ജനപക്ഷവികസന രാഷ്ട്രീയം ഉയർത്തി എൽഡിഎഫ് ജാഥകൾ

എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി രണ്ട്‌ ജാഥാ പ്രചാരണത്തിനു തുടക്കമിടുകയാണ്. ഇരു ജാഥയും 26നു സമാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയർത്തിയാണ് എൽഡിഎഫ് ജനങ്ങളിലേക്ക് പോകുന്നത്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും എൽഡിഎഫും പിണറായി വിജയൻ നയിക്കുന്ന സർക്കാരും ജനങ്ങൾക്കൊപ്പം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ നാലേമുക്കാൽ വർഷം എൽഡിഎഫ് സർക്കാർ എന്തുചെയ്തു എന്ന് വിശദീകരിക്കാനും ഭാവി കേരളം രൂപപ്പെടുത്താനുള്ള അജൻഡയ്ക്ക് അവസാനരൂപം നൽകാനുമുള്ള രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായാണ് ഈ ജാഥകൾ സംഘടിപ്പിക്കുന്നത്. ബിജെപിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനും കോൺഗ്രസിന്റെ മൃദുഹിന്ദുത്വപരവും വികസനവിരുദ്ധവുമായ രാഷ്ട്രീയത്തിനും ബദൽ മുന്നോട്ടുവച്ചുകൊണ്ടാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്. ഒരുവശത്ത് കടുത്ത വർഗീയവൽക്കരണം, മറുവശത്ത് തീവ്രമായ സാമ്പത്തിക ഉദാരവൽക്കരണം ഇതാണ് രാജ്യത്ത് നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്നത്. ഒരേസമയം ഈ രണ്ടു വിപത്തുകൾക്കും എതിരെ പോരാടുകയാണ് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിയന്തര കടമ.

ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരാണ് കേരളത്തിലേത്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും ജനങ്ങളെ കൊള്ളയടിച്ച് കോർപറേറ്റുകളെ കൊഴുപ്പിക്കുന്ന സാമ്പത്തിക നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ലിറ്ററിന് 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപിയുടെ ഭരണത്തിൽ ഇന്ന് പെട്രോൾ വില 90 രൂപയ്ക്ക് മീതെയാണ്. ഡീസലിന് 82 രൂപ കടന്നു. ഒരുവർഷം രണ്ടുലക്ഷം കോടിയോളം രൂപയാണ് ഇന്ധന നികുതിയിലൂടെ കേന്ദ്രം ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോൾ ഇവിടെ വില കുത്തനെ ഉയർത്തുന്നു. ഇതേപ്പറ്റി കോൺഗ്രസിന് ഒന്നും പറയാനില്ല. കാരണം, പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞത് മൻമോഹൻസിങ് സർക്കാരായിരുന്നു. പിന്നീട് മോഡിസർക്കാർ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. ഈ നയങ്ങൾക്കതിരെ പോരാടാൻ ഇടതുപക്ഷം മാത്രമാണുള്ളത്.

