Skip to main content

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ. ഈ ജനതയുടെ വിശ്വാസം നേടുന്നതിൽ ഇടതുപക്ഷം ആവർത്തിച്ച് വിജയിക്കുന്നത് അവരും ഇടതുപക്ഷവും തമ്മിലുള്ള അടുത്തബന്ധമാണ് വ്യക്തമാക്കുന്നത്. ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ കമ്യൂണിസ്റ്റ് പാർടികളും എൽഡിഎഫും വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ആവർത്തിച്ചുള്ള ഈ വിജയം എന്നു കാണാം.

മലയാളിയുടെ ഇന്നത്തെ ജീവിതം നെയ്തെടുക്കുന്നതിൽ പ്രധാന പങ്കുതന്നെ കമ്യൂണിസ്റ്റ്– ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്. 1957ൽ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാരാണ് ഭൂപരിഷ്കരണത്തിനു മുന്നോടിയായി കുടിയൊഴിപ്പിക്കൽ തടയുന്ന നിയമം കൊണ്ടുവന്നത്. 1967ൽ ഇ എം എസ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ സമഗ്രമായ ഭൂപരിഷ്കരണം കൊണ്ടുവന്നു. ഇതോടെയാണ് ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭിച്ചത്. ഇപ്പോഴും ഭൂരഹിതർക്ക് ഭൂമി നൽകുന്നത്‌ തുടരുകയാണ്. പിണറായി സർക്കാർ ഇതിനകം നാലുലക്ഷത്തിലധികംപേർക്ക് പട്ടയം നൽകി. ഭൂമിമാത്രമല്ല, ഭവനരഹിതർക്ക് വീടും നിർമിച്ചുനൽകുന്നു. ഭൂപരിഷ്കരണത്തിന്റെ തുടർച്ചയെന്നോണം നടപ്പാക്കിയ ലൈഫ് ഭവനപദ്ധതിപ്രകാരം ഇതിനകം അഞ്ചരലക്ഷത്തോളം വീടുകളാണ് നിർമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ സൗജന്യമാക്കിയതും 1957ലെ സർക്കാരാണ്. അടിസ്ഥാനവിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിച്ചതിനാലാണ് അവർക്ക് വലിയ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഉപരിപഠനത്തിനും ജോലിക്കുമായി പോകാനായത്. അതോടൊപ്പം സമ്പൂർണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചത്‌ 1987ലെ നായനാർ സർക്കാരായിരുന്നു. തൊഴിലാളികളെ അടിമത്തത്തിൽനിന്ന്‌ മോചിപ്പിച്ച് മനുഷ്യരെപ്പോലെ ജീവിക്കാൻ സഹായിച്ചതും കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലായിരുന്നു. തൊഴിലാളിസമരങ്ങളെ അടിച്ചമർത്താൻ പൊലീസ് ഇടപെടില്ലെന്ന്‌ പ്രഖ്യാപിച്ചതും തൊഴിലാളികൾക്ക് മിനിമംകൂലി പ്രഖ്യാപിച്ച് അത് നടപ്പാക്കിയതും കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകളായിരുന്നു.

​ജനക്ഷേമം ഉറപ്പുവരുത്തുന്നതിലും ഇടതുപക്ഷ സർക്കാരുകൾ നടത്തിയ ഇടപെടലുകൾ മലയാളിയുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചു. 1980ലെ നായനാർ സർക്കാരാണ് കർഷകത്തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ നൽകാൻ തുടങ്ങിയത്. ഇന്ന് ഈ ക്ഷേമപെൻഷൻ 2000 രൂപയായി. ഇതിൽ 100 രൂപമാത്രമാണ് യുഡിഎഫ് സർക്കാരിന്റെ സംഭാവന. 1400 രൂപ വർധിപ്പിച്ചതും പിണറായി സർക്കാരാണ്. തുടർഭരണം എങ്ങനെയാണ് ജനങ്ങളെ സഹായിക്കുന്നത് എന്നതിനുള്ള ഉദാഹരണംകൂടിയാണിത്. 64 ലക്ഷംപേർക്കാണ് പെൻഷൻ ലഭിക്കുന്നത്. സ്‌ത്രീസുരക്ഷാ പദ്ധതിയിലൂടെ 1000 രൂപവീതം 32 ലക്ഷംപേർക്ക്‌ നൽകും. കണക്ട് ടു വർക് സ്കോളർഷിപ്പിലൂടെ അഞ്ചുലക്ഷം വിദ്യാർഥി–യുവജനങ്ങൾക്ക് 1000 രൂപ വീതവും നൽകുകയാണ്. ഒരുകോടിയോളംപേർക്കാണ് ഈ ആനുകൂല്യങ്ങൾ. ഇതിന്റെ കൂടെ ലൈഫ് വീടും പട്ടയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സഹായവും ലഭിക്കുന്നവരെ ചേർത്താൽ ഒന്നേകാൽ കോടിയോളം വരും. എല്ലാ വീട്ടിലും എന്തെങ്കിലുമൊരു ക്ഷേമാനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ.

ഈ നയത്തിന്റെ തുടർച്ചയായാണ് അതിദാരിദ്ര്യം അവസാനിപ്പിച്ചതും. ശാസ്ത്രീയമായ സർവേയിലൂടെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി അവരെ അതിദാരിദ്ര്യാവസ്ഥയിൽനിന്ന്‌ രക്ഷിച്ചതും. ചൈനയും ഒരുപരിധിവരെ വിയത്‌നാമുമാണ് കേരളത്തിനു പുറത്ത് ഈ ലക്ഷ്യം കൈവരിച്ചത്. ചൈനയും വിയത്‌നാമും ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാർടികളാണ്. കേരളമാകട്ടെ കമ്യൂണിസ്റ്റ് പാർടികളുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും. ജനങ്ങളെ എല്ലാ അർഥത്തിലും കൈപിടിച്ചുയർത്തുക എന്നത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്.

കോൺഗ്രസും ബിജെപിയും ഒരുപോലെ സ്വീകരിക്കുന്നത്, കോർപറേറ്റുകളെയും അതിസമ്പന്നരെയും തടിച്ചുകൊഴുക്കാൻ അനുവദിക്കുന്ന നവ ഉദാര നയമാണ്. അവരെ സംബന്ധിച്ച് സാധാരണജനങ്ങൾക്ക് നൽകുന്ന സഹായങ്ങൾ പാഴ്‌ചെലവാണ്. അതിനാലാണ് ഉമ്മൻചാണ്ടി സർക്കാർ ക്ഷേമപെൻഷൻ 18 മാസം മുടക്കിയത്. കേരളത്തിലെ ജനങ്ങൾ ഈ വസ്തുത തിരിച്ചറിയുകതന്നെ ചെയ്യും. ഇക്കുറിയും ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം എൽഡിഎഫിനെത്തന്നെ ജനങ്ങൾ ഏൽപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.