യേകത. ആധുനികസമൂഹത്തിൽ ഉയർന്നു വന്ന പാരിസ്ഥിതിക പ്രശ്നങ്ങളോടും സ്ത്രീകളുടെ അവകാശങ്ങളോടും സഖാവ് വി എസ് വളരെ വേഗം താദാത്മ്യപ്പെടുകയും തൊഴിലാളി പ്രശ്നങ്ങളോടെന്നവണ്ണമുള്ള വാശിയോടെ അവയോടു ചേർന്നു നില്ക്കുകയും ചെയ്തു.
ഈ സ്വയം നവീകരണവും തൊഴിലാളി രാഷ്ട്രീയത്തിൻറെ മൂല്യങ്ങളോടുള്ള വിട്ടുവീഴ്ചയില്ലായ്മയുമാണ് സഖാവ് വി എസിനെ കേരളത്തിലെ ജനങ്ങളുടെ അനിഷേധ്യനേതാവാക്കിയത്.
വിട, സഖാവ് വി എസ്. അങ്ങ് കാണിച്ച വഴി ഞങ്ങൾക്കെന്നും മാർഗമായിരിക്കും.
