രാഷ്‌ട്രീയഘടനയിൽ മാറ്റത്തിന്‌ വഴിവയ്‌ക്കുന്ന ജനവിധി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ രാഷ്‌ട്രീയ ഘടനയിൽ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ്. കേരള ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ സർക്കാർ തുടർച്ചയായി രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടതാണ്‌ പ്രധാന മാറ്റം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തി. എന്നാൽ, 1959 ൽത്തന്നെ ആ സർക്കാരിനെ നെഹ്‌റു സർക്കാർ പിരിച്ചുവിട്ടു. മത,ജാതി ശക്തികളെ യോജിപ്പിച്ച പ്രതിലോമ ചേരി വിമോചനസമരത്തിലൂടെ ഒരുക്കിയ പശ്ചാത്തലമാണ്‌ ഈ ജനാധിപത്യ ധ്വംസനത്തിന് നെഹ്റു സർക്കാർ കാരണമാക്കിയത്. വിമോചനസമരത്തിൽ രൂപപ്പെട്ട മത,ജാതി പ്രതിലോമ കൂട്ടായ്മ ഇടതുപക്ഷ തുടർഭരണം വരാതിരിക്കാനും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും പ്രവർത്തിച്ചുവരികയായിരുന്നു. കിട്ടാവുന്ന ആയുധങ്ങളൊക്കെ വലതുപക്ഷം ഉപയോഗിച്ചു. കാലക്രമത്തിൽ പലതരം രൂപമാറ്റങ്ങൾ ആ ചേരിക്ക്‌ വന്നതായി കാണാം.

1957ലെ ഒന്നാം ഇ എം എസ്‌ മന്ത്രിസഭ പാസാക്കിയ കാർഷികബന്ധ ബിൽ കേരളത്തിൽ ഭൂബന്ധങ്ങളിൽ അടിസ്ഥാനമാറ്റം വരുത്തി. നൂറ്റാണ്ടുകൾ നിലനിന്ന ജന്മിത്തത്തെ ഇല്ലാതാക്കുന്നതിന്‌ തുടക്കംകുറിച്ച നിയമമായിരുന്നു അത്‌. സമഗ്രവിദ്യാഭ്യാസ നിയമം നടപ്പാക്കി. അധികാര വികേന്ദ്രീകരണത്തിന്‌ തുടക്കംകുറിച്ചു. സംവരണം പോലെയുള്ള വിഷയങ്ങളിൽ ശാസ്‌ത്രീയമായ സമീപനം സ്വീകരിച്ചു. സാമൂഹ്യപരിഷ്കരണവും പുരോഗമന സാമ്പത്തിക നടപടികളും തങ്ങളുടെ വർഗതാൽപ്പര്യങ്ങൾക്ക്‌ എതിരാകുമെന്ന ഭയമാണ്‌ വിമോചന സമരത്തിലൂടെ കേന്ദ്രത്തെ ഇടപെടുവിച്ച്‌ ആദ്യ സർക്കാരിനെ അട്ടിമറിക്കുന്നതിലേക്ക്‌ നയിച്ചത്‌. ഈ മുന്നണിയെ വിവിധ രൂപങ്ങളിൽ നിലനിർത്താനാണ് കമ്യൂണിസ്റ്റുവിരുദ്ധർ കേരളത്തിൽ ശ്രമിക്കുന്നത്.

1959-ൽ മത,ജാതി ശക്തികളെ യോജിപ്പിച്ച് കേരളത്തിലെ കോൺഗ്രസ്‌ വലതുപക്ഷം രൂപപ്പെടുത്തിയ അവസരവാദ രാഷ്ട്രീയസഖ്യത്തെ 1987ൽ പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കഴിഞ്ഞു. ഇതിൽ ഭയപ്പെട്ട കോൺഗ്രസ്‌ മുന്നണി 1991ൽത്തന്നെ കോ. ലീ. ബി. മുന്നണിയെന്ന്‌ അറിയപ്പെട്ട കോൺഗ്രസ്‌-ലീഗ്-ബിജെപി കൂട്ടുകെട്ട്‌ രൂപപ്പെടുത്തി. 1959-ൽ ആരംഭിച്ച വിമോചനസമര മുന്നണിയുടെ തുടർച്ചയായിരുന്നു ഇത്‌. തുടർന്നിങ്ങോട്ട്‌ കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയുമായി യുഡിഎഫ് വോട്ടുകച്ചവടം നടത്തുന്നത്‌ പതിവായിത്തീർന്നു. ചില സന്ദർഭങ്ങളിൽ ഈ കൂട്ടുകെട്ടിനെയും പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ സാധിച്ചു. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഇത്തരത്തിലുള്ളതായിരുന്നു.