കോൺഗ്രസിനോടോ കോൺഗ്രസ് സർക്കാരിനോടോ ബിജെപിക്ക് ഇത്തരത്തിൽ എതിർപ്പില്ല. കാരണം, കോൺഗ്രസ് നേതാക്കളെയും എംഎൽഎമാരെയും വിലയ്‌ക്കെടുക്കാൻ ബിജെപിക്ക് നിഷ്പ്രയാസം കഴിയും. എന്നാൽ, എംഎൽഎമാരെ വിലയ്‌ക്കെടുത്ത് കേരളത്തിലെ സർക്കാരിനെ, അല്ലെങ്കിൽ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ കേരളത്തിൽ അഴിച്ചുവിട്ടത്. ആ നീക്കവും ജനങ്ങളുടെ പിന്തുണയോടെ ഇടതുപക്ഷവും സർക്കാരും പരാജയപ്പെടുത്തി.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുകയും മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതിനാണ് ദേശീയ പൗരത്വ നിയമത്തിൽ കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷവാദികളെയും ഒന്നിച്ച് അണിനിരത്താൻ മുൻകൈയെടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയും സർക്കാരുമാണ്. പൗരത്വ ഭേദഗതി നിയമമോ (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററോ (എൻആർസി) നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത്‌ പിണറായി വിജയനാണ്. സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന നയമല്ല ഇടതുപക്ഷത്തിന്റേത്. അയോധ്യയിൽ രാമക്ഷേത്രത്തിന് ശില പാകാൻ പ്രധാനമന്ത്രി പോയപ്പോൾ അതിനെ എതിർക്കാൻ ബിജെപിക്ക് ബദലെന്ന് അവകാശപ്പെടുന്ന കോൺഗ്രസിന് കഴിഞ്ഞില്ല. പരിപാടിക്ക് ആശംസ നേരുകയല്ലേ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ചെയ്തത്. ഇതാണ് കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം. മൃദുഹിന്ദുത്വത്തിലൂടെ ബിജെപിയുടെ ഹിന്ദുത്വ അജൻഡയെ നേരിടാൻ കഴിയില്ലെന്ന് കോൺഗ്രസുകാർ മനസ്സിലാക്കണം. മൃദുഹിന്ദുത്വനയം കാരണമാണ് കോൺഗ്രസിൽനിന്ന് എംഎൽഎമാരും മന്ത്രിമാരും നേതാക്കളും പടലപടലയായി ബിജെപിയിലേക്ക് പോകുന്നത്. അയൽ സംസ്ഥാനമായ പോണ്ടിച്ചേരിയിൽവരെ ഇതെത്തി. കേരളത്തിൽ എന്താണ് നടക്കുന്നത്? അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള പിരിവിന് നേതൃത്വം നൽകുന്നത് കോൺഗ്രസുകാരല്ലേ.

ബദൽ നയങ്ങൾ

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾക്ക് ബദലാണ് കഴിഞ്ഞ നാലരവർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നയങ്ങൾ. പൊതുവിദ്യാഭ്യാസ രംഗത്ത് ഈ ബദൽ നമുക്ക് കാണാൻ കഴിയും. വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതു കാരണം അടച്ചുപൂട്ടുന്ന സ്ഥിതിയിലായിരുന്നു കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. പലതും പൂട്ടിയിരുന്നു. ആ ചിത്രം നാലരവർഷംകൊണ്ട് എൽഡിഎഫ് സർക്കാർ മാറ്റിവരച്ചു.

പൊതുജനാരോഗ്യരംഗത്ത് സമൂലമായ മാറ്റമാണ്‌ ഉണ്ടായത്. കോവിഡ് മഹാമാരിയിൽ വികസിത മുതലാളിത്ത രാജ്യങ്ങൾവരെ വിറങ്ങലിച്ചുനിന്നപ്പോൾ, മികച്ച പ്രതിരോധമാണ് കേരളം ഉയർത്തിയത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന് ആർദ്രം മിഷനിലൂടെ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഗുണഫലം നാം ഇപ്പോൾ അനുഭവിക്കുകയാണ്.

നമ്മുടെ റേഷൻ വിതരണരംഗത്തെ മാറ്റം രാജ്യത്തിനാകെ മാതൃകയാണ്. അഞ്ചുവർഷംമുമ്പ് ഇതായിരുന്നില്ലല്ലോ റേഷൻ കടകളുടെ സ്ഥിതി? കടകളിൽ സാധനമില്ലെന്ന പരാതി ഇന്ന് എവിടെയുമില്ല. നല്ല ഗുണനിലവാരമുള്ള സാധനങ്ങളാണ് നൽകുന്നത്. മാവേലി സ്റ്റോറുകളിൽ 13 ഇനം അത്യാവശ്യ സാധനങ്ങൾക്ക് നാലുവർഷമായി വില കൂടിയില്ല. എൽഡിഎഫ് സർക്കാർ വന്നശേഷം 8.63 ലക്ഷം പുതിയ റേഷൻ കാർഡ്‌ വിതരണം ചെയ്തു. ഇപ്പോൾ കാർഡുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാം. റേഷൻ വ്യാപാരികൾക്ക് 18,000 രൂപ കുറഞ്ഞവരുമാനം ഉറപ്പാക്കുന്ന പാക്കേജ് നടപ്പാക്കി. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് 86 ലക്ഷം കുടുംബത്തിനാണ് മാസംതോറും സൗജന്യമായി ഭക്ഷ്യക്കിറ്റ് നൽകുന്നത്. ദുരന്തകാലത്ത് 2845 കോടി രൂപ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ചെലവഴിച്ചു എന്നത് സർവകാല റെക്കോഡാണ്.

