Skip to main content

പൗരത്വ ഭേദഗതി നിയമത്തെ സിപിഐ എം തുടക്കത്തിലേ എതിർത്തപ്പോൾ കേരളത്തിലെ യുഡിഎഫ് അതിന് തയ്യാറായില്ല

ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പുറത്തുവരുന്നത് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീംകോടതിയുടെ കർക്കശമായ നിലപാടിനെത്തുടർന്ന് ദയനീയമായി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ ആര്‌ വാങ്ങിയെന്നും അത് ഏത് രാഷ്ട്രീയ പാർടിക്കാണ് നൽകിയതെന്നുമുള്ള വിവരം മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കാനായിരുന്നു ഫെബ്രുവരി 15ന്റെ ചരിത്രപരമായ വിധിന്യായത്തിൽ സുപ്രീംകോടതി പറഞ്ഞത്. ഈ വിവരങ്ങൾ പുറത്തുവരുന്നത് കോർപറേറ്റുകളും മോദി സർക്കാരും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. സുപ്രീംകോടതിതന്നെ വിധിന്യായത്തിൽ സൂചിപ്പിച്ചതുപോലെ കൊടുക്കൽ വാങ്ങലുകളുടെ വിവരങ്ങൾ പുറത്തുവരും. 1984ൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി (543 സീറ്റിൽ 414) അധികാരത്തിൽ വന്നിട്ടും ബൊഫോഴ്സ് അഴിമതിക്കേസിൽപ്പെട്ട് അധികാരം നഷ്ടമായ രാജീവ് ഗാന്ധിയുടെ പാതയിലേക്കാണ് ഇലക്ടറൽ ബോണ്ട് അഴിമതി പുറത്തുവരുന്നതോടെ മോദി സർക്കാരും നീങ്ങുക. ഇത് തടയാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സമ്മർദം ചെലുത്തി വിവരങ്ങൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ടത്. 18–--ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്‌ വരാതിരിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്.

ഇതോടെ ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചിരുന്ന സിപിഐ എമ്മും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീംകോടതിയിലെത്തി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി സമയം നീട്ടിനൽകണമെന്ന എസ്ബിഐയുടെ ഹർജി തള്ളിയതും മാർച്ച് 12നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ ഉത്തരവിട്ടതും. മാർച്ച് 15ന് പ്രസ്തുത വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താനും സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ മോദി സർക്കാരിന്റെ വൻ അഴിമതി മാലോകർ അറിയുമെന്നുറപ്പായി. അതിനാൽ, ഈ വിഷയം പൊതുസമൂഹം ചർച്ച ചെയ്യാതിരിക്കാനാണ് പൊടുന്നനെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. മാർച്ച് 11ന് രാവിലെയാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കമീഷന്‌ കൈമാറണമെന്ന പരമോന്നത കോടതിയുടെ വിധിയുണ്ടായത്. അന്ന് വൈകിട്ടാണ് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്. ഇലക്ടറൽ ബോണ്ടിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടുന്നതിനൊപ്പം മതധ്രുവീകരണം സൃഷ്ടിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയെന്നതും ബിജെപിയുടെ ലക്ഷ്യമാണ്. പശ്ചിമ ബംഗാൾ, അസം തുടങ്ങി മുസ്ലിങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ ഇതുവഴി സീറ്റുകൾ ഉറപ്പിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 2019 ഡിസംബറിൽ പാർലമെന്റ്‌ പാസാക്കുകയും തൊട്ടടുത്തദിവസംതന്നെ രാഷ്ട്രപതി ഒപ്പുവയ്‌ക്കുകയും ചെയ്ത നിയമമാണ് നാലു വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പാക്കുന്നത്.