2021ലും തുടർഭരണം തടയാൻ വലതുപക്ഷ ശക്തികൾ ഒന്നിച്ചുചേർന്നതിന് പല കാരണമുണ്ട്. മൂന്നു ദശകമായി കേന്ദ്രത്തിൽ കോൺഗ്രസ്‌-ബിജെപി സർക്കാരുകൾ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ തീവ്രമായി നടപ്പാക്കുകയാണ്‌. പൊതുമേഖല, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം തുടങ്ങിയ മേഖലകളിൽനിന്നുള്ള സർക്കാർ പിന്മാറ്റവും തീവ്ര സ്വകാര്യവൽക്കരണവുമായിരുന്നു അവരുടെ നയം. സാമൂഹ്യസുരക്ഷാ മേഖലയിലെ പിന്മാറ്റവും ഈ നയത്തിന്റെ ഭാഗമായിരുന്നു. ഇടതുപക്ഷം ഇതിനെ തുടക്കംമുതൽ എതിർത്തുപോന്നു. 2016ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ മുന്നോട്ടുവച്ച നയങ്ങൾ കേന്ദ്ര നയങ്ങൾക്ക് യഥാർഥ ബദലായി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റംവന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർന്നു. പൊതുവിതരണം, പൊതുജനാരോഗ്യം എന്നീ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. പ്രളയകാലത്തും കോവിഡ് കാലത്തും ഭക്ഷ്യക്കിറ്റുകൾ നൽകി. പാർപ്പിട പ്രശ്നത്തിനു പരിഹാരം കാണാൻ ലെെഫ് പദ്ധതി ആവിഷ്കരിച്ചു. കാർഷികരംഗത്തും വൻ കുതിച്ചുചാട്ടമുണ്ടായി.പൊതുമേഖലാ വ്യവസായങ്ങൾ ലാഭത്തിലായി.

പ്രളയം,കോവിഡ്–19 എന്നീ ദുരന്തങ്ങളെ ജനപിന്തുണയോടെ പ്രതിരോധിച്ച കേരളമാതൃക ലോക ശ്രദ്ധയാകർഷിച്ചു.അടിസ്ഥാനസൗകര്യ മേഖലയിൽ സമഗ്രവികസന കാഴ്ചപ്പാട് ഇടതുപക്ഷം മുന്നോട്ടുവച്ചു. സാമൂഹ്യസേവന മേഖലകളിലെ പുരോഗതിയും വികസനസമീപനവും ജനങ്ങളിൽ വലിയ സ്വീകാര്യതയുണ്ടാക്കി. അറുപതുകളിൽ കാർഷിക പരിഷ്കരണം മനുഷ്യരിലുണ്ടാക്കിയ ആത്മവിശ്വാസവും പ്രതീക്ഷയും ആഗോളവൽക്കരണത്തെ അതിജീവിക്കേണ്ട പുതിയ കാലത്ത് മറ്റൊരു രൂപത്തിൽ പ്രത്യക്ഷമായി. മതനിരപേക്ഷതയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന കേന്ദ്ര ബിജെപി നയത്തിനെതിരായി പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിലെന്നപോലെ ന്യൂനപക്ഷ വിരുദ്ധമായി കേന്ദ്രം തുടരുന്ന നയങ്ങൾക്കെതിരായി കേരളം സ്വീകരിച്ച കരുത്തുറ്റ നിലപാട് പ്രതിലോമ ചേരിയുടെ കടുത്ത വിരോധത്തിനിടയാക്കി.

പിണറായി വിജയൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ കേരളത്തിലെ യുഡിഎഫും ബിജെപിയും കൈകോർത്തുപിടിച്ചു. ഒട്ടേറെ സമരാഭാസങ്ങൾക്ക് ഇവർ നേതൃത്വം നൽകി. വിമോചനസമരകാലത്തെ കേന്ദ്ര ഇടപെടലിനു തുല്യമായി കേരളത്തിലെ വികസനം മുടക്കാൻ കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ ഇവിടെ എത്തി. ഫെഡറൽ തത്വങ്ങളെ ലംഘിച്ച് കേരള വികസനത്തെ അട്ടിമറിക്കാനുള്ള ഈ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്ക് യുഡിഎഫ് പരസ്യമായി കൂട്ടുനിന്നു. ഇത് യാദൃച്ഛികമല്ല. സിബിഐ പോലുള്ള അന്വേഷണ ഏജൻസികളെ വിളിച്ചുവരുത്തിയതും യുഡിഎഫ് ആയിരുന്നു.

ഇടതുപക്ഷ തുടർഭരണം ഒഴിവാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതുപോലെ കോൺഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമിസഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തിൽ ശ്രമവുമുണ്ടായി. വലിയതോതിൽ കള്ളപ്പണം കേരളത്തിലേക്ക് കുഴൽപ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു. തെരഞ്ഞെടുപ്പിന് കേരളത്തിൽ എത്തിയ നരേന്ദ്ര മോഡി, അമിത്‌ ഷാ ദ്വയം പ്രചാരണയോഗങ്ങളിൽ ‘ശരണം’ വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്ഷോയുമായി വന്ന രാഹുൽ–പ്രിയങ്ക സഹോദരങ്ങൾ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്. ഇതെല്ലാം സൂക്ഷ്മമായി അപഗ്രഥനം നടത്തുന്നവർക്ക് 1959ലെ വിമോചനസമര കൂട്ടായ്മയുടെ പുതിയ രൂപമായിട്ടേ ഈ രാഷ്ട്രീയ സമവാക്യങ്ങളെ കാണാൻ കഴിയൂ. നരേന്ദ്ര മോഡി സർക്കാർ സ്വീകരിക്കുന്ന കോർപറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങളെയും തീവ്ര വർഗീയതയെയും അമിതാധികാര നീക്കങ്ങളെയും ഉറച്ച് എതിർക്കുന്ന സർക്കാരിനെ മുന്നോട്ടുപോകാൻ അനുവദിക്കുകയില്ലെന്ന രാഷ്ട്രീയ ഗൂഢാലോചനയെ ജനപിന്തുണയോടെ തോൽപ്പിച്ചതാണ് എൽഡിഎഫിന്റെ ഏറ്റവും വലിയ നേട്ടം.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസും ലീഗും ഒരുപോലെ ദുർബലപ്പെട്ടു. പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 10.38 ശതമാനം വോട്ട് വർധിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം ആറു ശതമാനത്തോളമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 12 ശതമാനം വോട്ട് യുഡിഎഫ് അധികംനേടി. ബിജെപി ക്ക് ബദലാകാൻ കോൺഗ്രസ് ഉയരുന്നുവെന്ന മിഥ്യാധാരണ സൃഷ്ടിച്ചാണ് അവർ നേട്ടമുണ്ടാക്കിയത്. വോട്ടിന്റെ എണ്ണം കണക്കാക്കിയാൽ 12.42 ലക്ഷം വോട്ട് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ എൽഡിഎഫിന് അധികംകിട്ടി. സൂത്രവിദ്യകളിലൂടെ അധികാരത്തിൽ വരാനുള്ള യുഡിഎഫ് ശ്രമമാണ് പാളിയത്. കോൺഗ്രസിന് ആശ്വസിക്കാൻ ഒന്നുമില്ല. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തുനിന്ന് എംഎൽഎ സ്ഥാനത്തേക്ക് മാറിയതാണ് ലീഗിന്റെ നേട്ടം. തീവ്രഹിന്ദുത്വനയം മുന്നോട്ടു കൊണ്ടുപോകുന്ന ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായും ഒരേസമയം സഖ്യംചെയ്ത് പിണറായി സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ ഉദ്യമം ജനങ്ങൾ ദയനീയമായി തോൽപ്പിച്ചു.

