Skip to main content

നഷ്ടപ്പെടുന്ന ഭൂതകാലവും നിർമ്മിക്കപ്പെടുന്ന ചരിത്രബോധവും

സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലെ സുപ്രധാന അജണ്ടയാണ് ഇന്ത്യാചരിത്രത്തിൻറെ പുനർരചന. ഹിന്ദുത്വ ആശയങ്ങൾക്ക് പിൻബലമേകുന്ന രീതിയിൽ ഇന്ത്യാചരിത്രത്തെ മാറ്റിയെഴുതി അതിനെ ഭാവികാലത്തെ സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ സജീവമായിരുന്നു. ഇതിനായി പാഠപുസ്തകങ്ങളിൽ വരുത്തിയ ആശാസ്ത്രീയമായ മാറ്റങ്ങൾ വൻ വിമർശങ്ങൾക്കാണ് അന്ന് വഴി വച്ചത്. ഈ ശ്രമങ്ങൾ വർധിച്ച വീര്യത്തോടെ നടപ്പാക്കുകയാണ് നരേന്ദ്ര മോദി സർക്കാർ.

ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, യൂ ജി സി, സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ പ്രധാന പദവികളിൽ സംഘപരിവാർ അനുകൂലികളെ നിയമിച്ചത് വഴി അവരുടെ അജണ്ടകൾ നിർബാധം നടപ്പാക്കുന്ന സാഹചര്യമാണ് നിലവിൽ. ദേശീയ പ്രസ്ഥാനത്തിന്റെയും ആധുനിക മൂല്യങ്ങളുടെയും സ്വാധീനത്തിൽ ഇന്ത്യയുടെ ഭൂതകാലത്തെ പറ്റി തയ്യാറാക്കി പോന്നിരുന്ന ചരിത്രവിജ്ഞാനം സംഘപരിവാർ അജണ്ടകളെ തീർത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇന്ത്യാചരിത്രത്തെ പഠിച്ച റോമിലാ ഥാപ്പർ, ബിപൻചന്ദ്ര, ആർ എസ് ശർമ്മ എന്നിവരുടെ നിഗമനങ്ങളെ അതിനാൽ തന്നെ വൈരാഗ്യബുദ്ധിയോടെയാണ് ആർ എസ്സ് എസ്സ് സമീപിച്ചിരുന്നത്. ഇവരുടെ ചരിത്രപഠനങ്ങൾ ഇന്ത്യയുടെ ‘യഥാർത്ഥ’ ചരിത്രത്തെ തമസ്കരിക്കാനായുള്ളവയാണ് എന്നാണ് സംഘപരിവാറിന്റെ പൊതുഭാഷ്യം.

ഇതിന്റെ തുടർച്ചയാണ് കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ അടുത്തിടെ നടത്തിയ പ്രസ്താവന. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും സംഘപരിവാർ സംഘടനയായ അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജനയും ചേർന്ന് ബിഹാർ ജമുഹറിലെ ഗോപാൽ നാരായൺ സിങ് സർവകലാശാലയിൽ നടത്തിയ സമ്മേളനത്തിൽ വച്ച് നിലവിലെ ചരിത്ര പാഠപുസ്തകകങ്ങളിലുള്ള ‘വികലമായ’ ഇന്ത്യാചരിത്രം തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ സംസാരിച്ച ആർ എസ്സ് എസ്സ് ദേശീയ നിർവാഹകസമിതിയംഗം സുരേഷ് സോണി ഇത്തരം തിരുത്തലുകൾ പ്രധാനമാണെന്നും ഇപ്പോൾ ഇവ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും പ്രസ്താവിച്ചത് മോദി ഭരണത്തിന് കീഴിലെ ചരിത്രപഠനങ്ങളുടെ യാഥാർഥ്യം വ്യക്തമാക്കുന്നു.

