ജനാധിപത്യം ഹനിക്കുന്ന പണമൊഴുക്കൽ

കേരളത്തിൽ വോട്ടെടുപ്പിനുശേഷം പുറത്തുവന്ന രണ്ട് വാർത്ത ജനങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ചു. രണ്ടും കള്ളപ്പണം സംബന്ധിച്ച കേസുകൾ. മുസ്ലിംലീഗ് എംഎൽഎയും അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജി വീട്ടിൽ കട്ടിലിനടിയിൽ ഒളിച്ചുവച്ച അമ്പത്‌ ലക്ഷത്തോളം രൂപ പൊലീസ് പിടിച്ചെടുത്തതാണ് ഒന്ന്‌. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്.

രണ്ടാമത്തെ സംഭവമുണ്ടായത് ഏപ്രിൽ മൂന്നിന് കൊടകരയിലാണ്. എന്നാൽ, വോട്ടെടുപ്പിന് ശേഷമാണ് പുറംലോകം അറിഞ്ഞത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കള്ളപ്പണം കവർച്ച ചെയ്തു. കള്ളപ്പണം കൈകാര്യം ചെയ്തവർ പരസ്പരം ചതിക്കുകയായിരുന്നു എന്നാണ് വാർത്തകൾ. തട്ടിയത് 25 ലക്ഷമാണെന്നാണ് പൊലീസിന് ലഭിച്ച പരാതി. എന്നാൽ, നഷ്ടപ്പെട്ടത് കോടികളാണെന്ന് വാർത്തകളുണ്ട്. ഏതായാലും ഈ സംഭവത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വസ്തുതകൾ ഉടനെ പുറത്തുവരുമെന്ന് കരുതാം.

തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ ഉപയോഗവും സ്വാധീനവും ആപൽക്കരമാംവിധം വർധിച്ചുവരികയാണ്. അത് സൂചിപ്പിക്കാനാണ് ഈ സംഭവങ്ങൾ പരാമർശിച്ചത്. ഓരോ തെരഞ്ഞെടുപ്പിലും പ്രമുഖ രാഷ്ട്രീയപാർടികൾ ഒഴുക്കുന്ന കള്ളപ്പണത്തിന്റെ തോത് വർധിച്ചുവരികയാണ്. സമ്പത്തില്ലാത്തവർക്ക് മത്സരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വൻകിട കമ്പനികൾ പാർടികൾക്കു നൽകുന്ന ഫണ്ടാണ് വൻതോതിൽ ഒഴുകുന്നത്. ഈ കോർപറേറ്റ് ഫണ്ടിങ്‌ അവസാനിപ്പിക്കാതെ പണത്തിന്റെ സ്വാധീനം തടയാൻ കഴിയില്ല. പാർടികൾക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിന് പണം നൽകുന്നത് മികച്ച നിക്ഷേപമായാണ് വൻകിട കമ്പനികളും സമ്പന്നരും കാണുന്നത്. അവരെ സംബന്ധിച്ച് സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാൻ ഏറ്റവും എളുപ്പവും പ്രായോഗികവുമായ വഴി ഈ ഫണ്ടിങ്ങാണ്. പണം സ്വീകരിക്കുന്ന പാർടികൾക്ക് പണം തന്നവരോട് കടപ്പാട് സ്വാഭാവികം.

