Skip to main content

രാജ്യമാകെ സംഘപരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസ് നിർലജ്ജം ബിജെപിക്ക് മുന്നിൽ കീഴടങ്ങിക്കൊണ്ടിരിക്കുന്നത്

അരുണാചൽ പ്രദേശ്.. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്ന പ്രദേശം. 1980 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 43 വർഷക്കാലയളവിൽ 8 തവണയും കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടായ സംസ്ഥാനം. 1980 മുതൽ 1996 വരെയും 2004 മുതൽ 2016 വരെയും തുടർച്ചയായ ഭരണം കോൺഗ്രസ് കാഴ്ചവെച്ച സംസ്ഥാനം.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 60 സീറ്റിൽ 42 എന്ന മൃഗീയഭൂരിപക്ഷത്തോടെ അരുണാചൽ പ്രദേശിലെ ജനത കോൺഗ്രസിനെ അധികാരത്തിലേറ്റി. ബിജെപിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ഈ കോൺഗ്രസ്, 42 സീറ്റ് കിട്ടിയ കോൺഗ്രസ് പാർടി മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിൽ കൂടെയുള്ള 41 എംഎൽഎമാരെയും കൂട്ടി ഒരു രാത്രി വെളുത്തപ്പോൾ പാർടി മാറി. ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ പീപ്പിൾസ് പാർടി ഓഫ് അരുണാചൽ പ്രദേശിൻ്റെ നേതൃത്വത്തിലുള്ള പുതിയ പാർടി തൊട്ടടുത്ത ദിവസം അധികാരത്തിൽ.. മുഖ്യമന്ത്രി പേമ ഖണ്ഡു തന്നെ.

തീർന്നില്ല, രണ്ട് മാസം കഴിഞ്ഞപ്പോൾ ഇതേ പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിൽ ഇതേ എംഎൽഎമാർ വീണ്ടും ചാടി. ഇത്തവണ ചാട്ടം നേരിട്ട് ബിജെപിയിലേക്ക്. അങ്ങനെ 60 സീറ്റുള്ള നിയമസഭയിൽ 11 സീറ്റ് മാത്രം ലഭിച്ച ബിജെപി അരുണാചൽ പ്രദേശിൽ അധികാരത്തിലെത്തി. അപ്പോഴും മുഖ്യമന്ത്രി പേമ ഖണ്ഡു. 2016ൽ കോൺഗ്രസിൻ്റെ നേതാവായിരുന്ന, കോൺഗ്രസിൽ നിന്ന് മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു.

2014ൽ കോൺഗ്രസിന് 75% സീറ്റ് നൽകിയ അരുണാചൽ പ്രദേശിലെ ജനങ്ങൾ 2019ൽ കോൺഗ്രസിന് നൽകിയത് 4 സീറ്റ് മാത്രം. പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിൽ ബിജെപി 2019ൽ വീണ്ടും അധികാരത്തിൽ വന്നു. 2024ലെ പുതിയ തെരഞ്ഞെടുപ്പിലെത്തി നിൽക്കുമ്പോൾ 2019-24 കാലഘട്ടത്തിൽ കോൺഗ്രസ് എംഎൽഎമാരായിരുന്ന 4ൽ 3 പേരും ബിജെപിയിലേക്ക് പോയതായി പ്രഖ്യാപിച്ചു. ഇങ്ങനെ 2016നും 2024നും ഇടയിൽ 8 വർഷം കൊണ്ട് അരുണാചാലിൽ മാത്രം കോൺഗ്രസ് ബിജെപിക്ക് സംഭാവന ചെയ്തത് 45 എംഎൽഎമാരെയും ഒരു മുഖ്യമന്ത്രിയേയും അഞ്ചിലധികം മന്ത്രിമാരെയുമാണ്.

കഥ തീരുന്നില്ല, അരുണാചൽ പ്രദേശ് നിയമസഭയിലേക്ക് നാമനിർദേശം സമർപ്പിക്കാനുള്ള തീയതി അവസാനിച്ചപ്പോൾ 5 ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസിന് മത്സരിക്കാനാളില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിക്കെതിരെപോലും കോൺഗ്രസിന് സ്ഥാനാർത്ഥിയില്ല. അതായത് കോൺഗ്രസുകാരുടെ കൂടി പിന്തുണയോടെ 5 ബിജെപി പ്രതിനിധികൾ അരുണാചൽ പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണ് ഇപ്പോൾ.

നാം ഭരണഘടന സംരക്ഷിക്കണമെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കരുതെന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തിൽ അതിശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും രാജ്യമാകെ സംഘപരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് കോൺഗ്രസ് നിർലജ്ജം ബിജെപിക്ക് മുന്നിൽ കീഴടങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ നാളെ ഏതെങ്കിലും മാധ്യമങ്ങൾ ഈ വിഷയത്തിൽ ചോദ്യം ചോദിച്ചാൽ അരുണാചൽ പ്രദേശിലെ കാര്യമൊന്നും എനിക്കറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റും കേരളത്തിലെ പ്രതിപക്ഷ നേതാവും പറയും. അതിനുള്ള മറുപടി കൂടിയായിരിക്കും മതനിരപേക്ഷ കേരളം ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന് നൽകുക.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.