പുരാവസ്തുക്കളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും കൃത്യമായ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചരിത്രവിജ്ഞാനത്തെ പുറന്തള്ളി ഹിന്ദുത്വ ഭാവനയ്ക്ക് അനുസരിച്ചുള്ള കൽപ്പിതകഥകളുണ്ടാക്കുകയാണ് ആർ എസ്സ് എസ്സ് ആജ്ഞാനുവർത്തികൾ. മുമ്പുണ്ടായിരുന്ന ചരിത്രവിജ്ഞാനം കൊളോണിയൽ മാതൃകയിൽ ഉണ്ടാക്കിയവയാണെന്ന് ആരോപിക്കുന്ന സംഘപരിവാർ പക്ഷെ പിന്തുടർന്ന് പോകുന്നത് കൊളോണിയൽ സൃഷ്ടികൾ തന്നെയാണ്. ഇന്ത്യാചരിത്രത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചും ഇവിടുത്തെ ഇസ്‌ലാം മതവിശ്വാസികളായ ഭരണാധികാരികളെ വിദേശീയ അക്രമണകാരികളായി ചിത്രീകരിച്ചുമാണ് ഇവരുടെ ചരിത്രരചന. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലാതിരുന്ന സംഘപരിവാർ നേതാക്കളെ മഹത്വവൽക്കരിക്കുന്നതിനൊപ്പം ദേശീയ പ്രസ്ഥാനത്തിൽ പങ്കുകൊണ്ട ഇസ്‌ലാം മതവിശ്വാസികളായ ധീര ദേശാഭിമാനികളെ ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാനും ഇവർ നിരന്തരം ശ്രമിക്കുകയാണ്. മലബാർ കലാപത്തിൽ പങ്കെടുത്ത 387 ധീരന്മാരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് പുറന്തള്ളിയത് ഇതിന്റെ ഭാഗമായിട്ടാണ്.

ആര്യന്മാരുടെയും വേദപാരമ്പര്യത്തിന്റെയും വരവ് 1500 ബിസിക്ക് ശേഷമാണെന്നുള്ള പുരാവസ്തുക്കളുടെയും ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിഗമനത്തെ പുറന്തള്ളി 5000 ബിസി മുതൽക്കേ വേദപാരമ്പര്യം ഇന്ത്യയിൽ നിലവിലുണ്ടെന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇന്ത്യാചരിത്രത്തെ മഹത്വവൽക്കരിക്കുന്നതിന്റെ ഭാഗമായി സാമൂഹിക തലത്തിൽ ദളിതരുൾപ്പെടെയുള്ള ജനവിഭാഗങ്ങൾ നേരിട്ടിരുന്ന വിവേചനത്തെ തമസ്കരിക്കുന്നുമുണ്ട് ഇവർ. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്ന ആശയം സ്ഥാപിക്കാനായി പരിപാടികൾ സംഘടിപ്പിക്കുകയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഇപ്പോൾ.

മതനിരപേക്ഷമായ ചരിത്രവും പാഠപുസ്തകങ്ങളും ഉപേക്ഷിച്ച് വർഗീയ ഫാസിസത്തിന് വേരോട്ടം കിട്ടുന്ന രീതിയിൽ ഇന്ത്യക്കാരുടെ ചരിത്രബോധത്തെ മാറ്റിയെടുക്കാനുള്ള കുൽസിതശ്രമങ്ങളുടെ ഭാഗമാണ് അശാസ്ത്രീയമായ ഈ ചരിത്രരചന. ശരിയായ ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നാടിൻറെ വർത്തമാനകാലത്തെ രാഷ്ട്രീയത്തെയും ഭാവികാലത്തെ ലക്ഷ്യങ്ങളെയും കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് രൂപപെടുത്താനാകൂ. വസ്തുനിഷ്ഠമായ ചരിത്രരചന സാധ്യമാകണമെങ്കിൽ സംഘപരിവാർ അജണ്ടകൾക്കെതിരായ സമരം അക്കാദമികമായ തലത്തിലും വളർത്തേണ്ടിയിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.