Skip to main content

രാഹുലിന്‌ ബിജെപിയുടെ സ്വരം, ബിജെപിക്ക് ബദലെന്ന അവകാശവാദത്തിൽനിന്നും മാറി സ്വയം അവരുടെ ബി ടീമായി കോൺഗ്രസ് അധഃപതിക്കുകയാണ്

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോൾ പറഞ്ഞ പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത്‌ എന്തുകൊണ്ടാണ് എന്നാണ്. പ്രചാരണത്തിനായി കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയും കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും ഇതേ പ്രസ്താവന ആവർത്തിക്കുകയാണുണ്ടായത്. ബിജെപിക്ക് ബദലെന്ന അവകാശവാദത്തിൽനിന്നും മാറി സ്വയം അവരുടെ ബി ടീമായി അധഃപതിക്കുന്ന കോൺഗ്രസിനെയാണ് ഇതിലൂടെ നമുക്ക് കാണാനാകുന്നത്.

ഇന്ത്യയിലെ ഇടതുപക്ഷം നടത്തുന്ന ഇടപെടലുകൾ രാഷ്ട്രീയ ഭേദമന്യേ അംഗീകാരം നേടിയിട്ടുള്ള ഒന്നാണ്. താനൊരു കമ്യൂണിസ്റ്റല്ലെന്ന് എപ്പോഴും ഓർമപ്പെടുത്താറുള്ള പ്രസിദ്ധനായ രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ സ്ഥിതിഗതികളെ വിശകലനം ചെയ്തുകൊണ്ട് പറഞ്ഞ കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ‘‘രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ രണ്ട് തരം ശക്തികളെയാണ് കാണുന്നത്. റിപ്പബ്ലിക്കിനെ തകർക്കാൻ ശ്രമിക്കുന്നവരും റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നവരും. ഇടതുപക്ഷത്തിന്റെ അവശേഷിപ്പുകൾ രാജ്യത്തിന്റെ പ്രതിരോധ ശക്തികളുടെയും റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന്റെയും വളരെ നിർണായകമായ ഭാഗമാണ്. ഞാൻ വീണ്ടും പറയുന്നു, വോട്ടുകളുടെയും സീറ്റുകളുടെയും അടിസ്ഥാനത്തിൽ ഇടതുപക്ഷത്തിന്റെ ശക്തി വിലയിരുത്തരുത്. നമ്മുടെ റിപ്പബ്ലിക്കിനെ തിരിച്ചെടുക്കാൻ ഇടതുപക്ഷത്തിന് രാജ്യത്ത് വളരെ നിർണായകമായ റോൾ വഹിക്കാനുണ്ട്. റിപ്പബ്ലിക്കിനെ വീണ്ടെടുക്കാൻ ഒരേയൊരു മാർഗം താഴെത്തട്ടിലേക്ക് പോകുകയെന്നതാണ്. ‘എലീറ്റ് ഓഫ് ദി കൺട്രി ബ്രീട്രേയ്ഡ് കൺട്രി ’. ഭരണവർഗം രാജ്യത്തിന്റെ അടിസ്ഥാനങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നു. അതിനാൽ നമ്മൾ താഴെത്തട്ടിലേക്ക് പോകണം. അതിന് ഇടത് പാർടികൾ വളരെ നിർണായകമായ സഖ്യകക്ഷിയാണ്. അതുപോലെ തന്നെ രാജ്യം ഇടതുപക്ഷത്തെ റീ ഡിസ്കവർ ചെയ്യണം''.

