Skip to main content

കേരളം കുതിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ നാളെ (2023 ജൂൺ 5) യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി നാളെ വൈകുന്നേരം മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ-ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ്‌ ലഭ്യമാവുക. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.

കേരളത്തിന്റെ ഭാവി മാറ്റിമറിക്കുന്ന അടിസ്ഥാന സൗകര്യ വികസനമാണ്‌ സാധ്യമാകുന്നത്‌. ജനങ്ങൾക്ക്‌ മികച്ച സേവനമെന്ന സർക്കാർ വാഗ്‌ദാനം നിറവേറ്റാൻ ഉത്തമമായ വാതായനമാണ്‌ തുറക്കുന്നത്‌. സർക്കാർ സേവനങ്ങളെല്ലാം ജനങ്ങളുടെ വാതിൽപ്പടിയിലെത്തുന്നതിന്‌ കെ ഫോൺ നട്ടെല്ലാകും. ഇന്റർനെറ്റ്‌ ഇല്ലാത്ത വീട്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ വാശി. കെ ഫോൺ ഇത്‌ സാധ്യമാക്കും. സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാകുന്ന സാർവത്രിക ഇന്റർനെറ്റ്‌ സേവനം ഉയർന്ന നിലവാരമുള്ള ഇ ഗവേണൻസിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന്‌ കുതിപ്പേകും. നിലവിൽ എണ്ണൂറിലധികം സർക്കാർ സേവനങ്ങൾ ഓൺലൈനിലുണ്ട്‌. ഇവയ്‌ക്കായി വ്യത്യസ്‌ത വെബ്‌സൈറ്റുകളുമുണ്ട്‌. ഓഫീസ്‌ കയറിയിറങ്ങുന്നതുപോലെ വെബ്‌സൈറ്റ്‌ കയറിയിറങ്ങുന്നത്‌ ഒഴിവാക്കാൻ, എല്ലാ സേവനങ്ങൾക്കും ഒറ്റ വെബ്‌സൈറ്റ്‌ എന്നതിലേക്ക്‌ കേരളത്തിന്റെ ഇ ഗവേണൻസ്‌ കുതിക്കും. കെ ഫോണിന്റെ അതിവിപുലവും അതിശക്തവുമായ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ഇത്‌ സാധ്യമാക്കും.

സ്റ്റാർട്ടപ്പുകൾ ഗ്രാമങ്ങളിലേക്ക്‌ കുടിയേറും. ഇതിനായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാകുന്ന ഇന്റർനെറ്റ്‌ തൊഴിലവസരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കും. മനുഷ്യവിഭവശോഷണം കുറയ്‌ക്കും. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിലും കുതിപ്പുണ്ടാകും. മൈതാനത്തെ കളിക്കിടയിൽ തലയിൽ ഉദിക്കുന്ന ആശയംപോലും ഉൽപ്പാദന പ്രക്രിയയിലേക്ക്‌ സന്നിവേശിപ്പിക്കാൻ സാഹചര്യമുണ്ടാകും. 30,000 കിലോമീറ്ററിലെ കേബിൾ ശൃംഖല വിവരശേഖരണത്തിന്‌ വലിയ സാധ്യതകൾ തുറക്കും. ട്രാഫിക്‌, മഴ, കാലാവസ്ഥ, ജലസംഭരണികളുടെ ജലനിരപ്പ്‌, വൈദ്യുതി ഉപയോഗത്തിന്റെ പ്രാദേശിക വിവരങ്ങൾ ഉൾപ്പെടെ തത്സമയ വിവരശേഖരണത്തിന്‌ വഴിതുറക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കടക്കം ഇത്‌ പ്രയോജനപ്പെടും. വീട്ടമ്മമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമുൾപ്പെടെ തൊഴിലവസരങ്ങളും വരുമാനവും ഉയർത്താൻ സഹായകമാകും. കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്ക്‌ കൂടുതൽ വേഗത്തിലാകും. നിർണയാതീതമായ സമയലാഭം ഉറപ്പാക്കും. വേതന/വരുമാന നഷ്ടം കുറയ്‌ക്കും. ഉൽപ്പാദനം ഉയരും. സാമ്പത്തിക മേഖലയിലടക്കം വലിയ പ്രതിഫലനം സൃഷ്ടിക്കും. സർക്കാർ സേവനത്തിനായി അലച്ചിൽ ഒഴിവാക്കാനാകും. മൊബൈൽ ഫോണിൽവരെ എല്ലാ സേവനങ്ങളും ലഭ്യമാകുന്നത്‌ ആഹ്ലാദ ജീവിത സൂചിക ഉയർത്തും. ഇ മെഡിസിൽ, ഇ ഹെൽത്ത്‌, ഇ സ്‌കൂൾ എന്നിങ്ങനെയെല്ലാം ഓൺലൈനിലാകും.

