സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
__________________________________
സഖാവ് സി എച്ച് കണാരൻ ദിനം മുഴുവൻ പാർടി ഘടകങ്ങളും പ്രവർത്തകരും സമുചിതം ആചരിക്കണം. 1972 ഒക്ടോബർ 20നാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്.
ബാല്യകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലൂടെയാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയിൽ എത്തുന്നത്. മാർക്സിസ്റ്റ് –ലെനിനിസ്റ്റ് സമീപനങ്ങളിൽ ഉറച്ചുനിന്ന് സിപിഐ എമ്മിനെ കേഡർ പാർടിയായി നയിക്കുന്നതിൽ വലിയ പങ്കാണ് സി എച്ച് നിർവഹിച്ചത്. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ജന്മിത്തത്തിന്റെ അടിത്തറ തകർത്ത ഭൂപരിഷ്‌കരണ ബില്ലിന്റെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു.
ഇടത് – വലത് വ്യതിയാനങ്ങളിൽനിന്ന് പാർടിയെ മോചിപ്പിച്ച് ശരിയായ പാതയിലൂടെ നയിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന അതുല്യമാണ്. അത്തരത്തിലുള്ള വികാസത്തിനായി ജീവിതം നീക്കിവച്ച സി എച്ചിന്റെ ഓർമകൾ ജനപക്ഷ നിലപാടുകൾ മുന്നോട്ടുവയ്‌ക്കുന്നതിന് കരുത്തുനൽകും.
പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണയോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണം.