Skip to main content

പ്രളയകാലത്ത് ദുരിതാശ്വാസമായി ലഭ്യമാക്കി എന്നവകാശപ്പെടുന്ന അരിക്കുപോലും പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രത്തിനുള്ളത്

സാമൂഹ്യ ക്ഷേമ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെ പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലായ കെ റൈസിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്‌. കാർഡൊന്നിന് സബ്സിഡി നിരക്കിൽ നൽകിവന്ന 10 കിലോ അരിയിൽ അഞ്ച്‌ കിലോയാണ് ശബരി കെ -റൈസ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്. ബ്രാൻഡ് ചെയ്യാത്ത ബാക്കി അഞ്ച്‌ കിലോ സബ്സിഡി നിരക്കിൽ സപ്ലൈകോ മുഖേന ലഭിക്കും. വിപണി ഇടപെടലുകളിലൂടെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളുടെ തുടർച്ചയാണിത്. ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിൽ ബ്രാൻഡിങ്‌ വലിയ പങ്കുവഹിക്കുന്നു. പല ബ്രാൻഡുകളോടും മത്സരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോ. സപ്ലൈകോയ്ക്ക് വിപണിസാന്നിധ്യം വർധിപ്പിക്കാൻകൂടിയാണ് ശബരി കെ -റൈസ് എന്ന പ്രത്യേക ബ്രാൻഡിൽ അരി ലഭ്യമാക്കുന്നത്.

കിലോയ്ക്ക് 40 രൂപയോളം ചെലവഴിച്ചാണ് സർക്കാർ കെ- റൈസിനായി മട്ട, ജയ, കുറുവ അരി വാങ്ങുന്നത്. എന്നാൽ, അവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതാകട്ടെ 29 മുതൽ 30 വരെ നിരക്കിലാണ്. അതായത്, ഓരോ കിലോയ്ക്കും 10 മുതൽ 11 രൂപ വരെ സബ്സിഡി. രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനായി ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങളിലേക്കും നാണ്യവിളകളിലേക്കും തിരിയേണ്ടിവന്ന സംസ്ഥാനമാണ് കേരളം. അവയുടെ കയറ്റുമതിയിലൂടെ രാജ്യത്തിന്‌ നേടിക്കൊടുക്കുന്ന വിദേശ കറൻസി കണക്കിലെടുത്ത്, സംസ്ഥാനത്തിന്‌ നഷ്ടപ്പെടുത്തേണ്ടിവരുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് കേന്ദ്രം നികത്താമെന്ന വാഗ്ദാനം നൽകിയാണ് ഇതിലേക്കു തിരിച്ചുവിട്ടത്. എന്നാൽ, ആ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. പോരാത്തതിന് നമുക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ ഭക്ഷ്യധാന്യവിഹിതംപോലും വെട്ടിക്കുറയ്ക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുമ്പ്‌ കേരളത്തിന് 16.25 ലക്ഷം മെട്രിക് ടൺ ധാന്യം ലഭിച്ചിരുന്നു. എന്നാൽ, നിയമം നടപ്പാക്കിയതോടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണാക്കി കുറച്ചു. കേരളത്തിന്റെ വിഹിതമായ 14.25 ലക്ഷം മെട്രിക് ടണ്ണിൽ 10.26 ലക്ഷം മെട്രിക് ടണ്ണും 43 ശതമാനം വരുന്ന മുൻഗണനാ വിഭാഗത്തിനാണ്.

സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരിയുടെ ടൈഡ് ഓവർ വിഹിതമാകട്ടെ കേവലം 33,294 മെട്രിക് ടണ്ണാണ്. ഇത് സംസ്ഥാനത്തെ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് വിതരണം ചെയ്യാൻ പര്യാപ്തമല്ല. മാത്രവുമല്ല, 33,294 മെട്രിക് ടൺ എന്ന പ്രതിമാസ പരിധി, ഉത്സവങ്ങൾ, ദുരന്തങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ തടസ്സവുമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് എഫ്സിഐ വഴി നടത്തുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ സപ്ലൈകോ പങ്കെടുത്ത്‌ 29 രൂപയ്‌ക്ക്‌ അരി വാങ്ങി 23-, -24 രൂപ നിരക്കിൽ നൽകിയിരുന്നത്. എന്നാൽ, കേരളം നടത്തുന്ന ഫലപ്രദമായ കമ്പോള ഇടപെടലിനുപോലും തടയിടാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങൾക്കും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഒഎംഎസ് സ്കീം അനുസരിച്ച് ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്ത നിബന്ധനകളാണ് കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്‌. ഫെഡറൽ സംവിധാനത്തിൽ ചെയ്യാൻ പാടില്ലാത്തതാണിത്. ഫെഡറൽ ഘടനയ്ക്ക് നിരക്കാത്ത നിബന്ധനയുണ്ടാക്കിയിട്ടാണ് സപ്ലൈകോ 24 രൂപയ്‌ക്കും കേരളത്തിലെ റേഷൻ കടകളിൽ 10 രൂപ 90 പൈസ നിരക്കിലും നൽകിയ അതേ അരി ഭാരത് റൈസ് എന്ന പേരിൽ 29 രൂപയ്‌ക്ക്‌ കേന്ദ്രം ഇറക്കുന്നത്.

കേന്ദ്രം 18 രൂപ 59 പൈസ നിരക്കിലാണ് അരി വാങ്ങുന്നത്. അതാണ്‌ 29 രൂപയ്‌ക്ക്‌ വിൽക്കുന്നത്. അതായത്, വാങ്ങുന്ന വിലയേക്കാൾ 10.41 രൂപ വർധിപ്പിച്ചാണ് ഭാരത് അരി വിൽക്കുന്നത്. കേരള സർക്കാർ കെ റൈസ് ലഭ്യമാക്കുന്നതാകട്ടെ 11 രൂപയോളം സബ്സിഡി നൽകിയാണ്. രണ്ടു സർക്കാരുകളുടെ രണ്ട് സമീപനങ്ങളാണ് വ്യക്തമാകുന്നത്. ഒരെണ്ണം ലാഭേച്ഛയും രാഷ്ട്രീയ ലാഭവുംമാത്രം ലക്ഷ്യംവച്ച് പ്രവർത്തിക്കുമ്പോൾ മറ്റൊന്ന് പൊതുജന ക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി പ്രവർത്തിക്കുന്നു.

ഭക്ഷണം മുടക്കുന്നതിൽ കേന്ദ്രത്തിനുള്ള താൽപ്പര്യം ആദ്യമായല്ല നാം തിരിച്ചറിയുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസമായി ലഭ്യമാക്കി എന്നവകാശപ്പെടുന്ന അരിക്കുപോലും പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രത്തിനുള്ളത്. എന്നിട്ടും അരിശം തീരാത്തതുപോലെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടക്കുന്ന നിലപാടുപോലും സ്വീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവരിൽനിന്ന്‌ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് എൽഡിഎഫ്‌ സർക്കാർ നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റേഷൻകാർഡ് സേവനങ്ങൾ ഓൺലൈനായി നൽകാനുള്ള നടപടികൾ സ്വീകരിച്ചു. ഇ-–- പോസ് മെഷീൻ റേഷൻ കടകളിൽ സ്ഥാപിച്ച് കൃത്യമായ വിതരണം ഉറപ്പാക്കി.

അതിവേഗ പരാതി പരിഹാരം ഉറപ്പുവരുത്തുന്നതിനായി ജില്ലാ പരാതി പരിഹാര ഓഫീസറെ നിയമിക്കുകയും സംസ്ഥാന, ജില്ല, താലൂക്ക്, റേഷൻകട തലങ്ങളിൽ വിജിലൻസ് സമിതികൾ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഭക്ഷ്യവിഹിതം ലഭിച്ചില്ലെങ്കിൽ ഭക്ഷ്യഭദ്രതാ ബത്ത നൽകാനുള്ള സംവിധാനമുണ്ടാക്കി. 2019ൽ സംസ്ഥാന ഭക്ഷ്യ കമീഷൻ രൂപീകരിച്ചു.