പൗരത്വ ഭേദഗതി നിയമം പാസാക്കപ്പെട്ട വേളയിൽ രാജ്യത്ത് വൻ പ്രക്ഷോഭമാണ് ഉയർന്നത്. ഷഹീൻ ബാഗിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഉണ്ടായ പ്രക്ഷോഭംതന്നെ ഉദാഹരണം. സമാനമായ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നാൽ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച ചർച്ച ഒഴിവാക്കാമെന്നാണ് മോദിയും ബിജെപിയും കരുതുന്നത്.

ഭരണഘടനാ വിരുദ്ധമാണ് ഈ പൗരത്വ ഭേദഗതി നിയമം. മതനിരപേക്ഷ രാഷ്ട്രത്തിൽ പൗരത്വത്തിന്റെ അടിസ്ഥാനം മതമാകുന്നുവെന്നതാണ് അപകടകരമായ കാര്യം. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാംവകുപ്പനുസരിച്ച് ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവർക്കും അവരുടെ മക്കൾക്കും ഇന്ത്യയിൽ അഞ്ചുവർഷമായി താമസിക്കുന്നവർക്കും പൗരത്വത്തിന് അർഹതയുണ്ട്. എന്നാൽ, ഭേദഗതി നിയമം നടപ്പാക്കുന്നതോടെ 2014 ഡിസംബർ 31ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ മുസ്ലിങ്ങളല്ലാത്ത അഭയാർഥികൾക്കുമാത്രം പൗരത്വം നൽകും. ഈ മൂന്ന് രാജ്യത്തുനിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാഴ്സി, സിഖ്, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പൗരത്വം നൽകുക. പീഡനങ്ങളിൽനിന്ന് രക്ഷപ്പെട്ട് വന്നവർക്കാണ് പൗരത്വം നൽകുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അങ്ങനെയെങ്കിൽ എന്തുകൊണ്ട് നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഈ ആനുകൂല്യം നൽകുന്നില്ലെന്ന ചോദ്യമുയരുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യത്തുനിന്നുള്ള മുസ്ലിങ്ങളല്ലാത്തവർക്കുമാത്രം പൗരത്വം എന്നതിനു പിന്നിലെ ഗൂഢലക്ഷ്യം വർഗീയചേരിതിരിവ് സൃഷ്ടിക്കലല്ലാതെ മറ്റൊന്നുമല്ല.

ഇലക്ടറൽ ബോണ്ടിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും വ്യക്തമായ നിലപാടെടുത്ത പാർടിയാണ് സിപിഐ എം. ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർടി സിപിഐ എമ്മാണ്. ബോണ്ടുവഴി പണം സ്വീകരിക്കാനും സിപിഐ എം തയ്യാറായില്ല. അതിനായി എസ്ബിഐയിൽ അക്കൗണ്ടും പാർടി തുറന്നില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ഇലക്ടറൽ ബോണ്ടുകൾവഴി പണം സ്വീകരിച്ചു. ഏതൊക്കെ കോർപറേറ്റുകളുമായാണ് ബിജെപിക്ക് ബന്ധം എന്നതുപോലെ കോൺഗ്രസിനുള്ള ബന്ധവും തെരഞ്ഞെടുപ്പ് കമീഷൻ വിവരങ്ങൾ പുറത്തുവിടുന്നതോടെ വോട്ടർമാർക്ക് ബോധ്യമാകും.

പൗരത്വ ഭേദഗതി നിയമത്തെയും സിപിഐ എം തുടക്കത്തിലേ എതിർത്തു. അതിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും പാർടിയും എൽഡിഎഫും തയ്യാറായിരുന്നു. എന്നാൽ, കേരളത്തിലെ യുഡിഎഫ് അതിന് തയ്യാറായില്ല. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനാണ്. നിയമത്തിനെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ പ്രമേയം പാസാക്കുകയും ചെയ്തു. തുടർന്നാണ് മറ്റ് അരഡസനോളം സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയത്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മഞ്ചേശ്വരംമുതൽ പാറശാലവരെ മനുഷ്യച്ചങ്ങല തീർക്കാനും തയ്യാറായി. പൗരത്വ നിയമം പാർലമെന്റിൽ പാസാക്കിയപ്പോഴും കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴും പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, ഭരണഘടനാവിരുദ്ധമായി മതാധിഷ്ഠിത പൗരത്വം അനുവദിക്കുന്ന നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയു ചെയ്തു. പുതിയ വിജ്ഞാപനത്തിനെതിരെയും സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