താഴേത്തട്ടിലെ സർക്കാർ ഓഫീസുകൾവരെ ഇ ഓഫീസ്‌ സംവിധാനത്തിൽ ഒറ്റ ശൃംഖലയായി. പഞ്ചായത്ത്‌, വില്ലേജ്‌ ഓഫീസുകളടക്കം ജനങ്ങൾ നേരിട്ടെത്തുന്ന ഓഫീസുകൾപോലും ഇതിന്റെ ഭാഗമായി. ഇത്‌ ഭയങ്കരമാറ്റം സൃഷ്ടിക്കും. സർക്കാർ നയം, ഇതിന്റെ ഭാഗമായ ഫയൽ നീക്കം, ഇതിനെത്തുടർന്ന്‌ ജനങ്ങൾക്ക്‌ ലഭ്യമാകുന്ന സേവനം മൂന്നു കാര്യവും വേഗത്തിലാകും. എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെ കെ ഫോൺ ഉറപ്പാക്കണമെന്നത്‌ സർക്കാരിന്റെ നിഷ്‌കർഷയാണ്‌. ഗ്രാമപഞ്ചയത്ത്‌ ഓഫീസുകൾക്കുപോലും ഇന്റർനെറ്റില്ലാത്ത പ്രവർത്തനം ഒരുനിമിഷംപോലും ആലോചിക്കാനാകാത്ത സ്ഥിതിയാണ്‌. അതിനാൽ പല കണക്‌ഷനുകൾ എടുക്കുന്നു. വർഷം 500 കോടിയോളം രൂപയാണ്‌ പലതുള്ളി പെരുവെള്ളം എന്ന നിലയിൽ സർക്കാർ ഖജനാവിൽനിന്ന്‌ ഇന്റർനെറ്റ്‌ ലഭ്യതയ്‌ക്ക്‌ ചെലവിടുന്നത്‌. ഇത്‌ കെ ഫോൺവഴിയാകുമ്പോൾ ചെലവ്‌ 200 കോടിയിൽ താഴെയെത്തും. അതും കെ ഫോണിന്റെ പരിപാലനത്തിനും മൂലധന തിരിച്ചടവിനുമായിരിക്കും ഉപയോഗിക്കുക.

ഭാരത്‌നെറ്റ്‌ ഉൾപ്പെടെ കണക്ടിവിറ്റി ചില സംസ്ഥാനങ്ങൾ ലഭ്യമാക്കുന്നുണ്ട്‌. സാമ്പത്തികപിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യത എന്നത്‌ കേരളം മാത്രമാണ്‌ ചിന്തിച്ചത്‌. ബാക്കി കുടുംബങ്ങൾക്ക്‌ സൗജന്യ നിരക്കിലും കണക്‌ഷൻ ഉറപ്പാക്കുന്നു. ആന്ധ്രയിലടക്കം വാണിജ്യാടിസ്ഥാനത്തിൽമാത്രമാണ്‌ ഇന്റർനെറ്റ്‌ സൗകര്യം ഒരുക്കുന്നത്‌. ഇന്റർനെറ്റ്‌ പൗരന്റെയും അവകാശമാകുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതാണ്‌ സംസ്ഥാന സർക്കാരിന്റെ സാമൂഹ്യപ്രതിബദ്ധത. ഭക്ഷണം, വസ്‌ത്രം, അടച്ചുറപ്പുള്ള വീട്‌ എന്നീ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം ഡിജിറ്റൽ വിഭജനം ഒഴിവാക്കലും ഉറപ്പാക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.