മരംമറഞ്ഞ് കാട് കാണാതിരിക്കരുത്

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ പേരിൽ ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തുന്ന സമരവും അതിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യുഡിഎഫും ബിജെപിയും രംഗത്തുവന്നതും തൊഴിലില്ലായ്മയെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ പൊതുമണ്ഡലത്തിൽ ഉയരുന്നതിന് സഹായിക്കുമെന്ന് കരുതുന്നു. യഥാർഥത്തിൽ മരംമറഞ്ഞിട്ട് കാട് കാണുന്നില്ല എന്ന അവസ്ഥയാണ് ഇവിടെ. സ്ഫോടനാത്മക സ്ഥിതിയിലേക്ക് വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ മൂലകാരണങ്ങൾ കണ്ടെത്താനോ അതിലേക്ക് ചർച്ച കൊണ്ടുപോകാനോ കോൺഗ്രസും ബിജെപിയും വിസമ്മതിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയനേട്ടമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ പാർടികൾക്കുള്ളൂ. മറിച്ച്, തൊഴിലില്ലായ്മയുടെ യഥാർഥ കാരണങ്ങളിലേക്ക് ചർച്ച പോയാൽ പ്രതിക്കൂട്ടിലാകുന്നത് ഈ രണ്ടു പാർടിയായിരിക്കും.

ആഗോള സാമ്പത്തികപ്രതിസന്ധിയെ  തുടർന്ന് 2008 മുതൽ തൊഴിലില്ലായ്മ രൂക്ഷമായി വളരുകയാണ്. കോവിഡ് മഹാമാരിയെത്തുടർന്നുള്ള  ലോക്ഡൗൺ ഈ സ്ഥിതി കൂടുതൽ വഷളാക്കി. ഇന്ത്യയെ സംബന്ധിച്ച് 1994 മുതൽ മൻമോഹൻസിങ് സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ തൊഴിൽമേഖലയെ ഗുരുതരമായി ബാധിച്ചു. കോൺഗ്രസിന്റെ നയങ്ങൾ 2004 മുതൽ നരേന്ദ്ര മോഡി സർക്കാർ തീവ്രമായി നടപ്പാക്കുകയാണ്.

മഹാവിഡ്ഢിത്തമെന്ന് സർവരാലും അംഗീകരിക്കപ്പെട്ട നോട്ട് നിരോധനവും ആസൂത്രണമോ തയ്യാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ജിഎസ്ടിയും സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതാണ്. നോട്ട്‌ നിരോധനം കൊണ്ടുമാത്രം 15 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കിയത്.

തൊഴിൽ മന്ത്രാലയത്തിന്റെ 2019ലെ പീരിയോഡിക്കൽ ലേബർ ഫോഴ്സ് സർവേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിരക്കിലാണ്. തൊഴിൽരഹിതരുടെ എണ്ണം 3.87 കോടിയായി ഉയർന്നുവെന്നാണ് സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) 2021 ജനുവരിയിലെ റിപ്പോർട്ടിൽ പറയുന്നത്. വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ ഇടയിൽ തൊഴിലില്ലായ്മയുടെ തോത് കൂടുതലാണ്. അഭ്യസ്തവിദ്യർക്കിടയിൽ സ്ത്രീകളുടെ തൊഴിലില്ലായ്മയാണ് അധികം എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സിഎംഐഇയുടെ റിപ്പോർട്ട് പ്രകാരം തൊഴിലുകളുടെ എണ്ണം സ്ഥിരമായി കുറയുകയാണ്. 2020 നവംബർ, ഡിസംബർ മാസങ്ങളിൽ 48 ലക്ഷം തൊഴിലാണ് നഷ്ടമായത്. സാമ്പത്തിക പ്രതിസന്ധി കാരണമുള്ള തൊഴിൽനഷ്ടത്തിന് പുറമെ, കേന്ദ്രസർക്കാർതന്നെ തൊഴിലുകൾ വെട്ടിക്കുറയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ വലിയ തോതിലാണ് ജോലിക്കാരെ കുറയ്ക്കുന്നത്. ബിഎസ്എൻഎല്ലിൽമാത്രം 90,000 പേർക്ക് നിർബന്ധിത വിആർഎസ് നൽകി. സ്വമേധയാ വിരമിക്കൽ നിർബന്ധിത പുറന്തള്ളലായി മാറി. 2014-–-15 ൽ കേന്ദ്ര പൊതുമേഖലാ കമ്പനികളിൽ 12.91 ലക്ഷം ജോലിക്കാരുണ്ടായിരുന്നു. 2017–-18ൽ അത് 10.88 ലക്ഷമായി കുറഞ്ഞു. കേന്ദ്രത്തിന്റെ വിവിധ മന്ത്രാലയങ്ങൾ, റെയിൽവേ, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ മൂന്നു വർഷമായി നിയമനം മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയങ്ങളിലും പൊതുമേഖലാ കമ്പനികളിലുമായി ഇപ്പോൾ 15 ലക്ഷം ഒഴിവുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.  ഇതിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ കീഴിൽ 6.8 ലക്ഷം ഒഴിവ്‌, റെയിൽവേയിൽ 3 ലക്ഷം, പ്രതിരോധമേഖലയിൽ 3.1 ലക്ഷം. ഈ രീതിയിൽ നിയമനങ്ങൾ മരവിപ്പിക്കുമ്പോൾ പട്ടികജാതി-–പട്ടികവർഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും സംവരണം ചെയ്യപ്പെട്ട തൊഴിലുകൾ നഷ്ടപ്പെടുന്നു.