നിയമനങ്ങൾ, എൽഡിഎഫും യുഡിഎഫും

എൽഡിഎഫ് സർക്കാർ വന്നശേഷം പിഎസ്‌സി വഴി 1,57,911 പേരെ നിയമിച്ചു. 2021 ജനുവരി 30 വരെയുള്ള കണക്ക്. പ്രതിസന്ധികൾക്കിടയിലും റെക്കോഡ് നിയമനം.

പുതുതായി 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു

17,000 താൽക്കാലിക തസ്തികയും. ഇതിനകം പിഎസ്‌സി 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മുൻ സർക്കാരിന്റെ കാലത്ത് 3113 റാങ്ക് ലിസ്റ്റാണ്‌ പ്രസിദ്ധീകരിച്ചത്‌. പിഎസ്‌സി വഴി നിയമനം നടത്താൻ കഴിയാത്ത സ്ഥാപനങ്ങളിൽ പത്തുവർഷത്തിലധികമായി തുടർച്ചയായി ജോലി ചെയ്യുന്നവരെയാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തുന്നത്. അതിൽ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കിയിട്ടില്ല. ആർക്കും പണം കൊടുക്കേണ്ടിവന്നിട്ടില്ല. യുഡിഎഫ് കാലത്ത് പണം വാങ്ങി രണ്ടുവർഷം സർവീസുള്ളവരെപ്പോലും തിരുകിക്കയറ്റി. ഈ രീതിയിൽ 5910 പേരെ നിയമിച്ചു. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന ആവശ്യമാണ് ഇപ്പോൾ കേൾക്കുന്നത്. പുതുതായി ജോലിക്ക് അപേക്ഷിക്കുകയും അപേക്ഷിക്കാൻ കാത്തുനിൽക്കുകയും ചെയ്യുന്ന യുവതീയുവാക്കളുടെ വികാരവും നാം കണക്കിലെടുക്കണം. അവർക്കുള്ള അവസരങ്ങൾ നിഷേധിക്കുന്ന ഒരു തീരുമാനവും സർക്കാരിന് എടുക്കാൻ കഴിയില്ല. തൊഴിൽരഹിതരോട് ഏറ്റവുമധികം അനുഭാവമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പോലും രണ്ടായിരത്തിലേറെ പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേന്ദ്രത്തിലെ സ്ഥിതി

കേരളത്തിൽ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്തിറക്കുന്ന കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ എന്താണ് ചെയ്യുന്നതെന്ന് മറച്ചുവയ്ക്കുന്നു. കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും പത്തുലക്ഷത്തിലേറെ തസ്തികയിൽ മൂന്നുവർഷമായി നിയമനമില്ല. ഇപ്പോൾ 15 ലക്ഷത്തോളം ഒഴിവ്‌. 73 മന്ത്രാലയത്തിനു കീഴിൽ 6,83,823 ഒഴിവ്‌, റെയിൽവേയിൽ 3,03,063 ഒഴിവ്, പ്രതിരോധമേഖലയിൽ 3,11,063 ഒഴിവ്, കേന്ദ്രീയ വിദ്യാലയത്തിൽ 6,688 ഒഴിവ്. നിയമനം മരവിപ്പിച്ചപ്പോൾ സംവരണവും ഇല്ലാതായി. കേന്ദ്ര സർക്കാരിന്റെ ഈ യുവജനവിരുദ്ധ നയങ്ങൾക്കും നടപടികൾക്കുമെതിരെ കോൺഗ്രസ് മിണ്ടുന്നില്ല. കാരണം, അവരുടെ നയവും ഇതുതന്നെയാണ്.-