രാജ്യത്തെ മതരാഷ്ട്രത്തിലേക്ക് നയിക്കുന്ന മോദി സർക്കാരിന്റെ എല്ലാ നടപടികളെയും ശക്തിയുക്തം എതിർക്കാൻ സിപിഐ എം തയ്യാറായി. ജമ്മു കശ്മീരിനുള്ള പ്രത്യേകാവകാശം അനുവദിക്കുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ് റദ്ദാക്കിയപ്പോൾ അതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജിയും നൽകി. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ അത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയച്ചടങ്ങാണെന്ന് തുറന്നുപറഞ്ഞ് സിപിഐ എം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. ദിവസങ്ങൾ കഴിഞ്ഞാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് വന്നത്. എന്നാൽ, കോൺഗ്രസിലെ പല നേതാക്കളും അയോധ്യ സന്ദർശിച്ചു. മുസഫർ നഗറിലും ഡൽഹിയിലും ഉത്തരാഖണ്ഡിലും ഹരിയാനയിലെ നൂഹിലും വർഗീയകലാപങ്ങൾ ഉണ്ടായപ്പോൾ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയും സഹായവും നൽകാൻ സിപിഐ എം മുന്നിട്ടിറങ്ങി. അവിടങ്ങളിലൊന്നും കോൺഗ്രസിനെ കണ്ടില്ല. പൗരത്വ ഭേദഗതി നിയമ ചട്ടം വിജ്ഞാപനമായി പുറത്തുവന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ തയ്യാറായില്ല. നിയമം നടപ്പാക്കില്ലെന്ന് പറയാൻ കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരിൽ ആരും തയ്യാറായിട്ടില്ല. ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയോട് ഏറ്റുമുട്ടാൻ മൃദുഹിന്ദുത്വ സമീപനം തിലകക്കുറിയായി കൊണ്ടുനടക്കുന്ന കോൺഗ്രസിന്‌ കഴിയുന്നില്ല. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടത് ഈ മൃദുഹിന്ദുത്വ സമീപനം കാരണമാണ്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഇരുനൂറോളം ലോക്‌സഭാ സീറ്റിൽ 90 ശതമാനത്തിലധികം സീറ്റും ബിജെപിയാണ് നേടുന്നത്. ബിജെപിയെ തുറന്നെതിർക്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് ഇതിനു കാരണം.

കേരളത്തിലെ കോൺഗ്രസും ഇപ്പോൾ ഇതേ പാതയിലാണ്. കേരളത്തിന് അർഹമായ സാമ്പത്തികവിഹിതം നിഷേധിക്കുന്ന വിഷയത്തിലും ഗവർണറുടെ വിഷയത്തിലും കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് തയ്യാറാകാതെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ബിജെപിയുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറായതോടെ പത്മജമാർക്കും അനിൽ ആന്റണിമാർക്കും ഒരു ജാള്യവും ഇല്ലാതെ ബിജെപിയുടെ ഭാഗമാകാമെന്നായി. കാവിപ്പടയെയും കാവി അണിയിക്കുന്ന കോൺഗ്രസുകാരെയും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇക്കുറി തോൽപ്പിക്കും. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞതുപോലെ വിശ്വസിച്ച് വോട്ട് ചെയ്യാൻ പറ്റുന്നത് ഇടതുപക്ഷത്തിന് മാത്രമാണ്. കേരളത്തിലെ ജനങ്ങളുടെ മനസ്സാണ് എം മുകുന്ദൻ വായിച്ചെടുത്തത്.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.