രാജ്യത്തെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷത്തിന്റെ റോൾ സുപ്രധാനമാണെന്ന് വർത്തമാനകാല സംഭവങ്ങൾ പരിശോധിച്ചാൽത്തന്നെ വ്യക്തമാകുന്നതാണ്. ഇടതുപക്ഷത്തിന്റെ ഈ നിലപാട് തിരിച്ചറിഞ്ഞിട്ടുള്ളത്‌ ഒരു വിഭാഗം സംഘപരിവാറുകാരാണ്. ത്രിപുര തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടപ്പോൾ തങ്ങൾ നേടിയ പ്രത്യയശാസ്ത്ര വിജയമാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിക്കുകയുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് ആർഎസ്എസിന്റെ സർസംഘചാലക്, മാർക്സിസത്തേയും ഇടതുപക്ഷത്തേയും ഉൻമൂലനം ചെയ്യുകയെന്നതാണ് അടിയന്തര കടമയെന്ന് എടുത്തുപറഞ്ഞത്. ഇന്ത്യയിലെ സംഘപരിവാർ അജൻഡകളെ താഴെത്തലംവരെ പ്രതിരോധിക്കുന്നതിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ കർഷക സമരങ്ങൾക്കും തൊഴിലാളി സമരങ്ങൾക്കും ഉൾപ്പെടെ നേതൃപരമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ സാധാരണ ജനതയുടെ ശബ്ദം ഉയർന്നുവരുന്നത് ഇടതുപക്ഷത്തിലൂടെയാണ്.

മതനിരപേക്ഷതയെ തകർക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളെ രണ്ടാംകിട പൗരൻമാരായി കാണുന്ന പൗരത്വ ഭേദഗതി ബില്ലുൾപ്പെടെയുള്ള നയങ്ങൾക്കെതിരെ ഇന്ത്യൻ പാർലമെന്റിൽ പോരാടിയത് ഇടതുപക്ഷമാണ്. ബിൽക്കിസ് ബാനു കേസ്, ബുൾഡോസർ രാജ് തുടങ്ങിയവയിലെല്ലാം ഈ നിലപാട് കാണാവുന്നതാണ്. ഇടതുപക്ഷം സ്വീകരിക്കുന്ന ഈ രാഷ്ട്രീയനിലപാടാണ് ഇന്ത്യൻ മതനിരപേക്ഷതയുടെ കാവൽ ഭടൻമാരായി ഇടതുപക്ഷത്തെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ബിജെപിക്കെതിരായി ഇത്തരം പോരാട്ടം ഇടതുപക്ഷം നടത്തുമ്പോൾ കോൺഗ്രസ് ബിജെപിയുടെ അജൻഡകളുമായി താതാത്മ്യം പ്രാപിക്കുന്നുവെന്ന പ്രശ്നമാണ് ഇടതുപക്ഷം എല്ലാ ഘട്ടത്തിലും മുന്നോട്ടുവയ്‌ക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നതിന് അത്തരം നയം സ്വീകരിക്കുന്നതിന് കോൺഗ്രസ് തയ്യാറാകുന്നില്ല എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനും രാഹുലിനുമെതിരായി ഉന്നയിച്ച വിമർശം. അത്തരം നയങ്ങൾ കോൺഗ്രസ് തിരുത്തണമെന്നാണ് അതിലൂടെ ഉന്നയിക്കപ്പെട്ടത്.

നെഹ്റു കുടുംബത്തിലെ ഒരംഗം എന്ന നിലയിലാണ് രാഹുൽ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് കാലെടുത്തുവയ്‌ക്കുന്നത്. മതനിരപേക്ഷതയുടെയും ചേരിചേരാ നയത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങളെ മുന്നോട്ടുവച്ചുകൊണ്ടാണ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു പ്രവർത്തിച്ചത്. കോൺഗ്രസിന്റെ ഈ പാരമ്പര്യത്തെയാകെ നിഷേധിച്ച്‌ മുന്നോട്ടുപോകുകയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്യുന്നത്. നെഹ്റു സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളുൾപ്പെടെ വിറ്റുതുലയ്ക്കാൻ ബിജെപിക്കൊപ്പം കൂട്ടുനിൽക്കുകയാണ് കോൺഗ്രസ്‌ ചെയ്യുന്നത്. ദേശീയ കമ്പോളത്തെ സംരക്ഷിച്ച്‌ ഇറക്കുമതി ബദൽ വികസന നയവുമായാണ് നെഹ്റു മുന്നോട്ടുപോയത്. ആ പാരമ്പര്യവും രാഹുലും കോൺഗ്രസും ഉപേക്ഷിച്ചിരിക്കുകയാണ്. ഈ ദൗർബല്യമാണ് ഇടതുപക്ഷം ചൂണ്ടിക്കാണിച്ചത്. രാഷ്ട്രത്തെ രൂപപ്പെടുത്തുകയും യോജിപ്പിക്കുകയും ചെയ്യുന്ന ഇത്തരം നയങ്ങൾ ഇടതുപക്ഷമാണ് മുന്നോട്ടുവയ്‌ക്കുന്നത്. അതുകൊണ്ടാണ് ഇടതുപക്ഷമില്ലെങ്കിൽ നമ്മുടെ ഇന്ത്യയില്ല എന്ന മുദ്രാവാക്യം കേരളത്തിൽ എൽഡിഎഫ്‌ അവതരിപ്പിച്ചത്.

