രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505, 295എ എന്നീ വകുപ്പുകൾ പ്രകാരം മോദിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടും ഡൽഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സ. പുഷ്പീന്ദർ സിങ് ഗ്രെവാളും ഇന്നലെ പോലീസ് ആസ്ഥാനത്തെത്തിയാണ് പരാതി കൈമാറിയത്. ഡൽഹി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരാതി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ നേരിട്ട് പരാതി രേഖപ്പെടുത്തി. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷന്റെ നടപടി ശരിയായില്ല എന്നും നിയമമോപദേശം തേടിയ ശേഷം പ്രധാനമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്ററ്റര്‍ ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
