Skip to main content

അടിയന്തരാവസ്ഥയെന്ന ജനാധിപത്യവിരുദ്ധ മഹാപരാധത്തിനു പ്രായശ്ചിത്തമായി ഇന്ത്യൻ ജനതയോട് പരസ്യമായി മാപ്പ് ചോദിക്കാനുള്ള സന്ദർഭമായി വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ കോൺഗ്രസ് കണക്കിലെടുക്കുമോ?

കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 48-ാം വാർഷികമാണ് ജൂൺ 25 അർധരാത്രി. അന്ന്‌ സംഭവിച്ചത് എന്തൊക്കെയായിരുന്നുവെന്നും എന്തുകൊണ്ടായിരുന്നുവെന്നും പരിശോധിക്കുന്നത് ഇത്തരുണത്തിൽ പ്രസക്തമാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യം സൂക്ഷ്‌മമായി പരിശോധിച്ച് നമ്മുടെ കടമകൾ തിരിച്ചറിയാനും അത് സഹായിക്കും.

1969ലെ കോൺഗ്രസ് ഭിന്നിപ്പിനുശേഷം ബാങ്ക് ദേശസാൽക്കരണം, പ്രിവി പേഴ്‌സ്‌ നിർത്തലാക്കൽ തുടങ്ങിയ നയങ്ങളുമായി ഇന്ദിര ഗാന്ധി ബഹുജന പിന്തുണ ആർജിക്കാൻ ശ്രമിച്ചു. 1971ലെ തെരഞ്ഞെടുപ്പിൽ, ദാരിദ്ര്യനിർമാർജന പരിപാടികൾ നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം (മൂന്നിൽ രണ്ടുഭാഗം സീറ്റുകൾ) ലോക്‌സഭയിൽ ലഭ്യമാക്കണമെന്ന അഭ്യർഥന അവർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഇതിന്റെ ഭാഗമായിരുന്നു. 521 അംഗങ്ങൾ ഉണ്ടായിരുന്ന അന്നത്തെ ലോക്‌സഭയിൽ ഇന്ദിരാ കോൺഗ്രസ് 352 സീറ്റോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി. 43.68 ശതമാനം വോട്ടും ലഭിച്ചു.

സ്വതന്ത്ര ബംഗ്ലാദേശ് രൂപീകരണത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ പിന്തുണയുടെയും സംഭാവനയുടെയും പശ്ചാത്തലത്തിൽ ഇന്ദിര ഗാന്ധിയുടെ പ്രശസ്‌തി ഉയർന്നു. ഇത് വ്യക്തിപ്രഭാവ വളർച്ചയ്‌ക്കും ഏകാധിപത്യ പ്രവണതകളുടെ വ്യാപനത്തിനുമാണ് വഴിവച്ചത്. സ്തുതിപാഠകർ അരങ്ങുവാണു. 1974ൽ ദേവകാന്ത ബറുവ ‘ഇന്ത്യ ഇന്ദിരയാണ്‌, ഇന്ദിര ഇന്ത്യയാണ്’ എന്ന്‌ നിർലജ്ജം പ്രഖ്യാപിച്ചു.

ഭരണഘടന ഭേദഗതി ചെയ്യാൻ വേണ്ട ഭൂരിപക്ഷം നൽകിയ ജനങ്ങൾ, വാഗ്‌ദാനങ്ങൾ പാലിക്കാൻ ഇന്ദിര ഗാന്ധി ഭരണം ശ്രദ്ധിക്കുന്നില്ലെന്ന്‌ മനസ്സിലാക്കിയപ്പോൾ സ്വാഭാവികമായും ശക്തമായി പ്രതിഷേധിക്കാൻ തുടങ്ങി. ബഹുജന പ്രതിഷേധത്തെ നിഷ്‌ഠുരമായി അടിച്ചമർത്തുന്ന അമിതാധികാര സമീപനമാണ് കേന്ദ്ര-സംസ്ഥാന കോൺഗ്രസ് സർക്കാരുകൾ പിന്തുടർന്നത്. ഇത് കൃത്യമായി നിരീക്ഷിച്ചതും ചൂണ്ടിക്കാട്ടിയതും സിപിഐ എം ആണ്. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം, ഇന്ദിര ഗാന്ധി ഭരണം അതിവേഗം അമിതാധികാര മർദകവാഴ്‌ചയായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതിനെതിരെ അതിവിശാലമായ ചെറുത്തുനിൽപ്പ് സമരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. 1972ൽ തന്നെ പശ്ചിമബംഗാളിൽ അർധ ഫാസിസ്റ്റ്‌ കടന്നാക്രമണങ്ങളും കൂട്ടക്കൊലകളും സിപിഐ എമ്മിനെതിരെ കോൺഗ്രസ് ആരംഭിച്ചിരുന്നു.