കോവിഡ് ഘട്ടത്തിൽ രാജ്യത്തിനാകെ മാതൃകയായി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും റേഷൻ കടകളിലൂടെ സൗജന്യ കിറ്റുകൾ വിതരണം ചെയ്തു. ജനകീയ ഹോട്ടലുകളെയും സമൂഹ അടുക്കളയെയുംപോലെതന്നെ ഒരാൾപോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സഹായിച്ച മറ്റൊരു ഘടകമായിരുന്നു അത്. 2021ലെ എൽഡിഎഫ്‌ സർക്കാർ വന്ന ശേഷം ഭക്ഷ്യ പൊതുവിതരണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായി. അനർഹർ കൈവശം വച്ച മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് ഏറ്റവും അർഹരായവർക്ക് എഎവൈ കാർഡുകൾ വിതരണം ചെയ്തു. മാവേലി സ്റ്റോറുകൾ നവീകരിച്ച് സൂപ്പർമാർക്കറ്റുകളാക്കി. ഇപ്പോൾ റേഷൻ കടകളെ കെ- സ്റ്റോറുകളാക്കി.

ആദിവാസി ഊരുകളിലും ലേബർ സെറ്റിൽമെന്റുകളിലും മൊബൈൽ റേഷൻ ഷോപ്പുകൾ വഴി ഭക്ഷ്യധാന്യമെത്തിച്ചു. അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, വൃദ്ധസദനങ്ങൾ, ആശ്രമങ്ങൾ ഇവയിലെ അന്തേവാസികൾക്ക് അഞ്ചാമതൊരു റേഷൻ കാർഡ് ഏർപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ, തെരുവിൽ കഴിയുന്നവർ, രേഖകൾ ലഭിക്കാതെ വാടകവീടുകളിൽ കഴിയുന്നവർ എന്നിവർക്കും നൽകി. കാർഡുടമയുടെ എല്ലാ വിവരങ്ങളും ഡിജിറ്റലായ ഇ-–- റേഷൻ കാർഡുകളാണ് ഇപ്പോൾ.

സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ പ്രതിവർഷം 336 കോടി രൂപയും റേഷൻ വ്യാപാരി കമീഷൻ ഇനത്തിൽ പ്രതിവർഷം 324 കോടിയും ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി പ്രതിവർഷം 254 കോടിയും ചെലവഴിക്കുന്നത് സംസ്ഥാനമാണ്. റേഷൻ വിതരണത്തിനായി സർക്കാർ ഒരു വർഷം 914 കോടിയാണ് ചെലവഴിക്കുന്നത്. ഇതിൽ കേവലം 86 കോടി മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. എന്നിട്ടാണ് റേഷൻ വിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അവർ ശ്രമിക്കുന്നത്.

റേഷന്റെ കാര്യത്തിൽ മാത്രമല്ല, ലൈഫ്മിഷൻ, പെൻഷൻ വിതരണം, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെല്ലാം നാമമാത്രമായ സഹായം നൽകിയിട്ട് പദ്ധതിയാകെ തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിൽ കേന്ദ്രത്തിന്റെ ലോഗോ പതിപ്പിക്കണമെന്നും സെൽഫി പോയിന്റ്‌ സ്ഥാപിക്കണമെന്നും ഒക്കെ ആവശ്യപ്പെടുന്നത്.ഭക്ഷണം, ആരോഗ്യം, പാർപ്പിടം എന്നിവ ജനങ്ങളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. അവ ഉറപ്പുവരുത്തുക എന്നതാകട്ടെ ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ, അവയുടെ പേരിൽ ജനങ്ങളുടെ മാനത്തിന്‌ വിലകൽപ്പിക്കുന്നതോ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകൾ നടത്തുന്നതോ അനുവദിക്കാനാകില്ല.

അർഹതപ്പെട്ട നികുതിവിഹിതം ലഭ്യമാക്കാതെയും ഭരണഘടനാവിരുദ്ധമായി വായ്പാപരിധി നിയന്ത്രിച്ചും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ചും പദ്ധതികളിലെ കേന്ദ്രവിഹിതം തടഞ്ഞുമെല്ലാം കേന്ദ്രം കേരളത്തെ ഞെരുക്കുന്നു. അങ്ങനെ സംസ്ഥാന സർക്കാരിനെ തളർത്താമെന്നും കേരളത്തിലെ ജനങ്ങളെ സർക്കാരിനെതിരാക്കാമെന്നും ധരിക്കുന്ന ചിലരുണ്ട്. എന്നാൽ, ഒറ്റ ക്ഷേമ-വികസന പദ്ധതിയിൽനിന്നുപോലും സർക്കാർ പിന്നോട്ടു പോകില്ലെന്ന്‌ ഉറപ്പുനൽകുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.