ബിജെപി 2014ൽ അധികാരത്തിൽ വന്നതുമുതൽ തെരഞ്ഞെടുപ്പിൽ പണം ഒഴുക്കുന്നത് വലിയ തോതിൽ വർധിച്ചിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവും കോർപറ്റേറ്റ് ഫണ്ടിങ്ങും നിയന്ത്രിക്കണമെന്ന ശുപാർശകളെല്ലാം ബിജെപി സർക്കാർ തള്ളിക്കളഞ്ഞു. മാത്രമല്ല, കോർപറേറ്റ് ഫണ്ടിങ്‌ സുഗമവും രഹസ്യവുമാക്കുന്നതിന് കഴിയാവുന്നതെല്ലാം അവർ ചെയ്തുകൊണ്ടിരിക്കുന്നു. കമ്പനികളിൽനിന്ന് രാഷ്ട്രീയ പാർടികൾ പണം സ്വീകരിക്കുന്നതിന് 1968 മുതൽ നിരോധനമുണ്ടായിരുന്നു. 1985ലാണ് അത് നീക്കിയത്. ബിജെപി സർക്കാർ വന്നശേഷമാകട്ടെ കോർപറേറ്റ് ഫണ്ടിങ്ങിനുള്ള പരിധി എടുത്തുകളഞ്ഞു. അവിടെയും നിന്നില്ല. വിദേശ സംഭാവന സ്വീകരിക്കുന്നതിന് രാഷ്ട്രീയ പാർടികൾക്കുണ്ടായിരുന്ന വിലക്കും നീക്കി. വിദേശ സംഭാവനയ്‌ക്കും ഇപ്പോൾ പരിധിയില്ല. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ച് ശുപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട എല്ലാ സമിതിയും തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം കുറയ്‌ക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, അത്തരം നിർദേശങ്ങളൊന്നും നടപ്പായില്ല. ഒട്ടും ചെലവില്ലാതെ പ്രചാരണം നടത്താൻ കഴിയില്ലെന്ന് നമുക്കറിയാം. അപ്പോൾ പിന്നെ എന്താണ് പരിഹാരം.

ഗവൺമെന്റ്തന്നെ തെരഞ്ഞെടുപ്പ് ചെലവിന് രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് നൽകണം എന്നാണ് ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി ശുപാർശ ചെയ്തത്. ഇതൊരു പുതിയ കാര്യമല്ല, ജർമനിയിൽ ഉൾപ്പെടെ സ്റ്റേറ്റ് ഫണ്ടിങ്‌ നിലവിലുണ്ട്. തെരഞ്ഞെടുപ്പിൽ ചെലവാക്കാൻ രാഷ്ട്രീയ പാർടികൾക്ക് പണം നൽകാൻ സർക്കാരിന് കഴിയുമോ എന്ന സംശയം ഉയരാം. അതിനും പരിഹാരമുണ്ട്. കോർപറേറ്റുകൾ അവരുടെ ലാഭത്തിന്റെ ഒരു വിഹിതം ഇതിനുവേണ്ടി മാറ്റിവയ്ക്കണമെന്ന് നിയമംമൂലം നിർബന്ധിക്കാവുന്നതാണ്. കോർപറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിന്റെ ഒരു ഭാഗവും ഈ ആവശ്യത്തിന് മാറ്റിവയ്ക്കാൻ കഴിയും. സ്റ്റേറ്റ് ഫണ്ടിങ്‌ പ്രായോഗികമാണെന്ന് വ്യക്തം.

സ്റ്റേറ്റ് ഫണ്ടിങ്‌ വരുമ്പോൾ നമ്മുടെ രാജ്യത്തിന്റെ പരിതസ്ഥിതിക്ക് യോജിക്കുന്ന മാനദണ്ഡങ്ങൾ നിഷ്കർഷിക്കാൻ കഴിയും. രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് നൽകുമ്പോൾ അവർക്ക് മുൻതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ വിഹിതവും കിട്ടിയ സീറ്റുകളും മാനദണ്ഡമാക്കാവുന്നതാണ്. പൂർണമായ സ്റ്റേറ്റ് ഫണ്ടിങ്‌ ഒറ്റയടിക്ക് പ്രായോഗികമാകണമെന്നില്ല. അതുകൊണ്ട് തുടക്കത്തിൽ ഭാഗികമായ സ്റ്റേറ്റ് ഫണ്ടിങ്‌ ആകാമെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. സ്ഥാനാർഥികളുടെ ചെലവിന് കമീഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, പാർടികളുടെ ചെലവിന് പരിധിയില്ല. സ്ഥാനാർഥികളുടെ ചെലവിന് ഏർപ്പെടുത്തിയ നിയന്ത്രണം അപ്രസക്തമാക്കുന്നതാണ് രാഷ്ട്രീയ പാർടികളുടെ കാര്യത്തിലുള്ള ഇളവ്. രാഷ്ട്രീയ പാർടികളുടെ ചെലവ് ന്യായമായും സ്ഥാനാർഥിയുടെ പരിധിയിൽ കൊണ്ടുവരേണ്ടതാണ്.

