Skip to main content

ഇലക്ടറൽ ബോണ്ട്, തെളിയുന്നത് സിപിഐ എം നിലപാടിന്റെ തിളക്കമാർന്ന വിജയം

ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും അവയുപയോഗിച്ച് പണം കൈപ്പറ്റിയവരുടെയും വിവരങ്ങൾ മാർച്ച് 12ന് തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന സുപ്രീം കോടതി വിധി സിപിഐ എം ഈ വിഷയത്തിൽ ആദ്യം മുതൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണ്.

സിപിഐ എം മുൻകൈ എടുത്ത നിയമയുദ്ധമാണ് ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ച് അവയെ റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധിക്ക് വഴിയൊരുക്കിയത്. എന്നാൽ, കോടതി വിധിയനുസരിച്ച് മാർച്ച് 6നകം തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായില്ല. മൂന്നാഴ്ചത്തെ സമയം ലഭിച്ചിട്ടും ജൂൺ 30 വരെ സമയം ആവശ്യപ്പെട്ടുകൊണ്ട്, സമയപരിധി തീരുന്നതിന്റെ തലേദിവസം എസ്ബിഐ കോടതിയിൽ ഹർജി നൽകുകയാണ് ചെയ്തത്. മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയ്ത എസ്ബിഐക്ക് ഈ വിവരങ്ങൾ വേണ്ടിവന്നാൽ ഒറ്റ ദിവസം കൊണ്ട് സമർപ്പിക്കാനാകുമെന്നിരിക്കെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പരസ്യമാക്കപ്പെടരുത് എന്ന കേന്ദ്രസർക്കാരിന്റെ താൽപ്പര്യത്തിന് അനുകൂലമായ നിലപാടാണ് അവർ സ്വീകരിച്ചത്. ഇഡിയെയും സിബിഐയെയുമൊക്കെ പോലെ എസ്ബിഐയെയും കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണെന്ന് ന്യായമായും സംശയിക്കണം.

എസ്ബിഐക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നൽകിയ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി. കോടതി നിശ്ചയിച്ച സമയപരിധി എസ്‌ബിഐ മനഃപൂർവം ലംഘിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ് പാർട്ടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഹർജി ഫയൽ ചെയ്തത്. ഇന്ന് മുഴുവൻ വിവരങ്ങളും എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ വിവരങ്ങളും അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതിന് വേണ്ടിയാണ് മോദി സർക്കാർ ഇലക്ടറൽ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. സുപ്രീംകോടതിയുടെ ഈ വിധിയോടെ തെരഞ്ഞെടുപ്പ് കഴിയും വരെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. അട്ടിമറിയിലൂടെയും, കുതിരക്കച്ചവടത്തിലൂടെയും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസിനുമേറ്റ കനത്ത തിരിച്ചടിയാണിത്.

6500 കോടിയിൽ പരം രൂപയാണ് ബിജെപി ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ചത്. അധികാരത്തിലില്ലായിരുന്നിട്ടുകൂടി 1120 കോടിയിൽ പരം രൂപ കോൺഗ്രസും വാങ്ങി. ഇലക്ടറൽ ബോണ്ടുകൾ പോലെയല്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റുകൾ നൽകുന്ന സംഭാവനകളുടെ സുതാര്യതയില്ലാതാക്കുന്ന ഇലക്ടറൽ ട്രസ്റ്റ് സംവിധാനം കൊണ്ടുവന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരായിരുന്നു. സത്യത്തിൽ ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് വഴിയൊരുക്കിയത് ഇതാണ്. കോർപ്പറേറ്റുകൾക്ക് ദാസ്യവേല ചെയ്യുന്നതിൽ ബിജെപിയുടെ ഒട്ടും പുറകിലല്ല തങ്ങൾ എന്ന് കോൺഗ്രസ് പല വട്ടം തെളിയിച്ചിട്ടുള്ളതാണ്.

ഇലക്ടറൽ ബോണ്ടുകൾ വഴി രാജ്യത്തെ രാഷ്ട്രീയ സംവിധാനങ്ങളെ പണാധിപത്യംകൊണ്ട് തകർക്കാൻവേണ്ടി നടന്ന നീക്കങ്ങളെ ശക്തമായി എതിർത്തത് സിപിഐ എമ്മാണ്. കോർപ്പറേറ്റ് നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ വർഗീയ-സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാൻ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കണം. അതോടൊപ്പം ബിജെപിയുടെ ഈ നിലപാടുകളെ എതിർക്കാനുള്ള ആർജ്ജവവും ദൃഢനിശ്ചയവുമുള്ള ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽ ഉറപ്പുവരുത്തണം.
 

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.