യുഡിഎഫ് സ്വാഭാവികമായ തകർച്ചയിലേക്ക് സ്വയം വഴിവെട്ടിത്തെളിച്ച ജനവിധിയാണ് ഉണ്ടായത്. ബിജെപി ഏതാനും ദശകങ്ങളായി കേരളത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് പിന്തുണയോടെ നടത്തുകയാണ്. രണ്ടാം മോഡി സർക്കാരിന്റെ വരവിനുശേഷം കേരളത്തിലും തീവ്രഹിന്ദുത്വ ആശയവ്യാപനത്തിനും സ്വാധീന വർധനയ്‌ക്കും എല്ലാ ശ്രമവും നടത്തി. യുഡിഎഫ് പിന്തുണയോടെ നേമത്ത് തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സത്യമായി മാറി. ഇന്ത്യ ഭരിക്കുന്ന ബിജെപിക്ക്‌ ഒരു സീറ്റ് പോലും ലഭിക്കാത്തത് എല്ലാ മലയാളികൾക്കും അഭിമാനമാണ്. രണ്ടിടത്ത് മത്സരിച്ചത് ഹെലികോപ്റ്ററിൽ പറന്നാണ് ബിജെപി അധ്യക്ഷൻ പരാജയം ഏറ്റുവാങ്ങിയത്. വോട്ടിങ്‌ നിലയിൽ ബിജെപി 2016ലെ 14.65 ശതമാനത്തിൽനിന്ന് 12.53 ആയി ചുരുങ്ങി. നാലു ലക്ഷത്തിലധികം വോട്ടും ബിജെപിക്ക് കുറഞ്ഞതായി കാണാം. ഹിന്ദുത്വതീവ്രവാദ ശക്തികളെ ഞെട്ടിച്ച ഈ ജനവിധി കേരളത്തിന് ഏറെ അഭിമാനമായി.

ദേശീയമായി ബിജെപി സ്വാധീനം വിപുലീകരിക്കപ്പെടുന്നില്ല എന്നത് ആശ്വാസകരമാണ്. ഹിന്ദുത്വവർഗീയ ശക്തികൾക്ക് എതിരായി രാജ്യത്ത് രൂപംകൊള്ളുന്ന മതനിരപേക്ഷ ചേരിക്ക് കരുത്തുപകരുന്നതാണ് കേരളത്തിലെ മികച്ച വിജയം. പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്‌ക്ക് ബിജെപിയുടെ കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കെതിരെ ബദൽ നയം ഉയർത്തിപ്പിടിച്ചുള്ള ജനകീയമുന്നേറ്റം നടത്താൻ ഈ വിജയം സഹായകരമാകും. വർഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടത്തിന് ഈ വിജയം ഊർജംപകരും. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമുന്നേറ്റം നടത്താൻ സഹായിക്കും. ബംഗാളിലും ത്രിപുരയിലും ഉണ്ടായ പരാജയത്തോടെ ഇന്ത്യയിൽ ഇടതുപക്ഷം അപ്രസക്തമാകുന്നുവെന്ന് പ്രചരിപ്പിക്കുന്നവർക്ക് നിരാശയുണ്ടാക്കുന്ന ഫലമാണ്‌ ഇത്. ഇന്ത്യൻ സാമൂഹ്യഘടനയിൽ പതിതന്റെ പരിരക്ഷയ്‌ക്കായി പൊരുതുന്ന ഇടതുപക്ഷ ഇടം ഭദ്രമാണെന്നും അത് രാജ്യത്ത് വിപുലപ്പെടുമെന്നും പ്രത്യാശ നൽകുന്ന ജനവിധികൂടിയായി കേരളത്തിലെ വിജയംമാറി. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കാൻ ജനങ്ങൾക്കൊപ്പംനിന്ന് സംഘടനാപരമായ പിന്തുണ നൽകുക എന്നതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ മുഖ്യ ചുമതല.