ഇടതുപക്ഷം നേതൃത്വം നൽകുന്ന ഏക മന്ത്രിസഭയാണ് കേരളത്തിലുള്ളത്. കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. മതനിരപേക്ഷത സംരക്ഷിച്ചും ബദൽ സാമ്പത്തിക നയം അവതരിപ്പിച്ചും സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ സർക്കാരിനെ ദുർബലപ്പെടുത്താൻ ഗവർണറെ ഉപയോഗപ്പെടുത്തിയും സാമ്പത്തിക ഉപരോധമേർപ്പെടുത്തിയും ബിജെപി സർക്കാർ പ്രവർത്തിച്ചപ്പോൾ അതിനെതിരെ ശക്തമായ പോരാട്ടം ഉയർന്നുവന്നു. ഡൽഹിയിൽതന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന സമരം സംഘടിപ്പിച്ചു. കോടതിയിൽ സജീവമായി ഇടപെട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ സമരം തന്നെ നയിച്ചു. ഇന്ത്യയിലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുൾപ്പെടെ കേന്ദ്ര അവഗണനയ്ക്കെതിരെ രംഗപ്രവേശം ചെയ്യുന്നതിന് ഇത് പ്രചോദനമായി.

രാജ്യത്താകമാനം ബദൽ നയങ്ങളുയർത്തുന്നതിന് തയ്യാറാകുന്ന സർക്കാരിനെ തകർക്കാൻ ബിജെപി കിണഞ്ഞുപരിശ്രമിക്കുകയാണ്. അതിനെയെല്ലാം പ്രതിരോധിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത സർക്കാരുകൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ തടവിലാക്കുന്നതുൾപ്പെടെയുള്ള നയങ്ങളുമായി ബിജെപി മുന്നോട്ടുപോവുകയാണ്. ഇത്തരം നയങ്ങൾക്കെതിരെയും ഇടതുപക്ഷം ശക്തമായി പോരാടുകയാണ്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയപ്പോൾ അതിനെതിരെ ശക്തമായാണ് ഇടതുപക്ഷം പ്രതികരിച്ചത്. ദേശാഭിമാനി അതിന് നൽകിയ തലക്കെട്ട് ‘ജനാധിപത്യം അപകടത്തിൽ’ എന്നതായിരുന്നു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്തപ്പോഴും ബിജെപി നിലപാടിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച തീരുമാനം വന്നപ്പോഴും അതിൽ ആഹ്ലാദിക്കുന്ന നിലപാടല്ല ഇടതുപക്ഷം സ്വീകരിച്ചത്.