സാമ്പത്തിക ഉദാരവൽക്കരണം തുടങ്ങിയശേഷം 2002ലാണ് ബാങ്കിങ്‌ സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് നിർത്തലാക്കിയത്. ബാങ്കിങ്‌ മേഖലയിൽ താൽക്കാലിക ജോലിയും കരാർ ജോലിയും വന്നുതുടങ്ങിയത് സാമ്പത്തിക പരിഷ്കാരത്തിന്റെ ഭാഗമായി രൂപംകൊണ്ട പുതുതലമുറ ബാങ്കുകളിലാണ്. അത് പിന്നീട് പൊതുമേഖലാ ബാങ്കുകളിലേക്കും വ്യാപിച്ചു. എസ്ബിഐയിൽ ഉൾപ്പെടെ സ്ഥിരം പ്യൂൺ, സ്വീപ്പർ തസ്തികകൾ ഇല്ലാതാക്കി. ഇതൊക്കെയാണ് നവഉദാരവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിൽ നഷ്ടപ്പെടുത്തുന്ന പരിപാടികൾ മുന്നോട്ടുപോകുന്നതിനിടയിൽ ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന അതിലൊന്നാണ്. ഇതുപോലെ ചില മുദ്രാവാക്യങ്ങളും  സ്കിൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ് തുടങ്ങിയവ. ഇതൊന്നും പുതിയ തൊഴിൽകൊണ്ടുവരാൻ ഉതകില്ല. അതിനിടെ അപ്രന്റീസ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് അപ്രന്റീസ്ഷിപ് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം ചില പരിപാടികൾ കൊണ്ടുവന്നു. സ്ഥിരം ജോലിക്കാർ ചെയ്യുന്ന തൊഴിലുകൾ തുച്ഛവേതനം നൽകി ഇവരെക്കൊണ്ടു ചെയ്യിക്കാനാണ് ഇതിന്റെ പിന്നിലുള്ള ശ്രമം. അതും വൻകിട വ്യവസായികൾക്ക് ലാഭം വർധിപ്പിക്കാൻ.

അതുപോലെ മറ്റൊരു കാര്യം നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. അനൗപചാരിക ജോലിയുടെ വ്യാപനം. കേന്ദ്രസർക്കാരിന്റെ സാമൂഹ്യാരോഗ്യ- വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായാണ് ആശാ വർക്കേഴ്സ്, അങ്കണവാടി ടീച്ചേഴ്സ് തുടങ്ങിയവരെ നിയമിക്കുന്നത്. സന്നദ്ധസേവനം എന്ന നിലയിൽ കണക്കാക്കി ഇവരെക്കൊണ്ട് തുച്ഛവേതനത്തിന് മുഴുവൻസമയ ജോലി ചെയ്യിക്കുന്നു. കേരളത്തിൽ മാത്രമാണ് ആശാ വർക്കർമാർക്കും അങ്കണവാടി ടീച്ചർമാർക്കും പ്രത്യേകമായ ചില ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുള്ളത്.

