Skip to main content

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല

ഇന്ത്യയുടെ ​സ്വാതന്ത്ര്യ പോരാട്ടചരിത്രത്തിലെ ത്യാഗഭൂമിയാണ് ജാലിയൻവാലാബാഗ്. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത സമരേതിഹാസം രചിച്ച മണ്ണാണത്. പേര്‌ രേഖപ്പെടുത്തിയിട്ടില്ലാത്ത ആയിരങ്ങളുടെ ചോരപടർന്നൊഴുകിയ ആ ചുവന്നമണ്ണ്‌ ഇന്ന്‌ ഏത്‌ ഇന്ത്യക്കാരന്റെയും ഹൃദയവികാരമാണ് .

സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ജാലിയൻവാലാബാഗ്, കൂട്ടക്കൊല നടക്കുന്നതിനും മുമ്പേ ഒരു കാലത്ത് പൂന്തോട്ടമായിരുന്നു. ചുറ്റും മതിൽകെട്ടുകളോ സമാനമായ കെട്ടിടങ്ങളോ നിറഞ്ഞിരുന്നു. മൈതാനത്തിലേക്ക് കടക്കാൻ ഒരു ഇടുങ്ങിയ വഴിമാത്രം. കയറാനും ഇറങ്ങാനും മറ്റ് മാർഗങ്ങൾ ഇല്ല. രണ്ട് വൃക്ഷങ്ങൾ, ആഴത്തിലുള്ള കിണർ, ഒരു ശവകുടീരം എന്നിവയും ഈ മൈതാനത്തിന്റെ ഭാഗമായിരുന്നു. പ്രവേശനകവാടത്തിന് സമീപമുള്ള ഉയർന്ന തറയിൽ നിന്നാൽ മൈതാനം മുഴുവൻ കാണാമായിരുന്നു. ഇവിടെയാണ് 1919 ഏപ്രിൽ 13ന് ആ ദാരുണ സംഭവം അരങ്ങേറിയത്.

1917ലെ റഷ്യൻ വിപ്ലവം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സ്വാതന്ത്ര്യമില്ലാത്ത മനുഷ്യർക്ക് ആവേകരമായ അനുഭവമായി. ഇത് 1857ലേതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ ഭരണാധികാരികൾ ഭയന്നു. സിഡ്‌നി റൗലത്ത് അധ്യക്ഷനായ സമിതിയുടെ റിപ്പോർട് പ്രകാരം ഇന്ത്യയിലെ സമരപ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിനു വേണ്ടി 1919 മാർച്ചിൽ ഒരു നിയമം കൊണ്ടുവന്നു; അനാർക്കിക് ആൻഡ് റവലൂഷണറി ആക്ട്. റൗലത്ത് നിയമം എന്നറിയപ്പെട്ട ഈ നിയമം ഇന്ത്യയിലെ സ്വാതന്ത്യ സമരത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയത്.

റൗലത്ത് നിയമത്തിനെതിരെ 1919 ഏപ്രിൽ ആറിന് രാജ്യവ്യാപകമായ ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളിൽ പരക്കെ ആക്രമസംഭവങ്ങളും ഉണ്ടായി. ലാത്തിച്ചാർജിലും വെടിവയ്പിലും നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹർത്താലിനെ തുടർന്ന് പഞ്ചാബിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. പഞ്ചാബിൽ ദേശീയ പ്രസ്ഥാനത്തെ നയിച്ച ഡോ. സത്യപാലും ഡോ. സെയ്ഫുദ്ദീൻ കിച്ലുവും നാടുകടത്തപ്പെട്ടു. ഇതിനെതിരെ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പൊലീസ് ഭീകരമായി ആക്രമിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ചിലർ വെടിയേറ്റ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം നടത്തിയ പ്രത്യാക്രമണത്തിൽ ചില ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു. ഈ സംഭവങ്ങളെ തുടർന്ന് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥനായി അമൃതസറിലെത്തി.

1919 ഏപ്രിൽ 13 ഞായർ വൈകുന്നേരം. ഇരുപതിനായിരത്തോളമാളുകൾ ജാലിയൻ വാലാബാഗിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമൃതസറിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഒത്തുചേരൽ. ഇന്നലെവരെ ഭയപ്പെടുത്തിയവരോട്, ജീവനും സ്വത്തും നഷ്ടപ്പെടുത്തിയവരോട് സന്ധിയില്ല എന്ന് പ്രഖ്യാപിക്കുന്നതിനായിരുന്നു യോഗം. തീർത്തും സമാധാനപരം. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർവരെ ഒത്തുചേർന്നിരുന്നു. ജാലിയൻ വാലാബാഗിലെ മതിൽക്കെട്ടിനുള്ളിൽ ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് ജനസാഗരം അലയടിച്ചു. സമയം അഞ്ചുമണി. ജനറൽ ഡയറും സംഘവും ജാലിയൻ വാലാബാഗിലെത്തി. മൈതാനത്തിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള ഉയർന്ന തറയിൽനിന്നു. ഇരുവശത്തും ഇരുപത്തിയഞ്ച് വീതം പട്ടാളക്കാർ നിലയുറപ്പിച്ചു. ഒരു പ്രാദേശിക നേതാവ് പ്രസംഗിച്ചുകൊണ്ടിരുന്ന നിമിഷം ഒരു മുന്നറിയിപ്പുമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചു. തുടർച്ചയായി പത്ത് മിനിറ്റ്‌. ആളുകൾ തിങ്ങി ഓടുന്ന പ്രദേശങ്ങളിലേക്ക് വെടിവയ്ക്കാൻ ജനറൽ ഡയർ നിർദേശം നൽകി. പുറത്തേക്ക് പോകാൻ കഴിയാതെ ചിതറി ഓടുന്ന മനുഷ്യരെ വെടിവെച്ചു വീഴ്ത്തി. നിമിഷങ്ങൾക്കകം മൈതാനം ശവക്കൂനകളാൽ നിറഞ്ഞു. വേദനകൊണ്ട് പിടഞ്ഞ ചിലർ, വെടിയേൽക്കാതിരിക്കാൻ ഗ്രൗണ്ടിനുള്ളിലെ കിണറിനുള്ളിലേക്ക് ചാടി. വെടിയുണ്ടകൾ തീർന്നതുകൊണ്ട് മാത്രം വെടിവയ്പ്പ് അവസാനിച്ചു. വെടിയേറ്റും തിക്കിലും തിരക്കിലും പെട്ടും നൂറുകണക്കിന് സാധാരണക്കാർ രക്തസാക്ഷികളായി.

ജാലിയൻവാലാബാഗ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത്‌ രണ്ട് ഡയർമാരായിരുന്നു. പട്ടാള മേധാവിയും വെടിവയ്പ്പിന് നേരിട്ട് നേതൃത്വം നൽകിയ റെജിനാൾസ് എഡ്വാർഡ്‌ ഹാരി ഡയറും 1913 മുതൽ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒ ഡയറുമായിരുന്നു ഈ ക്രൂരന്മാർ. ഹണ്ടർ കമീഷൻ വിചാരണ വേളയിൽ എല്ലാവരെയും കൊല്ലാനാണ് താൻ ആഗ്രഹിച്ചതെന്നാണ്‌ ജനറൽ ഡയർ വ്യക്തമാക്കിയത്. പഞ്ചാബിലുൾപ്പെടെ രാജ്യത്താകമാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ രണ്ട് ഡയർമാരും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു കൂട്ടക്കരുതി. ഡയറിനെ ന്യായീകരിച്ച ഗവർണർ ഡയർ സംഭവത്തെ ജനങ്ങളുടെ അനാവശ്യ ലഹളായി ചിത്രീകരിച്ചു. ജനറൽ ഡയർ ഭരണകൂടത്തിന്റെ ചട്ടുകമായിരുന്നുവെന്നും സൂത്രധാരൻ ഗവർണർ തന്നെയായിരുന്നുവെന്നും കരുതുന്നവരുമുണ്ട്. പഞ്ചാബിനെ രക്തത്തിൽ കുളിപ്പിച്ച ഈ നരാധമനെ 1940 മാർച്ച് 13ാം തീയതി ഗദ്ദർ പാർട്ടിയുടെയും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെയും പ്രവർത്തകനായിരുന്ന ഉദ്ദം സിങ് ലണ്ടൻ നഗരത്തിൽ വെടിവെച്ച് കൊന്നു.

വിചാരണ വേളയിൽ ഉദ്ധം സിങ് രാം മുഹമ്മദ് സിംഗ് ആസാദ് എന്ന പേരാണ് ഉപയോഗിച്ചത്. ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങളെയും കൊളോണിയൽ വിരുദ്ധ വികാരത്തെയും പ്രതിനിധീകരിക്കുന്ന ഈ നാമം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായ സർവ്വമത ഐക്യത്തിന്റെ പ്രതീകമാണ്. ജാലിയൻവാലബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം പഞ്ചാബിലെ സമര നായകൻ ഡോ. സെയ്ഫുദ്ദീൻ കിച്ലു ഭഗത് സിങിനൊപ്പം നവജാവാൻ ഭാരത് സഭ സ്ഥാപിക്കുകയും പിൽക്കാലത്ത് ഇന്ത്യയുടെ വിഭജനത്തെ എതിർത്ത് പ്രവർത്തിക്കുകയും ചെയ്തു.

എപ്രിൽ 13 ബൈശാഖി ആയിരുന്നെന്നും, ആ ഉത്സവത്തിനു തടിച്ചുകൂടിയവരെ ആയിരുന്നു ബ്രിട്ടീഷ് പട്ടാളം വെടിവച്ച് കൊന്നതെന്നും സംഘപരിവാറുകാർ ഇപ്പോൾ വാദമുയർത്തുന്നു. ചരിത്രപ്രാധാന്യമുള്ള ജാലിൻവാലബാഗ് സ്മാരകം മോദി സർക്കാർ നവീകരിച്ച് പുതുക്കി പണിതപ്പോൾ അതിന്റെ ചരിത്രപരമായ അടയാളങ്ങൾ മായ്ച്ചു കളഞ്ഞ് മനോഹര ഉദ്യാനമാക്കി മാറ്റി. ഫൗണ്ടനുകളും വാട്ടർ ബോഡികളും ലൈറ്റ് ആൻഡ് സൗണ്ട് ഷൊയും ഒക്കെയുണ്ട് ഇപ്പോൾ അവിടെ. മതപരമായ വിഭജനങ്ങൾ സ്വാഭാവികമായി കൊണ്ടിരിക്കുന്ന, ചരിത്ര സത്യങ്ങളെ ഇല്ലായ്മചെയ്ത് വ്യാജ ചരിത്രം പാഠപുസ്തകങ്ങളാകുന്ന ഇന്ന് ദേശീയ പ്രസ്ഥാനത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ആവശ്യകത ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.