സുതാര്യത ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ, സുതാര്യത തീർത്തും നിഷേധിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. കമ്പനികൾക്ക് രാഷ്ട്രീയ പാർടികളിൽ പണം നിക്ഷേപിക്കാനുള്ള മാർഗമാണിത്. ഏത് കമ്പനിക്കും എത്ര പണം വേണമെങ്കിലും ബോണ്ടുവഴി കൊടുക്കാം. ആരാണ് കൊടുത്തതെന്നോ എത്ര പണം കൊടുത്തുവെന്നോ എവിടെയും വെളിപ്പെടുത്തേണ്ടതില്ല. ഇതാണ് ഒന്നാം നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന നിയമം. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഫിനാൻസ് ബില്ലായി ലോക്സഭയിൽ പാസാക്കിയെടുത്തതാണ് ഈ നിയമം.

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് കമീഷനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും സർക്കാർ കണക്കിലെടുത്തില്ല. കണക്കിൽപ്പെടാതെ പണം ഒഴുകിയാൽ മേൽനോട്ടം വഹിക്കാൻതന്നെ ബുദ്ധിമുട്ടാകുമെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ നിയമസാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഈ കേസിൽ തീർപ്പുണ്ടാക്കാൻ സുപ്രീംകോടതി കാലതാമസം വരുത്തുകയാണ്. ബോണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ചത് യുക്തിസഹമായ കാരണമൊന്നും പറയാതെയാണ്. കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ കിടക്കുന്നു.

പാർടികളുടെ വരുമാനത്തിന്റെ സ്രോതസ്സ് എന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തങ്ങൾ വിശ്വാസം അർപ്പിക്കുന്ന രാഷ്ട്രീയകക്ഷി ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. 20,000 രൂപയിൽ കൂടുതൽ സംഭാവന നൽകുന്ന വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ കമീഷനെ അറിയിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. എന്നാൽ, ഈ വ്യവസ്ഥ വലിയ തോതിൽ അട്ടിമറിക്കപ്പെടുന്നതാണ് അനുഭവം. നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ വിദേശ കമ്പനികൾ ഇടപെടുന്നത് തടയാൻ ഉദ്ദേശിച്ചായിരുന്നു വിദേശ കമ്പനികളിൽനിന്ന് സംഭാവന സ്വീകരിക്കരുതെന്ന വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നത്. മാത്രമല്ല, ഇന്ത്യൻ കമ്പനികളാണെങ്കിൽ അവർ തുടർച്ചയായി മൂന്നുവർഷമുണ്ടാക്കുന്ന ലാഭത്തിന്റെ 7.5 ശതമാനത്തിലധികം രാഷ്ട്രീയകക്ഷികൾക്ക് നൽകാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ നിയന്ത്രണങ്ങളെല്ലാം ബിജെപി സർക്കാർ ഒഴിവാക്കി. ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്കും വിദേശ കമ്പനികൾക്കും എത്ര തുകവേണമെങ്കിലും സംഭാവന നൽകാം. കള്ളക്കമ്പനികൾ (ഷെൽ) തട്ടിക്കൂട്ടി രാഷ്ട്രീയ പാർടികൾക്ക് പണം കൈമാറുന്നത് തടയാൻ കൂടിയായിരുന്നു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായും ഇതിനെ കമ്പനികൾ ഉപയോഗിക്കുന്നുണ്ട്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും യഥേഷ്ടം ഫണ്ട് സ്വരൂപിക്കാൻ രാഷ്ട്രീയ പാർടികൾക്ക് അവസരം നൽകുന്ന നിയമഭേദഗതികൾ ബിജെപി കൊണ്ടുവന്നപ്പോൾ അതിനോട് യോജിക്കുകയാണ് കോൺഗ്രസ്‌ ചെയ്തത്.

