Skip to main content

കോർപറേറ്റുകൾക്കായി രാജ്യത്ത്‌ നടത്തുന്ന കൊള്ളയെ മറച്ചുവയ്ക്കുന്നതിനുള്ള ഉപാധിയാണ് ഹിന്ദുത്വ രാഷ്ട്രീയം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ്‌ തങ്ങൾ നേടിയെടുക്കുമെന്ന അവകാശവാദവുമായാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. അതുവഴി ബിജെപി ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭൂരിപക്ഷം എത്രയാണെന്ന് നിശ്ചയിച്ചാൽ മതിയെന്നുമുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള പരിശ്രമമാണിത്. രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയമാണ് ഈ വീരവാദത്തിനു പിന്നിലുള്ളത്. വസ്തുതകൾ പരിശോധിച്ചാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാകും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ 65 പാർലമെന്റ് മണ്ഡലങ്ങളിൽ 62ലും വിജയിച്ചത് ബിജെപിയാണ്. ആ ഘട്ടത്തിൽ രാജസ്ഥാൻ 59.1 ശതമാനം, മധ്യപ്രദേശ് 55.8, ഛത്തീസ്ഗഢ് 50.70 ശതമാനം എന്നീ നിലകളിലായിരുന്നു വോട്ട് നേടിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിൽ 41.61 ശതമാനം, മധ്യപ്രദേശ് 48.55, ഛത്തീസ്ഗഢ് 46.27 ശതമാനം എന്ന നിലയിലേക്ക് വോട്ട്‌ കുറയുകയാണ് ചെയ്തത്. ബിജെപിയുടെ ജനപിന്തുണ ഇവിടങ്ങളിൽപ്പോലും കുറയുകയായിരുന്നുവെന്നർഥം. ജനപിന്തുണ പിന്നോട്ടുപോയ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളോടെ വിജയിക്കുമെന്ന പ്രചാരണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിൽപ്പോലും ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിച്ചാൽ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി പരാജയപ്പെടുമെന്ന് വ്യക്തമാണ്.

ബിഹാറിനെക്കുറിച്ചാണ് ഇപ്പോൾ പ്രധാന ചർച്ച നടക്കുന്നത്. അവിടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ 39ലും വിജയിച്ചത് ബിജെപിയും സഖ്യകക്ഷികളുമാണ്. എന്നാൽ, ശക്തമായ പ്രതിപക്ഷനിര അവിടെ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് ബിജെപി സഖ്യം അവിടെ വിജയിച്ചത്. എന്തായാലും അവിടെയും സീറ്റുകൾ വലിയതോതിൽ നഷ്ടമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. 80ൽ 62 സീറ്റ്‌ ബിജെപിക്ക് ലഭിച്ച ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വിജയത്തോടടുത്തിരിക്കുകയാണ്. ബിജെപി മുഴുവൻ സീറ്റിലും വിജയിച്ച ഡൽഹിയിലും ഹരിയാനയിലും പ്രതിപക്ഷ വോട്ടുകൾ യോജിക്കുന്ന നില വന്നുകഴിഞ്ഞിട്ടുണ്ട്. കർഷക സമരം ശക്തിപ്രാപിച്ച പഞ്ചാബിലും ബിജെപിയുടെ നില പരിതാപകരമാകും. കഴിഞ്ഞതവണ 18 സീറ്റിൽ വിജയിച്ച പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് വാട്ടർലൂ ആണ്. കഴിഞ്ഞതവണ ആകെയുള്ള 48 സീറ്റിൽ 41ലും വിജയിച്ച മഹാരാഷ്ട്രയിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും അന്നത്തേക്കാൾ കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്. 21ൽ എട്ട്‌ സീറ്റ്‌ ലഭിച്ച ഒഡിഷയിലെ നിലയും ബിജെപിക്ക് ഭദ്രമല്ല. അതുകൊണ്ടാണ് അവസാനഘട്ടത്തിൽ പുതിയ കൂട്ടുകക്ഷികളെ തേടി ബിജെപി നെട്ടോട്ടമോടുന്നത്. ആന്ധ്രയിലും പുതിയ കൂട്ടുകക്ഷിയെ അന്വേഷിക്കുകയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിൽപ്പോലും ബിജെപി ചെയ്യുന്നത്.

രാജ്യത്ത് വികസിച്ചുവരുന്ന ബിജെപി വിരുദ്ധ മുന്നേറ്റത്തെ വർഗീയ അജൻഡകൊണ്ടും പുതിയ കൂട്ടുകെട്ട് സൃഷ്ടിച്ചും മറികടക്കാനുള്ള നെട്ടോട്ടമാണ് യഥാർഥത്തിൽ ബിജെപി നടത്തുന്നത്. ഈ യാഥാർഥ്യത്തെ മറച്ചുവയ്ക്കാനാണ് കഴിഞ്ഞ തവണത്തേക്കാൾ 97 സീറ്റ്‌ വർധിപ്പിച്ച് 400ൽ എത്തുമെന്ന പ്രചാരവേല നടത്തുന്നത്. ഓരോ സംസ്ഥാനത്തെയും മതനിരപേക്ഷ വോട്ടുകളെ കൂട്ടിയോജിപ്പിക്കാനായാൽ ബിജെപിയുടെ പരാജയം സുനിശ്ചിതമാണ്. ആ ദിശയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുകയാണ്. മോദിയുടെ ഗ്യാരന്റിയെന്ന പേരിൽ വാഗ്‌ദാനങ്ങളുടെ പരമ്പര വാരിവിതറുന്ന പ്രചാരണങ്ങളും ഇപ്പോൾ സജീവമായിട്ടുണ്ട്. എന്നാൽ, ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുന്നോട്ടുവച്ച വാഗ്‌ദാനങ്ങളുടെ നിലയെന്തായി എന്ന് പരിശോധിച്ചാൽ ഇതിന്റെ പൊള്ളത്തരം മനസ്സിലാക്കാനാകും. മോദിയുടെ ഗ്യാരന്റിയുമായി രംഗത്തുവന്നിരിക്കുന്നവർ അച്ഛാദിൻ വാഗ്‌ദാനം ചെയ്തതിനുശേഷം നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതിന്റെ പൊള്ളത്തരം വ്യക്തമാകും. കള്ളപ്പണം പിടിച്ചെടുത്ത് ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ വാഗ്‌ദാനം. അത് നടപ്പായില്ല. പകരം കള്ളപ്പണം ബിജെപിയുടെ അക്കൗണ്ടിൽ എത്തിക്കുന്നതിനുവേണ്ടി ഇലക്ടറൽ ബോണ്ട് രൂപപ്പെടുത്തുകയാണ് ചെയ്തത്. മാത്രമല്ല, വിജയ്‌മല്യ, നീരവ് മോദി തുടങ്ങിയവരുടെ അഴിമതികൾക്കൊപ്പം നിൽക്കുകയും ചെയ്തു. കോർപറേറ്റുകളുടെ നികുതി കുറച്ചും കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയും രാജ്യത്തെ കൊള്ളയടിച്ച അഴിമതിക്കൊപ്പം നിന്നവരാണ് അഴിമതിവിരുദ്ധ രാഷ്ട്രീയത്തിന്റെ അവകാശവാദവുമായി രംഗത്തുവരുന്നത്.

ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനമായിരുന്നു കേന്ദ്ര സർക്കാർ നടത്തിയിരുന്നത്. പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ 78 വകുപ്പിലായി 9,64,000 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് എന്നതാണ്. തൊഴിലില്ലായ്മ 50 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിലപാടെന്ന് ഓർക്കേണ്ടതുണ്ട്. പെട്രോൾ, ഡീസൽ വിലവർധന തടയുമെന്നതായിരുന്നു ബിജെപിയുടെ മറ്റൊരു വാഗ്‌ദാനം. എന്നാൽ, സ്വപ്നത്തിൽപ്പോലും ഇന്ത്യക്കാർ ചിന്തിക്കാത്തവിധം 100 രൂപയ്ക്കു മുകളിലേക്ക് പെട്രോൾ, ഡീസൽ വിലയെത്തിച്ചേർന്നു. 2014 മേയിൽ ഇന്ത്യയിലെ ക്രൂഡ്‌ ഓയിൽ ഇറക്കുമതി വില ബാരലിന് 107 ഡോളറായിരുന്നു. 2023 മേയിൽ അത് 75 ഡോളറിൽ താഴെയായി. ആഗോളവില 30 ശതമാനത്തിലേറെ കുറഞ്ഞപ്പോൾ രാജ്യത്തെ പെട്രോളിന്റെ വില 35 ശതമാനവും ഡീസലിന്റേത് 60 ശതമാനവും വർധിപ്പിച്ചു. 2014–- 2015ൽ 1.26 ലക്ഷം കോടിയായിരുന്ന കേന്ദ്രനികുതി 2021–- 2022 ആകുമ്പോൾ 4.32 ലക്ഷം കോടിയായി വർധിച്ചു. സമാനമായ സ്ഥിതിതന്നെയാണ് ഗ്യാസിന്റെ കാര്യത്തിലുമുണ്ടായത്.

കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനംകൂടി ചേർത്ത് താങ്ങുവില നിശ്ചയിക്കുമെന്ന പ്രഖ്യാപനമാണുണ്ടായത്. എന്നാൽ, അവ നടപ്പാക്കിയില്ലെന്നു മാത്രമല്ല കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് സർക്കാർ സംവിധാനങ്ങളെ ഇല്ലാതാക്കി കോർപറേറ്റുകളുടെ ഔദാര്യങ്ങൾക്ക് കർഷകരെ എറിഞ്ഞുകൊടുക്കുന്ന രീതിയും ആവിഷ്കരിച്ചു. വൈദ്യുതി ബിൽ കൊണ്ടുവന്ന് കർഷകരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇവയ്ക്കെതിരായാണ് ശക്തമായ കർഷക പ്രക്ഷോഭം രാജ്യത്തുയർന്നുവന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച് സബ് കെ സാത്ത് സബ് കാ വികാസ് എന്ന വാഗ്‌ദാനമായിരുന്നു മുന്നോട്ടുവച്ചത്. ഏത് ഉന്നതപഠനവും സ്വായത്തമാക്കാൻ കഴിയുന്നവരായി ന്യൂനപക്ഷ വിഭാഗങ്ങളെ ഉയർത്തുമെന്ന വാഗ്‌ദാനമാണ് നൽകിയത്. എന്നാൽ, ന്യൂനപക്ഷ സ്കോളർഷിപ്പുവരെ എടുത്തുമാറ്റുകയും ആ വിഭാഗങ്ങളുടെ പൗരത്വംപോലും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്‌തു.

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നായിരുന്നു വാഗ്‌ദാനം. പെൺകുട്ടികളെ സംരക്ഷിക്കൂ, പെൺകുട്ടിയെ പഠിപ്പിക്കൂവെന്നായിരുന്നു ആ മുദ്രാവാക്യം. എന്നാൽ, പെൺകുട്ടികൾക്കുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ചില്ലെന്നു മാത്രമല്ല പെൺകുട്ടികൾ വേട്ടയാടപ്പെടുന്ന സ്ഥിതി രാജ്യത്തുണ്ടായി. ഡൽഹിയിലെ നിർഭയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിർഭയ ഫണ്ടും നിർഭയ ആക്ടും കൊണ്ടുവരുമെന്ന വാഗ്‌ദാനവും പാലിക്കപ്പെട്ടില്ല. ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയക്കുന്നതിന് കൂട്ടുനിൽക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.

രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ, ബയോമെട്രിക് സംവിധാനം കൊണ്ടുവന്ന് 10 കോടി തൊഴിലാളികളെ അനർഹരാക്കുന്ന നടപടിയും ഉണ്ടായി. ഇതോടൊപ്പംതന്നെയാണ് കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പിനുള്ള തുകതന്നെ വെട്ടിക്കുറയ്ക്കുന്ന നിലയും സ്വീകരിച്ചത്. ഇത്തരം വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോഴും റിലയൻസ്, അദാനി, ടാറ്റ, ആദിത്യ ബിർള, ഭാരതീയ ടെലികോം എന്നീ അഞ്ച്‌ വ്യവസായ ഗ്രൂപ്പുകൾക്കുമാത്രം മൊത്തം ആസ്തിയിൽ 18 ശതമാനം വർധനയുണ്ടായിരിക്കുകയാണ്. ഇത്തരം നടപടികളിലൂടെ ഏറ്റവും ഉയർന്ന ഒരു ശതമാനത്തിന്റെ യഥാർഥ വരുമാനം 2019ൽ 7.9 ലക്ഷം കോടിയായിരുന്നത് 2022ൽ 10.2 ലക്ഷം കോടി രൂപയായി വർധിച്ചു. ഏറ്റവും താഴെത്തട്ടിലുള്ള 25 ശതമാനത്തിന്റെ വരുമാനം 3.8 ലക്ഷം കോടിയിൽനിന്ന് 3.4 ലക്ഷം കോടിയായി കുറയുകയും ചെയ്തു.

കോർപറേറ്റുകൾ തടിച്ചുകൊഴുക്കുമ്പോൾ ഇന്ത്യയിലെ 104.3 കോടി ജനങ്ങൾക്ക് പോഷകമൂല്യമുള്ള ഭക്ഷണം സാധ്യമല്ലാതിരിക്കുന്ന നിലയാണുള്ളതെന്ന് യുഎൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള പട്ടിണി സൂചികയിൽ 125 രാഷ്ട്രങ്ങളിൽ 111–-ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിനിൽക്കുകയാണ്. കോർപറേറ്റുകൾക്കായി ഇത്തരത്തിൽ രാജ്യത്ത്‌ നടത്തുന്ന കൊള്ളയെ മറച്ചുവയ്ക്കുന്നതിനുള്ള ഉപാധിയാണ് ഹിന്ദുത്വ രാഷ്ട്രീയമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.