Skip to main content

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ്റെ ജന്മവാർഷിക ദിനം

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ്റെ 135ആം ജന്മവാർഷിക ദിനമാണിന്ന്. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഫ്രാൻസിനെതിരെയും ജപ്പാനെതിരെയും പിന്നെ അമേരിക്കക്കെതിരെയും പോരാടി വിയറ്റ്നാമിനെ സ്വതന്ത്ര രാജ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് ഹോചിമിൻ. സഖാവിൻ്റെ മാര്‍ഗദര്‍ശിത്വത്തില്‍ 1930ലാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. പരസ്പരം തര്‍ക്കങ്ങളിലായിരുന്ന വിവിധ കമ്യൂണിസ്റ്റ് സംഘങ്ങളെ ഹോചിമിന്‍ ഒരു കൊടിക്കീഴില്‍ ഏകോപിപ്പിക്കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് വടക്കന്‍ വിയറ്റ്നാമിനെ കൊളോണിയല്‍ ഭരണത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.
പാര്‍ടി രൂപീകരണത്തിന് തൊട്ടുപിന്നാലെ വിയത്നാമില്‍ ഉശിരന്‍ പോരാട്ടങ്ങള്‍ ഉയര്‍ന്നു. 1930ൽ തന്നെ വിയറ്റ്നാമിലെ 116 ഗ്രാമങ്ങള്‍ മോചിപ്പിച്ച് വിപ്ളവകാരികള്‍ റഷ്യന്‍മാതൃകയില്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. ഒരുവര്‍ഷത്തോളമേ ഇവയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലം അവ കൊളോണിയല്‍ ഇന്‍ഡോചൈനയില്‍ സ്വാതന്ത്യ്രത്തിന്റെ ചെറിയ തുരുത്തുകളായി വര്‍ത്തിച്ചു. വിപ്ളവകരമായ പല ജനകീയപരിപാടിയും നടപ്പാക്കി. ഒരുനൂറ്റാണ്ടോളം ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന ഇന്‍ഡോചൈന 1940ല്‍ ജപ്പാന്‍ അധീനതയിലായതോടെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ഹോചിമിൻ തന്നെ പോരാട്ടം നയിച്ചു. രണ്ടാംലോക യുദ്ധത്തില്‍ ജപ്പാന്റെ പതനത്തെതുടര്‍ന്ന് 1945ൽ ഹോചിമിന്‍ വിയറ്റ്നാം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ജപ്പാനില്‍നിന്ന് തെക്കന്‍ വിയത്നാം പിടിച്ച ബ്രിട്ടന്‍ ഇത് ഫ്രാന്‍സിന് വിട്ടുകൊടുത്തിരുന്നു. വിയറ്റ്നാം ഏകീകരണമെന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് അവിടെ ഫ്രഞ്ച് വാഴ്ചയ്ക്കെതിരെ പോരാട്ടത്തിന് ഹോചിമിന്‍ ആഹ്വാനംചെയ്തു. പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് സേന പരാജയം സമ്മതിക്കുന്നതോടെയാണ് അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. നേരത്തെതന്നെ ഫ്രഞ്ച് സൈന്യത്തിന് പടക്കോപ്പുകള്‍ എത്തിച്ചുവന്ന അമേരിക്ക രണ്ടുപതിറ്റാണ്ടോളം വിയറ്റ്നാമിൽ പൊരുതിയെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. പക്ഷേ ഈ ഏകീകരണം കാണുന്നതിന് ഹോചിമിൻ ജീവിച്ചിരുന്നില്ല എന്നത് ഇന്നും ദുഃഖമായി നിലനിൽക്കുന്നു. മൂന്ന് പ്രബല ശക്തികളെയാണ് വിയറ്റ്നാം ചെറുത്ത് തോൽപ്പിച്ചത്. ഹോചിമിൻ്റെ പ്രത്യയശാസ്ത്ര ബോധവും, ആ പ്രത്യയശാസ്ത്രം വിയറ്റ്നാമിന് ചേർന്ന വിധത്തിൽ പ്രാവർത്തികമാക്കാനുള്ള കഴിവും ഇന്നത്തെ വിയറ്റ്നാമിൻ്റെ അടിത്തറയിട്ടു. ഇപ്പോൾ മറ്റേതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന വിധത്തിൽ വളർച്ചാനിരക്ക് കാണിച്ചുകൊണ്ട് മുന്നേറുകയാണ് വിയറ്റ്നാം. 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.