Skip to main content

ഒഞ്ചിയം രക്തസാക്ഷി ദിനം

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷികദിനം കടന്നുപോകുമ്പോൾ രാജ്യം വിധിനിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്‌. സാമ്രാജ്യത്വത്തിനും ജന്മി രാജഭരണത്തിനുമെതിരായ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യയിൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും ആശയങ്ങൾ ദൃഢമായത്. സാമ്രാജ്യത്വവിരുദ്ധ ജന്മിത്വവിരുദ്ധ സമരങ്ങളുടെ ചരിത്രഗതിയിലാണ് പഴയ കുറുമ്പ്രനാട് താലൂക്കിലെ ഒഞ്ചിയം കമ്യൂണിസ്റ്റ് വിപ്ലവസമരങ്ങളുടെ പ്രധാന കേന്ദ്രമായി വളർന്നത്.

മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനുള്ള രാഷ്ട്രീയപോരാട്ടമായാണ് ഇടതുപക്ഷം 18-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെ കാണുന്നത്. പൗരത്വ ഭേദഗതി ഉൾപ്പെടെയുള്ള നീക്കങ്ങളിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കി പരിവർത്തനപ്പെടുത്താനുള്ള അജൻഡകളിലാണ്‌ മോദി സർക്കാർ. ആ നീക്കങ്ങളെ ചെറുക്കാൻ മടിക്കുന്ന കോൺഗ്രസ് ഹിന്ദുത്വ രാഷ്ട്രസിദ്ധാന്തങ്ങളോട്‌ സമരസപ്പെടുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് ഈ തെരഞ്ഞെടുപ്പിൽ കേരളം ചർച്ചചെയ്തത്. കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരായ ജനകീയ ബദൽ ഉയർത്താൻ ഇടതുപക്ഷ രാഷ്ട്രീയത്തിനേ കഴിയൂ. ഈ തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ഒഞ്ചിയം അടക്കമുള്ള സമരങ്ങളും രക്തസാക്ഷിത്വങ്ങളും അതാണ്‌ ആവശ്യപ്പെടുന്നത്.

ചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ചവരാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ. സ്വതന്ത്ര ഇന്ത്യയിലെ നിർദയമായ ഭരണനേതൃത്വ നീതിക്കിരയായി വെടിയേറ്റുവീണ എട്ട്‌ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും ഒഞ്ചിയം ജനതയുടെയും ധീരോദാത്തമായ ചെറുത്തുനിൽപ്പിന്റെ സ്മരണയ്ക്ക് 76 വയസ്സ് തികഞ്ഞിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ ഒഞ്ചിയം പുരോഗമനാശയങ്ങൾക്ക് വേരോട്ടമുള്ള മണ്ണായിരുന്നു. വാഗ്‌ഭടാനന്ദഗുരുദേവന്റെ ആദർശങ്ങളിൽ ആകൃഷ്ടരായ യുവാക്കളായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതിപ്രമാണിത്വത്തിനുമെതിരായ സമരങ്ങൾക്ക് ഒഞ്ചിയത്ത്‌ തുടക്കമിട്ടത്. നവോത്ഥാന സമരങ്ങളിലൂടെയാണ് ഒഞ്ചിയം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടവഴികളിലേക്ക് കടന്നുവരുന്നത്. സാമൂഹ്യ അവഗണനയും അടിച്ചമർത്തലും ചൂഷണവും അനുഭവിച്ച ജനങ്ങളുടെ സംഘടിതമുന്നേറ്റമായിരുന്നു 1937ൽ വള്ളിക്കാട് നടന്ന മലബാർ കർഷകസമ്മേളനം. 1939 ഡിസംബർ 29നാണ് കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമസെൽ ഒഞ്ചിയത്ത് രൂപംകൊള്ളുന്നത്. ഭക്ഷ്യക്ഷാമത്തിനും ബ്രിട്ടീഷ് നയങ്ങൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ ജന്മിത്വത്തിന്റെ നൃശംസതകൾക്കെതിരെ ഒഞ്ചിയം ഉണരുകയായിരുന്നു.