കോർപറേറ്റുകൾക്ക് ഓരോ വർഷവും വലിയ സൗജന്യങ്ങളാണ് കേന്ദ്രസർക്കാർ നൽകിവരുന്നത്. 2019ൽ നികുതിയിളവ് നൽകിയതുകൊണ്ട് കേന്ദ്രത്തിനുണ്ടായ വരുമാന നഷ്ടം 2.4 ലക്ഷം കോടി രൂപയെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരം സൗജന്യങ്ങൾ തുടരുകയാണ്. അതേസമയം, തൊഴിലവസരങ്ങൾ ഉണ്ടാകുന്ന വ്യവസായ നിക്ഷേപം വരുന്നുമില്ല. കർണാടക സർക്കാരിന്റെ ഒരു റിപ്പോർട്ട് പ്രകാരം 2006–-07 ൽ 7.4 ലക്ഷം രൂപയുടെ മുതൽമുടക്കുണ്ടാകുമ്പോൾ ഒരാൾക്ക് ജോലി ലഭിച്ചിരുന്നു. 2014-–-15 ആയപ്പോൾ 4.5 കോടി രൂപ മുതൽ മുടക്കുമ്പോഴാണ് ഒരാൾക്ക് ജോലി കിട്ടുന്നത്. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഉൽപ്പാദനരീതികളും തൊഴിലവസരം കുറയാൻ കാരണമായിട്ടുണ്ട്.

വ്യവസായികളുടെ താൽപ്പര്യം സംരക്ഷിക്കാൻ നാല്‌ ലേബർ കോഡ്‌ മോഡി സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. 44 തൊഴിൽ നിയമം ഭേദഗതി ചെയ്താണ് നാല് കോഡ്‌ ഉണ്ടാക്കിയത്. വ്യവസായികൾക്ക് കൂടുതൽ സൗകര്യവും സ്വാതന്ത്ര്യവുമാണ് ഇതിന്റെ ലക്ഷ്യം. ട്രേഡ് യൂണിയൻ അവകാശങ്ങളും തൊഴിലാളികളുടെ സുരക്ഷിതത്വവും പരിമിതപ്പെടുത്താനും കരാർ ജോലികൾ വ്യാപകമാക്കാനും ഉദ്ദേശിച്ചാണ് ഈ നിയമനിർമാണങ്ങൾ നടന്നിട്ടുള്ളത്.

കാർഷികമേഖലയാണ് രാജ്യത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്നത്. പുതിയ നയങ്ങളുടെ ഫലമായി കാർഷികമേഖല വലിയ തകർച്ചയിലാണ്. ഉൽപ്പാദനം കുറയുന്നു. ഉൽപ്പന്നങ്ങൾക്ക് വിലയില്ല. വളത്തിനും വിത്തിനും വലിയ തോതിൽ വില ഉയരുന്നു. കടക്കെണിയിൽപ്പെട്ട് ഓരോ അര മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു. ഇതിനിടയിലാണ് കാർഷിക മേഖലയാകെ കോർപറേറ്റുകളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാൻ മൂന്നു നിയമം കൊണ്ടുവന്നിട്ടുള്ളത്. രാജ്യമെങ്ങും ഇപ്പോൾ കർഷകരുടെ പ്രതിഷേധം അലയടിക്കുകയാണ്. ഇതാണ് ഇന്ത്യൻ കാർഷികമേഖലയുടെ പൊതുചിത്രം.

കോർപറേറ്റ് ഭീമൻമാരുടെ ആവശ്യങ്ങൾ മോഡി സർക്കാർ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വലിയ നികുതിയിളവുകൾ, ഉദാരമായ വായ്പകൾ, കുറഞ്ഞ വേതനത്തിന് ജോലിക്കാർ, തൊഴിലാളി സംഘടനകളുടെ സാന്നിധ്യം കുറയ്ക്കുന്ന നടപടികൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരുന്നു. സാമ്പത്തിക ഉദാരവൽക്കരണവും വർഗീയധ്രുവീകരണ അജൻഡകളും ഒന്നിച്ചു കൊണ്ടുപോകുകയാണ്. ഇത് സുഗമമായി നടപ്പാക്കുന്നതിനാണ് ഏകാധിപത്യ നടപടികൾ. തൊഴിലില്ലായ്മയ്‌ക്കെതിരായ പോരാട്ടം എന്നത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന നവഉദാരവൽക്കരണത്തിനെതിരായ പോരാട്ടമായി മാറ്റണം. അസംതൃപ്തരായ ജനങ്ങളുടെ പ്രതിഷേധം വഴിതിരിച്ചുവിടുന്നതിനും തണുപ്പിക്കുന്നതിനുമാണ് വർഗീയതയും കപട ദേശഭക്തിയും ഉപയോഗിക്കുന്നത്.