മൂന്ന് സീനിയർ ജഡ്‌ജിമാരെ മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ എൻ റേയെ ഇന്ദിര ഗാന്ധിയുടെ ഇടപെടൽമൂലം നിയമിച്ച് സ്വതന്ത്ര ജുഡീഷ്യറി എന്ന ഭരണഘടനാ സങ്കൽപ്പത്തെതന്നെ കളങ്കപ്പെടുത്താൻ അവർ മുതിർന്നതും അതിശക്തമായ പ്രതിഷേധമുണർത്തി.

കേന്ദ്ര– സംസ്ഥാന കോൺഗ്രസ് സർക്കാരുകളുടെ അഴിമതി ഭരണത്തിനെതിരായ വിദ്യാർഥി- യുവജന സമരങ്ങൾക്ക് ആഹ്വാനംചെയ്തു. സ്വാതന്ത്ര്യസമര നായകനും ഗാന്ധിയൻ സോഷ്യലിസ്റ്റുമായിരുന്ന ‘ജെ പി ’ എന്ന്‌ ആദരപൂർവം സംബോധന ചെയ്യപ്പെട്ടുപോന്ന ജയപ്രകാശ് നാരായണൻ രംഗത്തുവന്നത് വലിയ ചലനങ്ങൾ സൃഷ്‌ടിച്ചു. 1974ലെ റെയിൽവേ തൊഴിലാളി പണിമുടക്കും ഇതോടൊപ്പം എടുത്തുപറയേണ്ടതാണ്. കണ്ണിൽച്ചോരയില്ലാതെയാണ് തൊഴിലാളി–വിദ്യാർഥി-യുവജന സമരങ്ങളെ കേന്ദ്ര-സംസ്ഥാന ഭരണസംവിധാനങ്ങൾ നേരിട്ടത്. മൂന്ന് സീനിയർ ജഡ്‌ജിമാരെ മറികടന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ എൻ റേയെ ഇന്ദിര ഗാന്ധിയുടെ ഇടപെടൽമൂലം നിയമിച്ച് സ്വതന്ത്ര ജുഡീഷ്യറി എന്ന ഭരണഘടനാ സങ്കൽപ്പത്തെതന്നെ കളങ്കപ്പെടുത്താൻ അവർ മുതിർന്നതും അതിശക്തമായ പ്രതിഷേധമുണർത്തി.

1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി ചട്ടലംഘനങ്ങൾ നടത്തിയെന്ന അലഹബാദ് ഹൈക്കോടതി വിധി 1975 ജൂൺ 12ന് പുറത്തുവന്നതോടെ രാഷ്ട്രീയരംഗം ഇളകിമറിഞ്ഞു. അടുത്ത ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചുകൂടാ എന്ന വിലക്കോടെ ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കപ്പെട്ടു. വിധിയിൻമേൽ നിരുപാധിക സ്‌റ്റേ നൽകാൻ സുപ്രീംകോടതി തയ്യാറായില്ല. ജൂൺ 24നാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ആ സുപ്രധാന വിധി ഉണ്ടായത്. അഹിംസാ മാർഗത്തിൽ ഇന്ദിര വാഴ്‌ചയ്‌ക്കെതിരെ നിസ്സഹകരണ സമരം ആരംഭിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരുമുൾപ്പെടെ ജനങ്ങൾ മുന്നോട്ടുവരാൻ അടുത്ത ദിവസം ഡൽഹിയിലെ വൻറാലിയിൽ ജയപ്രകാശ് നാരായൺ ആഹ്വാനംചെയ്തു.

