പുതിയ പ്രതീക്ഷ ; 
പുതിയ പ്രതിച്ഛായ

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ രണ്ടാമതും ചുമതലയേറ്റത്. ഭീതിയുടെയും ആശങ്കയുടെയും കാർമേഘം രാജ്യത്തെയാകെ മൂടിനിൽക്കുമ്പോഴാണ് ജനങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകിക്കൊണ്ട് ഇടതുപക്ഷ സർക്കാരിന്റെ രണ്ടാമൂഴം. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരാണ് 2016 മുതൽ കേരളത്തിലുള്ളത്. വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനും അതിസമ്പന്നർക്ക് അനുകൂലമായ സാമ്പത്തിക പരിഷ്കാരത്തിനും ശക്തമായ ബദൽ മുന്നോട്ടുവച്ചാണ് അഞ്ചുവർഷവും എൽഡിഎഫ് സർക്കാർ ഭരിച്ചത്. ആ വെളിച്ചം തല്ലിക്കെടുത്താൻ എല്ലാ വർഗീയ-പിന്തിരിപ്പൻ ശക്തികളും ശ്രമിച്ചുവെങ്കിലും കൂടുതൽ തെളിച്ചത്തോടെ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നിരിക്കുകയാണ്.

ബിജെപിയുടെ കേന്ദ്രഭരണത്തിൽ രാജ്യം ചെന്നുപെട്ടിരിക്കുന്ന വിപത്തിലേക്ക് നാം ശ്രദ്ധിക്കുമ്പോഴാണ് കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുക. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. നോട്ട് നിരോധനമെന്ന മഹാവിഡ്ഢിത്തത്തെ തുടർന്ന് കൂപ്പുകുത്തിയ സമ്പദ്ഘടന കോവിഡ് മഹാമാരി വന്നതോടെ കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്. തൊഴിലില്ലായ്മ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ 23 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടുവെന്നാണ് അസിം പ്രേംജി സർവകലാശാല തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തകർച്ചയുടെ പിടിയിൽപ്പെടാത്ത ഒരു മേഖലയുമില്ല.

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇപ്പോൾ രാജ്യം. ദേശീയമായി ലോക്‌ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ലോക്‌ഡൗൺതന്നെ. മിക്ക സംസ്ഥാനങ്ങളും ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ തൊഴിൽ നഷ്ടപ്പെട്ടും കച്ചവടം മുടങ്ങിയും ദുരിതക്കയത്തിൽപ്പെട്ടവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാൻ തയ്യാറില്ല. ഈ പ്രതിസന്ധിക്കിടയിലും ഇന്ധനവില നിത്യേന വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. രോഗവ്യാപനം തടയാൻ ഏറ്റവും അത്യാവശ്യം പ്രതിരോധ കുത്തിവയ്‌പാണ്. വാക്സിൻ വേണമെങ്കിൽ സ്വകാര്യകമ്പനികളിൽനിന്ന്‌ സംസ്ഥാനം വിലകൊടുത്തു വാങ്ങാനാണ് നിർദേശിച്ചിട്ടുള്ളത്. ചുരുക്കത്തിൽ, ഇത്രയും മനുഷ്യത്വരഹിതമായി പ്രവർത്തിക്കാൻ ബിജെപി സർക്കാരിനേ കഴിയൂ.

മുകളിൽ ഹ്രസ്വമായി വിവരിച്ച സാമ്പത്തിക-രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളത്തിലെ ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ കൊണ്ടുവന്നത്. പ്രയാസപ്പെടുന്ന ജനങ്ങളോടുള്ള കരുതൽ അതായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര. നോട്ട് നിരോധന ഘട്ടത്തിലായാലും പ്രകൃതി ദുരന്തങ്ങൾ വന്നപ്പോഴും മഹാമാരിയുടെ ഘട്ടത്തിലും സർക്കാർ ജനങ്ങൾക്കൊപ്പം നിലകൊണ്ടു. ആ നിലയിൽ കൂടുതൽ കരുതലോടെ, കടുതൽ പ്രതിബദ്ധതയോടെ പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന വിശ്വാസം ജനങ്ങൾക്കാകെയുണ്ട്.

ഇടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ വോട്ടിന്റെ പിന്തുണയ്ക്ക് അപ്പുറമുള്ള സ്വാധീനം എൽഡിഎഫിന് നേടിക്കൊടുത്തിട്ടുണ്ട്. മതനിരപേക്ഷ-പുരോഗമന മനസ്സുള്ള കേരളത്തെ വലതുപക്ഷത്തേക്ക് തള്ളിക്കൊണ്ടുപോകാനാണ് ബിജെപിയോടൊപ്പം യുഡിഎഫും ശ്രമിച്ചത്. അപരിഷ്കൃതമായ സാമൂഹ്യ ആചാരങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ അധഃസ്ഥിതരും പുരോഗമനവാദികളും നടത്തിയ നീണ്ട പോരാട്ടങ്ങളിലൂടെയാണ് കേരളത്തിന്റെ സാമൂഹ്യാവസ്ഥയിൽ മാറ്റമുണ്ടായത്. ഈ മാറ്റമാണ് നവോത്ഥാനം. ഈ മാറ്റത്തെ, നവോത്ഥാന ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാണ് ഇടതുപക്ഷവും പിണറായി വിജയൻ സർക്കാരും ശ്രമിച്ചത്. ആ ഘട്ടത്തിൽ നവോത്ഥാനമെന്ന ആശയത്തെ തന്നെ വക്രീകരിക്കാനും അവഹേളിക്കാനും ഇവിടെ ശ്രമമുണ്ടായി. മതവിശ്വാസത്തെ വോട്ടാക്കി മാറ്റാൻ ഇക്കൂട്ടർ പാടുപെട്ടു. ഇതിനെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം നേടിയ വിജയത്തിന് കൂടുതൽ തിളക്കമുണ്ട്. ജനങ്ങളുടെ സാംസ്കാരിക പ്രതിരോധം കൂടി ഈ വിജയത്തിന് അടിസ്ഥാനമാണ്. കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ വലിയ പ്രതീക്ഷയാണ് ഇടതുപക്ഷ സർക്കാർ നൽകുന്നത്.

മുഖ്യമന്ത്രി എടുത്തുപറഞ്ഞതുപോലെ കോവിഡ് മഹാമാരി നിയന്ത്രിക്കാനുള്ള പ്രവർത്തനം തന്നെയാണ് ഈ ഘട്ടത്തിൽ സർക്കാരിന്റെ മുമ്പിലുള്ള അടിയന്തര ദൗത്യം. കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജനങ്ങളെയാകെ ഒരുമിച്ചുനിർത്തി എന്നതാണ് കോവിഡ് നിയന്ത്രണത്തിൽ കേരളം കാണിച്ച മഹനീയ മാതൃക. മറ്റൊന്ന്, ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും നിർദേശങ്ങൾ പ്രകാരം ശാസ്ത്രീയമായ സമീപനം സ്വീകരിച്ചു എന്നതും. കേന്ദ്രത്തിൽ സംഭവിച്ചത്, ശാസ്ത്രത്തിനുമേൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചു എന്നതാണ്. പാത്രം കൊട്ടലിനും വിളക്കുകൊളുത്തലിനുമെല്ലാം രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ നേതൃത്വം കൊടുത്തു എന്നത് നമ്മെയൊക്കെ ലജ്ജിപ്പിച്ചു.

ഇപ്പോൾ പലയിടത്തും കാണുന്നത് ചാണകവെള്ളത്തിലുള്ള കുളിയും ഗോമൂത്രം സേവിക്കലുമാണ്. കോവിഡ്-19ന് മരുന്ന്‌ കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ബാബാ രാംദേവ് രംഗത്തുവന്നപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രിതന്നെ അതു പുറത്തിറക്കാൻ തയ്യാറായി എന്നതാണ് ദുര്യോഗം. പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് ഇന്ത്യയാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രിയുള്ള രാജ്യത്ത് ഇതും ഇതിനപ്പുറവും നടക്കും. തങ്ങളുടെ ആശയസംഹിത മുമ്പോട്ടുകൊണ്ടുപോകാനുള്ള പ്രധാന തടസ്സം ശാസ്ത്രവും ശാസ്ത്രബോധവുമാണെന്ന് ആർഎസ്എസ് കരുതുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ. ജനങ്ങളുടെ ശാസ്ത്രബോധവും യുക്തിചിന്തയും തകർക്കുകയോ ദുർബലമാക്കുകയോ വേണം ആർഎസ്എസിന്.