മറ്റു പാർടികൾക്കെതിരെ ബിജെപി നീങ്ങിയപ്പോൾ കോൺഗ്രസും രാഹുൽ ഗാന്ധിയും പ്രതിഷേധിക്കാൻപോലും തയ്യാറായിരുന്നില്ല. അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ച ബിജെപി നടപടിക്ക് അടിസ്ഥാനമായത് കോൺഗ്രസ് നൽകിയ പരാതിയായിരുന്നു. ഉപമുഖ്യമന്ത്രി സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയപ്പോഴും കോൺഗ്രസിന് മിണ്ടാട്ടമുണ്ടായില്ല. തെലങ്കാനയിൽനിന്നും കെ കവിതയെ അറസ്റ്റ് ചെയ്തപ്പോഴും പ്രതികരിക്കാതെ ബിജെപിക്കൊപ്പം നിൽക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്. രണ്ട് മുഖ്യമന്ത്രിമാർ ബിജെപിക്ക് വഴിപ്പെട്ടില്ല എന്നതിന്റെ പേരിൽ ജയിലിൽ കിടക്കുകയാണ്. ബിജെപിക്ക് ബദലാകുന്നുവെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധി ബിജെപിക്ക് വശപ്പെടാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദ്യമുയർത്തുകയാണ്. മേൽസൂചിപ്പിച്ചതുപോലെ ബിജെപിക്ക് വഴങ്ങുന്നില്ലെന്ന് മാത്രമല്ല രാജ്യമാകെ മാതൃക കാണിക്കുന്നവിധം പ്രതിരോധവും ബദൽ നയങ്ങളും മുന്നോട്ടുവയ്‌ക്കുന്ന മുഖ്യമന്ത്രിയെയാണ് അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി വാദിക്കുന്നത്.

നെഹ്റു കുടുംബവുമായി ബന്ധമുള്ള റോബർട്ട് വാധ്രയ്‌ക്കെതിരെ കേന്ദ്ര ഏജൻസികൾ വന്നപ്പോൾ അതിൽനിന്നും രക്ഷപ്പെടാൻ 170 കോടി ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് കൊടുത്തവരാണ് ഇവിടെ വന്ന് ബിജെപിക്കെതിരെ സംസാരിക്കുന്നത്. സ്വന്തം മുന്നണിയിലെ ഘടകകക്ഷിയുടെ കൊടിയുയർത്താൻ പോലും കഴിയാത്തവിധം ദുർബലമാവുകയാണ് കോൺഗ്രസിന്റെ ബിജെപി വിരുദ്ധ നിലപാട്. സ്വന്തം പാർടിയെ ശരിയായ രാഷ്ട്രീയ നിലപാടോടെ നയിക്കാനോ മുന്നണി സംവിധാനത്തിന്റെ മര്യാദകൾ പാലിക്കാനോ ഒരു വേദിയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അറിയുകയോ ചെയ്യാത്ത രാഷ്ട്രീയ പാപ്പരത്തമാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ഉപദേശകരും ചെയ്തുകൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയെപ്പോലെ പൂർവികരുടെ മഹിമകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയൻ. കേസെന്ന് കേട്ടപ്പോൾ ബിജെപിയിലേക്ക് ചാടിയ കോൺഗ്രസുകാരുടെ പാരമ്പര്യമല്ല പിണറായിയുടേത്. പോരാട്ടത്തിലൂടെ ജനങ്ങളോടൊപ്പം അണിനിരന്ന പാരമ്പര്യമാണ്. അടിയന്തരാവസ്ഥക്കാലത്തെ മർദനവും ജയിൽവാസവുമെല്ലാം അവരുടെ ജീവിതത്തിലെ പോരാട്ടത്തിന്റെ അടയാളങ്ങളാണ്.

രാജ്യത്ത് സംഘപരിവാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരടിക്കുന്ന രാഷ്ട്രീയ നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. ആ തിളക്കമാർന്ന രാഷ്ട്രീയം രാഹുലിന്റെ ജൽപ്പനം കൊണ്ട് തകർന്നുവീഴില്ലെന്നോർക്കണം. ബിജെപിക്കുവേണ്ടി രാഹുൽ നടത്തുന്ന കുഴലൂത്ത് ജനാധിപത്യ കേരളം തിരിച്ചറിയും. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറുകയാണ് എന്നതിന് അടിവരയിടുകയാണ് രാഹുലിന്റെ പ്രസ്താവന.
 

കൂടുതൽ ലേഖനങ്ങൾ

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി

തനിക്കെതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മെയ് ദിനം നീണാൾ വാഴട്ടെ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനം. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവും.

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം ഓർമ്മപ്പെടുത്തുന്നത്

ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രമാണ് മെയ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ശോഭാസുരേന്ദ്രൻ, കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു

പാർടിയേയും തന്നെയും അധിക്ഷേപിക്കുന്നതിന് വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയ ബിജെപി നേതാവ്‌ ശോഭാസുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ സ. ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു.