Skip to main content

സഖാവ് പി കൃഷ്ണപിള്ള ഓർമ്മദിനം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും അത്യുജ്ജ്വലനായ സംഘാടകനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ് ഇന്ന്. കേരളത്തിലാകെ സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ്.
ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച സഖാവ്, ഉപ്പു സത്യഗ്രഹ കാലത്ത് വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് സംഘടിപ്പിച്ച ജാഥയിലൂടെയാണ് പൊതു രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. അന്ന് ഉപ്പു കുറുക്കാൻ നിയോഗിക്കപ്പെട്ട ഒരു വളണ്ടിയർ സംഘത്തിന്റെ ലീഡർ കൃഷ്ണപിള്ളയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി.
1937ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി സെല്ലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കൃഷ്ണപിള്ള 1939 ൽ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം മുഴുവനായും കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകമായി മാറുകയായിരുന്നു.
ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രചോദന കേന്ദ്രമായിരുന്നു കൃഷ്ണപിള്ള. സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബർ 15 ന്റെ പണിമുടക്കവും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാർടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു. കൽക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെ തുടർന്നുള്ള ആലപ്പുഴയിലെ ഒളിവുജീവിതത്തിനിടെയാണ് 1948 ആഗസ്‌റ്റ്‌ 19-ന്‌ സഖാവ് സര്‍പ്പദംശമേറ്റ്‌ മരണമടയുന്നത്.
കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിൽ നിസ്തുലമായ പങ്കാണ് സഖാവ് കൃഷ്ണപിള്ള വഹിച്ചത്. ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.