Skip to main content

കേരളത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്‌ പ്രതിപക്ഷ നേതാവ്‌ കൂട്ടുനിൽക്കുന്നു

കേരളത്തിന്റെ സാമ്പത്തികാവശ്യങ്ങൾക്ക്‌ വേണ്ടി ഒന്നിച്ചുനിൽക്കാതെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്‌ കൂട്ടുനിൽക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌ ചെയ്യുന്നത്.

അവിതർക്കിതമായി 13,608 കോടി രൂപ കേരളത്തിന്‌ വായ്‌പ അനുവദിക്കാനുണ്ടെന്ന്‌ കേന്ദ്രസർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ചതാണ്‌. ഇത്‌ നൽകാൻ കേരളം നൽകിയ കേസ്‌ പിൻവലിക്കണമെന്നാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്‌. ഇതിനെതിരെ ഒരക്ഷരം ഉരിയാടാത്ത പ്രതിപക്ഷം കേരളത്തിനൊപ്പമല്ല എന്ന്‌ വ്യക്തമാണ്‌. കിഫ്‌ബി വഴി വായ്‌പയെടുത്തത്‌ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമായെന്നാണ്‌ പ്രതിപക്ഷനേതാവിന്റെ മുഖ്യവാദം. കിഫ്‌ബി വഴി വാങ്ങുന്ന വായ്‌പയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ ബാധ്യത എന്താണ്‌? പ്രതിപക്ഷനേതാവടക്കം അംഗീകരിച്ച കിഫ്‌ബി നിയമപ്രകാരം മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും കിഫ്‌ബിക്ക്‌ വർഷംതോറും നൽകണം. ഇതെങ്ങനെ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ ആറുവർഷം ഇല്ലാതിരുന്ന പ്രതിസന്ധി എങ്ങനെ പൊടുന്നനെ ഏഴാംവർഷം ഉണ്ടായി?

പ്രതിസന്ധി ഉണ്ടായെങ്കിൽ, അത്‌ പ്രതിപക്ഷത്തിന്റെ ഒത്താശയോടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മൂലമാണ്‌. കിഫ്‌ബിയുടെ വായ്‌പ സംസ്ഥാന സർക്കാരിന്റെ വായ്‌പയായി കണക്കാക്കി കേരളത്തിന്റെ സാധാരണ വായ്‌പ വെട്ടിക്കുറിച്ചു. ഇതുവരെ ഇത്തരം ബജറ്റ്‌ഇതര കടംവാങ്ങൽ സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ വായ്‌പയായി കണക്കാക്കിയിട്ടില്ല. കേന്ദ്രം എടുക്കുന്ന ബജറ്റ്‌ഇതര വായ്‌പകൾ ഇന്നും കേന്ദ്രത്തിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാത്തിലുമുപരി പുതിയ ചട്ടം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്‌. പുതിയ വായ്‌പകളല്ല, കിഫ്‌ബി ഉണ്ടായ നാൾമുതലുള്ള വായ്‌പകളും കിഫ്‌ബി പുനസംഘടിപ്പിച്ച ശേഷമുള്ള വായ്‌പകളുമടക്കം നമ്മുടെ സാധാരണ കടത്തിൽനിന്ന്‌ വെട്ടിക്കുറച്ചു. ഇതാണ്‌ ധനപ്രതിസന്ധിക്ക്‌ കാരണം. ഇത്‌ സുപ്രിം കോടതി ശരിവെച്ചിട്ടില്ല, മറിച്ച്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടിരിക്കുകയാണ്‌. കേസ്‌ നടക്കാൻ പോകുന്നതേയുള്ളൂ. ഇതിൽ മുൻകൂറായി കേന്ദ്രസർക്കാരിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌ പ്രതിപക്ഷം.

കിഫ്‌ബി വേണ്ടെങ്കിൽ കിഫ്‌ബി വഴി ഏറ്റെടുത്ത 80,000 കോടിയോളം രൂപയുടെ പദ്ധതികൾക്ക്‌ ബദൽ നിർദേശിക്കാനുണ്ടോ കോൺഗ്രസിന്‌? അത്ര വേഗമൊന്നും കേരളം വികസിക്കണ്ടെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. ഈ വികസനവിരുദ്ധർ തെരഞ്ഞെടുപ്പിൽ പാഠം പഠിക്കേണ്ടത്‌ കേരളത്തിന്റെ വികസനത്തിനാവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.