1942ൽ രൂക്ഷമായ ഭക്ഷ്യക്ഷാമവും കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികളും ജനങ്ങളെ വേട്ടയാടിയപ്പോൾ ഭക്ഷണമെത്തിക്കാനും രോഗപരിചരണത്തിനും പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങി. ഒരുമണി അരിപോലും കിട്ടാതെ പാവങ്ങൾ പട്ടിണികിടക്കുന്ന അവസ്ഥയിലാണ് അധികാരിവർഗത്തിന്റെ സംരക്ഷണയിൽ കരിഞ്ചന്ത ലോറികൾ കടന്നുപോയത്. പൂഴ്‌ത്തിവയ്‌പിനും കരിഞ്ചന്തയ്‌ക്കുമെതിരെ ഒഞ്ചിയത്തും പരിസരങ്ങളിലും പൊതുവെ മലബാറിലുടനീളം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ മുൻകൈയിലാണ് സമരങ്ങൾ നടക്കുന്നതെന്ന് മനസ്സിലാക്കിയ മദിരാശി സർക്കാർ സായുധപൊലീസിനെ ഇറക്കി നാടെങ്ങും നരനായാട്ട് നടത്തി. ഈയൊരു പ്രക്ഷുബ്ധമായ ചരിത്രസാഹചര്യത്തിലാണ് ഒഞ്ചിയം വെടിവയ്‌പും ധീരോദാത്തമായ രക്തസാക്ഷിത്വവും സംഭവിച്ചത്.

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കത്തിജ്വലിച്ചുനിന്ന കുറുമ്പ്രനാട്ടിലെ ചോരയിൽ കുതിർന്ന പോരാട്ടങ്ങളുടെ സ്മരണയാണ് ഒഞ്ചിയം രക്തസാക്ഷിത്വം. അത് കേരളത്തിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളുടെയും ആത്മസമർപ്പണത്തിന്റെയും ചരിത്രമാണ്‌. കൽക്കത്തയിൽ നടന്ന രണ്ടാം പാർടി കോൺഗ്രസിന്റെ തീരുമാനങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഒഞ്ചിയത്ത് കുറുമ്പ്രനാട് താലൂക്ക് പാർടി യോഗം നടക്കുന്നെന്ന വിവരമറിഞ്ഞാണ് മലബാർ പൊലീസ് ഇരച്ചെത്തിയത്. ദേശരക്ഷാസംഘമെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ജന്മിപ്രമാണിവർഗത്തിന്റെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയായിരുന്നു ഒഞ്ചിയത്തെ നരഹത്യ. നിരപരാധികളായ കർഷക സഖാക്കളെ വീടുകൾ പരതി കസ്റ്റഡിയിലെടുക്കുന്ന പൊലീസ്‌ രാജിനെതിരെ ഉയർന്നുവന്ന പ്രതിഷേധ സമരമുഖത്താണ് വെടിവയ്‌പുണ്ടായത്. തുടർന്ന്, ഒഞ്ചിയത്തും പരിസരപ്രദേശത്തും പൊലീസ് നടത്തിയ നരനായാട്ടിലാണ് സ. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും ലോക്കപ്പ് മുറിയിൽ ക്രൂരമർദനങ്ങൾക്കിരയായതിനെ തുടർന്ന് രക്തസാക്ഷിയാകുന്നത്.

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ ഈ 76-ാം വാർഷികം കോർപറേറ്റ് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ ദീർഘകാല പോരാട്ടത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനുള്ള അവസരമാക്കിമാറ്റണം. സമൂഹത്തിന്റെ പൊതുബോധമായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷ വർഗീയതയെയും അതിന്റെ മറുവശമായ ന്യൂനപക്ഷ വർഗീയ തീവ്രവാദശക്തികളെയും തുറന്നുകാട്ടാനും ശരിയായ മതനിരപേക്ഷ അവബോധം ജനങ്ങളിലെത്തിക്കാനും നമുക്ക് കഴിയണം. ആ ദിശയിൽ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെയാകെ ഏകോപിപ്പിക്കാനും സമൂഹത്തെ പ്രാചീനതയുടെ കൂരിരുട്ടിലേക്ക് തള്ളുന്ന വർഗീയശക്തികളെ ഒറ്റപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടുപോകാം. ഒഞ്ചിയം രക്തസാക്ഷികളുടെ ധീരസ്മരണകൾക്കുമുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.