ഭരിക്കുന്ന കക്ഷികൾക്കാണ് കമ്പനികളും സമ്പന്നരും കൂടുതൽ പണം നൽകുക എന്ന് പ്രത്യേകം പറയേണ്ടതില്ല. 2019ലെ തെരഞ്ഞെടുപ്പിനുമുമ്പ്‌ ബോണ്ടുവഴി രാഷ്ട്രീയ കക്ഷികൾ സ്വരൂപിച്ച പണത്തിന്റെ 95 ശതമാനവും കിട്ടിയത് ബിജെപിക്കായിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2019ൽ അവർ സമാഹരിച്ചത് 2410 കോടിരൂപയാണ്. ഇതിൽ 60 ശതമാനവും (1450 കോടിരൂപ) ബോണ്ടുവഴിയാണ്. ഇത്രയും തുക ആരുനൽകിയെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയില്ല. കൊടുത്തവർക്കും കിട്ടിയവർക്കുംമാത്രം അറിയാം.

തെരഞ്ഞെടുപ്പിൽ പണം ഒഴുക്കുന്നത് നിയന്ത്രിച്ചില്ലെങ്കിൽ ജനാധിപത്യംതന്നെ അപ്രസക്തമാകും. പണം കൊടുക്കുന്നവരാണ് സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുകയെന്ന് വ്യക്തമാണ്. ജനതാൽപ്പര്യം തീർത്തും അവഗണിക്കപ്പെടുന്നു. 2014 മുതൽ ബിജെപി സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിലയിരുത്തിയാൽ ഇത് നൂറ് ശതമാനം സത്യമാണെന്ന് ബോധ്യപ്പെടും. വലിയ തോതിൽ പണം ഒഴുക്കുമ്പോൾ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് പ്രക്രിയതന്നെ അസാധ്യമാകും. കൂടുതൽ പണം ചെലവാക്കുന്നവർക്ക് വലിയ തോതിൽ പ്രചാരണം നടത്താൻ കഴിയും. ഇത്തരം പ്രചാരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കും. സ്വാഭാവികമായും പണാധിപത്യമുള്ള പാർടികൾക്ക് തെരഞ്ഞെടുപ്പിൽ കൂടുതൽ ആനുകൂല്യം ലഭിക്കും.

തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റികളും ലോകമീഷനും പണാധിപത്യത്തിന്റെ ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജനഹിതമാണ് പ്രതിഫലിക്കേണ്ടത്. ജനഹിതം അട്ടിമറിക്കാനാണ് പണം ഉപയോഗിക്കുന്നത്. പുറത്തുനിന്ന് രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് നൽകുന്ന കോർപറേറ്റുകളും സമ്പന്നരും അവരുടെ പ്രതിനിധികളെത്തന്നെ പാർലമെന്റിലേക്ക് അയക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് നമ്മുടെ ഉൽക്കണ്ഠ വർധിപ്പിക്കുന്നു. ലോക്സഭയിൽ ഇപ്പോൾ നാനൂറ്റി അമ്പതോളം കോടിപതികളുണ്ട്. രാജ്യസഭയിൽ ഇരുനൂറിലേറെയും. നിയമനിർമാണ സഭകളിലെ ജനപ്രതിനിധികളുടെ വർധിച്ച തോതിലുള്ള കാലുമാറ്റത്തിന്റെ ഒരു കാരണം കള്ളപ്പണ സ്വാധീനം തന്നെയാണ്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പ്രതിനിധികൾ നമ്മുടെ നിയമനിർമാണ സഭകളിൽ കുറഞ്ഞുവരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും കള്ളപ്പണത്തിന്റെ കുത്തൊഴുക്കുവഴി ജനവിധിയെ സ്വാധീനിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചതെന്ന് ബോധ്യപ്പെടുന്ന സംഭവങ്ങളാണ് അനാവരണം ചെയ്യപ്പെട്ടത്. ഇതിനെ അതിജീവിച്ച് ഇടതുപക്ഷം വിജയിക്കുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്. തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം നിയന്ത്രിക്കുന്ന പരിഷ്കാരങ്ങൾക്കുവേണ്ടി ജനാധിപത്യവാദികൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.