സിപിഐ എമ്മിനെ സംബന്ധിച്ച് തൊഴിൽ ചെയ്യാനുള്ള അവകാശം നമ്മുടെ മൗലികമായ ജനാധിപത്യ അവകാശങ്ങളിൽ ഏറ്റവും പ്രധാനമാണ്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദനോപാധികളെല്ലാം ഉപയോഗിക്കുന്നത് ലാഭം വർധിപ്പിക്കാനാണ്. ജനങ്ങളുടെ ആവശ്യത്തിന് അവിടെ സ്ഥാനമില്ല. ഉൽപ്പാദനോപാധികൾ സമൂഹത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും വരുമ്പോഴേ ഈ കൊടിയ ചൂഷണം അവസാനിപ്പിക്കാൻ കഴിയൂ.

തൊഴിലില്ലായ്മയുടെ പ്രശ്നം നമ്മുടെ രാജ്യം നേരിടുന്ന സാമ്പത്തികനയങ്ങളടെ ഫലമാണെന്ന് നാം തിരിച്ചറിയണം. തൊഴിലില്ലായ്മയും തൊഴിൽ ചൂഷണവും അവസാനിപ്പിക്കുന്നതിനുള്ള യോജിച്ച പോരാട്ടത്തിന് തൊഴിലാളികളും തൊഴിൽരഹിതരുമെല്ലാം ഒന്നിച്ച് അണിനിരക്കണം.

റാങ്ക് ലിസ്റ്റിന്റെ പേരിൽ നടക്കുന്ന സമരത്തെക്കുറിച്ചുതന്നെ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. സർക്കാർ സർവീസിലെ ജോലി തൊഴിലില്ലായ്മയ്ക്ക് ഒരിക്കലും പരിഹാരമല്ല. ഉദാരവൽക്കരണ നയങ്ങൾ കാരണം സർവ മേഖലയിലും തൊഴിലുകൾ കുറയുമ്പോൾ യുവതീയുവാക്കൾ സർക്കാർ തൊഴിലിന് കണ്ണുംനട്ടിരിക്കുന്നത് സ്വാഭാവികം. എന്നാൽ, സർക്കാരിനെ സംബന്ധിച്ച് എല്ലാവർക്കും സർക്കാർ ജോലി നൽകി പ്രശ്നം പരിഹരിക്കാനാകില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. 1.59 ലക്ഷം നിയമനം പിഎസ്‌സി വഴി നടത്തി. അരലക്ഷത്തോളം തസ്തിക സൃഷ്ടിച്ചു. കൃഷിയിലും അനുബന്ധ മേഖലകളിലുമായി ലക്ഷക്കണക്കിന് അവസരങ്ങൾ ഉണ്ടാക്കി. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ബൃഹത് പദ്ധതിയാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ടുവച്ചത്. ഇതെല്ലാം മനസ്സിലാക്കുമ്പോൾ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളക്കളിയുടെ ശരിയായ ചിത്രം കിട്ടും.

സംസ്ഥാന സർക്കാരിനെതിരായ അപവാദപ്രചാരണം മുഖ്യ അജൻഡയാക്കിയ യുഡിഎഫും ബിജെപിയും ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കി നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുകയാണ്. അഞ്ച് വർഷം പൂർത്തിയാക്കുന്ന സർക്കാരിനെതിരെ ന്യായമായ ഒരു വിമർശവും ഉന്നയിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷം അപവാദങ്ങളെ ആശ്രയിക്കുന്നത്. നാലേമുക്കാൽ വർഷവും തികച്ചും നിഷേധാത്മക നിലപാടാണ് എല്ലാ വികസന പ്രശ്നത്തിലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫിന്റെ ജാഥയിലുടനീളം മുഴങ്ങിയ പ്രഖ്യാപനങ്ങളും വികസനത്തെയും പുരോഗതിയെയും തടസ്സപ്പെടുത്തുന്നതായിരുന്നു.