ക്യാബിനറ്റിൽ ചർച്ച ചെയ്യാൻപോലും നിൽക്കാതെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിനെക്കൊണ്ട്‌ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധി പത്രം ഓഫീസുകളുടെ വൈദ്യുതിബന്ധം അർധരാത്രിതന്നെ വിച്ഛേദിപ്പിച്ചു. അങ്ങനെ "അസ്വാതന്ത്ര്യവും അർധരാത്രി' പ്രാബല്യത്തിലായി. പ്രതിപക്ഷ നേതാക്കളെയും കോൺഗ്രസിലെ ‘അനുസരണയില്ലാത്ത’ ചന്ദ്രശേഖർ, കൃഷ്ണകാന്ത്, മോഹൻ ധാരിയ തുടങ്ങിയവരെയും അറസ്റ്റ് ചെയ്‌ത്‌ അടിയന്തരാവസ്ഥ വാഴ്ച ജയിലിലടച്ചു. നിർബന്ധിത വന്ധ്യംകരണം, തുർക്ക്‌മാൻ ഗേറ്റിലെ ബുൾഡോസർ ഭീകരത തുടങ്ങിയ രക്തപങ്കിലമായ എത്രയെത്ര അക്രമ മാർഗങ്ങൾ. എൻജിനിയറിങ്‌ വിദ്യാർഥി രാജന്റെ അച്ഛൻ ഈച്ചരവാരിയരുടെ ചുടുകണ്ണീർ.

രാജ്യംതന്നെ ഒരു വലിയ ജയിലായി മാറിയ ആ 21 മാസത്തെ ഇരുണ്ട അന്തരീക്ഷം അത്തരമൊരു ഔപചാരിക പ്രഖ്യാപനം കൂടാതെ ഇന്ത്യയിൽ വീണ്ടും നിലവിൽ വന്നിട്ട് നാളുകൾ ഏറെയായി. വർഗീയ–കോർപറേറ്റ്‌ കൂട്ടുകെട്ടിന്റെ പിന്തുണയിൽ അധികാരത്തിൽ വന്ന മോദിസർക്കാർ 2014, 2019 തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നുകിൽ അവഗണിച്ചു; അതല്ലെങ്കിൽ മറന്നു. ജനങ്ങളിൽ കടുത്ത നിരാശയും രോഷവും പടരുകയാണ്‌. ഇതിൽനിന്ന്‌ മോദിസർക്കാരിനെ രക്ഷപ്പെടുത്താൻ ആസൂത്രിതശ്രമം നടത്തുകയാണ്‌. ‘മോദിയാണ് ഇന്ത്യ’ എന്ന മട്ടിലുള്ള സ്‌തുതിഗീതങ്ങൾ അന്നത്തേക്കാൾ ഉച്ചത്തിൽ മുഴങ്ങുന്നു. ന്യൂനപക്ഷങ്ങളും എതിർശബ്ദങ്ങളും അടിച്ചമർത്തപ്പെടുന്നു.

ആൾക്കൂട്ടക്കൊലപാതകങ്ങൾ 2002ലെ ഗുജറാത്തിലെ വംശീയ കൂട്ടക്കൊലയുടെ രൂപത്തിലും ഒറ്റയൊറ്റ കൊലകളുടെ രൂപത്തിലും സംഭവിക്കുന്നു. ഇരകളുടെ നിലവിളി കോടതിയിൽ അവതരിപ്പിക്കാൻ മുതിർന്ന ടീസ്റ്റ സെതൽവാദിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആജ്ഞാപിക്കുന്ന തരം കോടതികൾ നരേന്ദ്ര മോദി ഭരണകാലത്തേ കാണാനാകൂ. വർഗീയതയുടെ രക്തപങ്കിലമായ അടിത്തറയിൽ ഹിന്ദുരാഷ്‌ട്ര സ്ഥാപനത്തിന് ചെങ്കോലും ആഭിചാര കർമങ്ങളുമായി നീങ്ങുന്ന ഫാസിസ്റ്റ് ആർഎസ്എസ് ഉണർത്തുന്ന ഭീഷണി അതിഭീകരാവസ്ഥയാണ് ഇന്നത്തെ ഇന്ത്യയിൽ സൃഷ്ടിക്കുന്നത്.

ഇന്ദിര ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഫലപ്രദമായി സമരമൊന്നും ചെയ്‌തില്ലെങ്കിലും; 1977ലെ തെരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയ്ക്കെതിരായ തെരഞ്ഞെടുപ്പ് മുന്നണിയിൽനിന്ന് നേട്ടങ്ങൾ സമ്പാദിച്ചവരാണ് ആർഎസ്‌എസ്‌ സൃഷ്ടിയായ ജനസംഘം. ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥ അതിക്രമങ്ങൾ ജനാധിപത്യ ധ്വംസനമായിരുന്നു എന്നതു മാത്രമല്ല ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നാം കാണുന്ന തിന്മ. ആർഎസ്എസിനും ജനസംഘത്തിനും തങ്ങൾ ജനാധിപത്യ പക്ഷത്താണെന്ന് നടിക്കാൻ ‘അടിയന്തരാവസ്ഥ’ അവസരം നൽകിയെന്നും തിരിച്ചറിയേണ്ടതുണ്ട്. സംഘടനയ്‌ക്കുള്ളിൽ ജനാധിപത്യരീതിയൊന്നും ഇല്ലാത്ത ആർഎസ്എസ് അടിമുടി ഫാസിസ്റ്റ് ആണെങ്കിലും അടിയന്തരാവസ്ഥയെ അവിടെയുമിവിടെയും എതിർത്തെന്ന അവകാശവാദവുമായാണ്‌ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ വഴി സ്വന്തം തനിനിറം അവർ വെളിപ്പെടുത്തുന്നതിലൂടെ അവരുടെ കാപട്യം ഇപ്പോൾ വ്യക്തമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഇന്ന് നടപ്പാക്കിവരുന്ന അതിഭീകരാവസ്ഥയ്ക്കെതിരായ സമരത്തിൽ പങ്കുവഹിക്കാൻ കോൺഗ്രസിന് സ്വാഭാവികമായും ബാധ്യതയുണ്ട്. പ്രതിപക്ഷ പാർടി എന്ന നിലയിൽ മാത്രമല്ല–തങ്ങൾ മുമ്പുചെയ്ത ജനാധിപത്യവിരുദ്ധ മഹാപരാധത്തിനു പ്രായശ്ചിത്തമായി, ഭാവിയിൽ ഒരിക്കലും അത്തരം സ്വേച്ഛാധിപത്യ വഴിയിലൂടെ സഞ്ചരിക്കില്ലെന്ന്‌ ഇന്ത്യൻജനതയോട് പരസ്യമായി ഏറ്റു പറഞ്ഞ് മാപ്പ് ചോദിക്കാനുംകൂടിയുള്ള സന്ദർഭമായി വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ കോൺഗ്രസ്‌ കണക്കിലെടുക്കുമോ? 1975-77 കാലഘട്ടത്തിൽ എന്നപോലെ ഇന്നും സിപിഐ എം സ്വേച്ഛാധിപത്യ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന്റെ പാതയിൽ തന്നെയാണ്. അതേസമയം മറ്റു പാർടികളുടെ മുൻകാലതെറ്റുകൾ പരിഗണിക്കാതെ, ഭരണഘടനാ മൂല്യങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹ്യനീതിയും സമത്വവും സ്ഥാപിക്കാൻ വേണ്ടിയുള്ള വിശാല പോരാട്ടത്തിൽ എന്തു വിട്ടുവീഴ്‌ച ചെയ്‌തും സാധ്യമായവരോടൊക്കെ കൈകോർത്തു നീങ്ങാൻ സിപിഐ എം തയ്യാറാണ്.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.