ഈ ഘട്ടത്തിൽ കേരളം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് നോക്കൂ. ഇവിടെ പ്രഗത്ഭരായ ഭിഷഗ്വരൻമാർ ഉൾപ്പെടുന്ന വിദഗ്ധസമിതിയുണ്ടാക്കി. ഈ സമിതി ലോകത്താകെ നടക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും തുടർച്ചയായി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന് ശുപാർശകൾ സമർപ്പിച്ചു. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് തീരുമാനങ്ങളെടുത്തു. മുഖ്യമന്ത്രി നേരിട്ട് ഓരോ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തി. വിവരങ്ങൾ ദിവസവും മുഖ്യമന്ത്രിതന്നെ വാർത്താ സമ്മേളനങ്ങളിലൂടെ ജനങ്ങളുമായി പങ്കുവച്ചു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽപ്പോലും നമ്മുടെ പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുഖം കൊടുത്തിട്ടില്ല. മിക്കവാറും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വരുതിയിലാക്കിയിട്ടും അവയെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി ഭയപ്പെടുന്നു. കേന്ദ്രത്തിലും കേരളത്തിലും രണ്ട്‌ വ്യത്യസ്ത ചിത്രം.

ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ വികസനത്തിന്റെ അടിത്തറയിൽനിന്ന് കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള പ്രകടനപത്രിക എൽഡിഎഫ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു. അതുതന്നെയാണ് പുതിയ സർക്കാരിന്റെ വികസന അജൻഡ. പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വലിയ മാറ്റമാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തുണ്ടായത്. ഈ മാറ്റത്തിന്റ അടിത്തറ ശക്തിപ്പെടുത്തി സ്ഥായിയായ വികസന മാതൃക സൃഷ്ടിക്കണം. പാവപ്പെട്ടവർക്കുള്ള ക്ഷേമപരിപാടികൾ വിപുലമാക്കുന്നതോടൊപ്പം നാളെത്തെ തലമുറ ആഗ്രഹിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ടാകണം. അതിനായി കേരളത്തെ വിജ്ഞാന സമൂഹമായും ഡിജിറ്റൽ സമ്പദ്ഘടനയായും പരിവർത്തനപ്പെടുത്തണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് അതിനുതകുന്ന മാറ്റങ്ങൾ വേണം. ഇതാണ് എൽഡിഎഫ് മുന്നോട്ടുവച്ച വികസന അജൻഡയുടെ കാതൽ. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നയങ്ങളായിരിക്കും നടപ്പാക്കുക. ഏറ്റവും പ്രധാനം ജനങ്ങൾക്ക് സമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുക എന്നതാണ്. അക്കാര്യത്തിൽ നൂറിൽ നൂറ് മാർക്ക് നേടിയാണ് എൽഡിഎഫ് സർക്കാർ വീണ്ടും വരുന്നത്.

രണ്ടാം പിണറായി വിജയൻ സർക്കാരിന് ഒരു സവിശേഷതയുണ്ട്. മന്ത്രിസഭയിൽ നാല്  പേരൊഴികെ എല്ലാം പുതുമുഖങ്ങൾ. പുതിയ ആളുകൾക്ക് കൂടുതൽ അവസരം നൽകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം ഈ നയം സ്വീകരിച്ചത്. സ്ഥാനാർഥി നിർണയഘട്ടത്തിൽത്തന്നെ കൂടുതൽപേർക്ക് അവസരം നൽകുന്നതിന് തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കിയവരെ മാറ്റിനിർത്തുക എന്ന നിബന്ധന കൊണ്ടുവന്നു. അത്‌ എല്ലാവർക്കും ഒരുപോലെ ബാധകമാക്കി. പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കിയതിന് ജനങ്ങളിൽനിന്ന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് മന്ത്രിസഭയിലും എല്ലാവരും പുതുമുഖങ്ങളാകട്ടെ എന്ന തീരുമാനം. പുതുമുഖങ്ങളാണെങ്കിലും എല്ലാവരും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരാണ്.

പാർടിയുടെ വളർച്ചയ്ക്കും സർക്കാരിന്റെ ഊർജസ്വലമായ പ്രവർത്തനത്തിനും ഈ മാറ്റം ഉപകരിക്കുമെന്ന് സിപിഐ എം വിശ്വസിക്കുന്നു. പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭ രാജ്യത്തിനുതന്നെ പുതുമയുള്ള രാഷ്ട്രീയമാറ്റമാണ്. ദേശീയമായി ഇതു ശ്രദ്ധിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്തത്‌ അതുകൊണ്ടാണ്. ഈ നല്ല മാറ്റത്തെ വക്രീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ തുടർഭരണം തടയാൻ ശ്രമിച്ച് പരാജയപ്പെട്ടവർതന്നെയാണ് ഇതും ചെയ്യുന്നത്. പുതിയ പ്രതീക്ഷയ്‌ക്കൊപ്പം പുതിയ പ്രതിച്ഛായയും സർക്കാർ നൽകുന്നു. ഭരണരംഗത്ത് പുരോഗമനപരമായ വലിയ മാറ്റങ്ങൾക്ക് ഇത്‌ ഇടയാക്കുമെന്ന് ഉറപ്പാണ്.