Skip to main content

വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ മതപരമായ ആഘോഷങ്ങളെയും ഘോഷയാത്രകളെയും ആർഎസ്എസ് ദുരുപയോഗം ചെയ്യുന്നു

 

പുണ്യദിനങ്ങളിലെ ആചാരങ്ങളും ഘോഷയാത്രകളും തുടർച്ചയായി കലാപങ്ങളിലേക്ക് നീങ്ങുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട്‌ രാജ്യത്തെമ്പാടും സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന അക്രമപരമ്പരകൾ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എട്ട്‌ സംസ്ഥാനങ്ങളിലെ ഒരു ഡസനിലധികം നഗരങ്ങളിലാണ്‌ രാമനവമി ആഘോഷങ്ങളുടെ മറവിൽ വർഗീയ സംഘർഷങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്‌.

ദശാബ്‌ദങ്ങളായി രാമനവമി ആഘോഷം നടക്കാറുള്ള നാടാണ് നമ്മുടെ രാജ്യം. ആരാധനാ മൂർത്തികൾക്ക് പൂജയർപ്പിച്ചും മധുരം പങ്കുവെച്ചും സമാധാനപരമായിട്ടാണ് രാമനവമി ആഘോഷിക്കാറുള്ളത്. മതത്തിന്റെയോ ജാതിയുടെയോ വ്യത്യാസങ്ങളൊന്നും കൂടാതെ എല്ലാ വിഭാഗം ജനങ്ങളും ആഘോഷങ്ങളിൽ പങ്കാളികളാകാറുണ്ട്. രാമനവമിയുമായി ബന്ധപ്പെട്ട്‌ ശോഭായാത്രകളൊന്നും നേരത്തേ നടക്കാറുണ്ടായിരുന്നില്ല. എന്നാൽ, വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ഏറ്റവും നല്ല മാർഗമാണ്‌ മതപരമായ ആഘോഷങ്ങളും ഘോഷയാത്രയുമെന്ന്‌ സംഘപരിവാർ തിരിച്ചറിഞ്ഞതോടെയാണ്‌ അവ പതിവായത്‌. 1967ൽ നടന്ന റാഞ്ചി വർഗീയകലാപം മുതലാണ്‌ ഇത്‌ പ്രകടമായത്‌ എന്നുപറയാം. 1978ലെ ജംഷഡ്‌പുർ വർഗീയ കലാപത്തിനും 1989ലെ ഹസാരിബാഗ്‌, കോട്ട വർഗീയ കലാപങ്ങൾക്കും കാരണമായത്‌ രാമനവമിയുമായി ബന്ധപ്പെട്ട ഘോഷയാത്രയാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

വർഗീയ കലാപത്തിന്‌ തിരികൊളുത്തി ധ്രുവീകരണം സൃഷ്ടിക്കുകയും അത്‌ രാഷ്ട്രീയ വിപുലീകരണത്തിനും വോട്ട്‌ വർധിപ്പിക്കാനും ഉപയോഗിക്കുകയെന്നത്‌ സംഘപരിവാർ സംഘടനകളുടെ തന്ത്രമാണ്‌. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരമേറ്റതോടെ രാമനവമി ആഘോഷത്തെ സംഘപരിവാർ വർഗീയകലാപങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാക്കി മാറ്റി. വിഎച്ച്പി, ബജ്‌രംഗ്‌ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ രാമനവമി, ദുർഗാപൂജ, വിജയദശമി ആഘോഷങ്ങളും ശോഭായാത്രകളും വർഗീയധ്രുവീകരണത്തിനുള്ള ഉപാധികളാക്കി മാറ്റപ്പെട്ടത്‌. ഇതിനായി പല മാർഗങ്ങളും അവർ ബോധപൂർവം അവലംബിക്കുന്നതായി കാണാം. പൊലീസിന്റെ അനുവാദം മുൻകൂട്ടി വാങ്ങാതെ തന്നെ മുസ്ലീം ജനവിഭാഗം താമസിക്കുന്ന ഇടങ്ങളിലൂടെയും മസ്‌ജിദുകളും ദർഗയും നിലകൊള്ളുന്നിടങ്ങളിലൂടെയും ശോഭായാത്ര നയിക്കുക, പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിക്കുക, വാളുകളും ഹോക്കി സ്റ്റിക്കുകളും വടികളും തോക്കും മറ്റും പ്രദർശിപ്പിക്കുക തുടങ്ങി എങ്ങനെയും സംഘർഷം സൃഷ്ടിക്കാനുള്ള ചേരുവകളാണ്‌ സംഘപരിവാർ സംഘടനകളാൽ നയിക്കപ്പെടുന്ന ഘോഷയാത്രകളിൽ കാണാനാകുന്നത്‌. ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികൾക്കിടയിൽ മുസ്ലിം എന്നൊരു പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡയുടെ ഭാഗമായാണ്‌ ഈ നീക്കം.

ഓരോ വർഷവും ഈ വർഗീയ കലാപങ്ങളുടെ വ്യാപ്‌തി വർധിക്കുകയാണ്‌. വർഗീയ സംഘർഷങ്ങൾ ഇതുവരെയും നടക്കാത്ത സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അത്‌ വ്യാപിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമായാണ്‌ രാമനവമി ആഘോഷങ്ങളെ സംഘപരിവാർ കാണുന്നത്‌. ഭൂരിപക്ഷമതക്കാരുടെ വോട്ട്‌ പെട്ടിയിലാക്കാൻ ഏറ്റവും നല്ല മാർഗം വർഗീയധ്രുവീകരണമാണെന്ന്‌ മനസ്സിലാക്കിയ ബിജെപി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്‌ ഭരണമുള്ള സംസ്ഥാനങ്ങളിലുമാണ്‌ സംഘർഷമുണ്ടാക്കാൻ പ്രധാനമായും ശ്രമിച്ചത്‌.

വിശ്വാസത്തെയും ഭക്തിയെയും ആയുധമണിയിച്ച്‌ എങ്ങനെ രാഷ്ട്രീയ ലാഭംകൊയ്യാമെന്ന പരീക്ഷണമാണ്‌ ആർഎസ്‌എസും ബിജെപിയും നടത്തുന്നത്‌. ഇത്‌ തിരിച്ചറിയാൻ യഥാർഥ വിശ്വാസികൾക്കും ജനങ്ങൾക്കും കഴിയേണ്ടതുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.