വാഗ്ദാനങ്ങൾ പാലിച്ച് എൽഡിഎഫ്

അഞ്ചുവർഷം മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിച്ചെന്ന അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 600 ഇനത്തിൽ 570 ഇനവും നടപ്പാക്കി. ബാക്കിയുള്ള 30 ഇനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഓരോ വർഷവും ജനങ്ങൾക്കു മുമ്പിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള ആർജവവും സർക്കാർ പ്രകടിപ്പിച്ചു. കഴിഞ്ഞ നാലേമുക്കാൽ വർഷവും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷവും ബിജെപിയും സർക്കാരിന്റെ വികസന പരിപാടികളോട് തീർത്തും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്‌.

എന്തുകൊണ്ട് എൽഡിഎഫിന് തുടർഭരണം നൽകണമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ വിശദീകരണമുണ്ട്. ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനമാണ്‌ കേരളം. വർഗീയ ലഹളകളോ സംഘർഷങ്ങളോ ഉണ്ടായില്ല. സർക്കാർ ഉറച്ച മതനിരപേക്ഷ കാഴ്ചപ്പാടോടെ പ്രവർത്തിച്ചു. വികസന, ക്ഷേമകാര്യങ്ങളിൽ ജനപക്ഷ ബദൽ നയം നടപ്പാക്കി. അഴിമതിക്കെതിരെ ഉറച്ച നിലപാട് എടുത്തു. ഉറച്ച ഭരണം കാഴ്ചവച്ചു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമെന്ന കാഴ്ചപ്പാടിനോട് തീർത്തും നീതി പുലർത്തി. 
    ഭവനരഹിതരായ മുഴുവൻ കുടുംബത്തിനും വീടു നൽകാനുള്ള ലൈഫ് പദ്ധതി ഇതിന് ഉത്തമദൃഷ്ടാന്തമാണ്. രണ്ടരലക്ഷം വീടാണ് പൂർത്തിയായത്. അടുത്ത ഒരു വർഷത്തിനകം ഒന്നരലക്ഷം വീടുകൂടി പൂർത്തിയാകും. പശ്ചാത്തല സൗകര്യവികസനത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയും ദേശീയപാതാ വികസനവും ഉദാഹരണങ്ങൾ. സാമൂഹ്യസുരക്ഷാ പെൻഷൻ 600 രൂപയിൽനിന്ന് 1600 രൂപയാക്കിയത് കഷ്ടപ്പെടുന്നവരോടുള്ള കരുതലിന്റെ തെളിവാണ്. യുഡിഎഫ് സർക്കാർ 34 ലക്ഷം പേർക്ക് പെൻഷൻ നൽകിയിരുന്ന സ്ഥാനത്ത് 50 ലക്ഷം പേർക്കാണ് ഇപ്പോൾ പെൻഷൻ ലഭിക്കുന്നത്.

ഒരുഭാഗത്ത് ബിജെപിയുമായും മറുവശത്ത് മുസ്ലിം മതമൗലിക വാദികളുമായും കൂട്ടുചേർന്ന് മുന്നോട്ടുപോകാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. ആ നയം കൂടുതൽ ശക്തിയായി നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ശബരിമല വിഷയം കുത്തിപ്പൊക്കി സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം ബിജെപി ബന്ധം സുഗമമാക്കാനാണ്.

മുസ്ലിംലീഗിനെ ഉപയോഗപ്പെടുത്തിയാണ് ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദ പ്രസ്ഥാനങ്ങളുമായി കൈകോർക്കുന്നത്. ജമാഅത്തെ ഇസ്ലാമിയോടുള്ള നിലപാട് വ്യക്തമാക്കാൻ കോൺഗ്രസിന് കഴിയാത്തത് ഈ രഹസ്യ അജൻഡ ഉള്ളതുകൊണ്ടാണ്. എൽഡിഎഫിന്റെ നിലപാട് വ്യക്തമാണ്. എല്ലാ വർഗീയ, മതമൗലികവാദ ശക്തികളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കും.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. ജാഥകൾ വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർഥിക്കുന്നു.