രാജ്യം ഈ സമരൈക്യത്തിനൊപ്പം

ഇന്ത്യൻ കാർഷികമേഖല ബഹുരാഷ്ട്ര കമ്പനികൾക്കും വൻകിട ഇന്ത്യൻ കോർപറേറ്റുകൾക്കും തീറെഴുതുന്നതിനെതിരെ കർഷകർ പത്തുമാസം മുമ്പ് ആരംഭിച്ച സമരം നിഷ്പ്രയാസം അടിച്ചമർത്താമെന്നായിരുന്നു മോദിസർക്കാർ കരുതിയത്. എന്നാൽ, എല്ലാ അടിച്ചമർത്തൽ ശ്രമത്തെയും അതിജീവിച്ച് കർഷകസമരം, അധ്വാനിക്കുന്ന ജനങ്ങളുടെ ഐതിഹാസിക സമരമായി ആളിപ്പടരുകയാണ്. സമരം ആരംഭിച്ചശേഷമുണ്ടായ ശ്രദ്ധേയമായ കാര്യം, ഇന്ത്യൻ തൊഴിലാളിവർഗം ഈ സമരത്തിൽ കർഷകരുമായി കൈകോർത്തിരിക്കുന്നു എന്നതാണ്. തൊഴിലാളികളും കർഷകരും തമ്മിലെ ഐക്യംതന്നെയാണ് ഫാസിസ്റ്റ് രീതികളുമായി മുന്നോട്ടു നീങ്ങുന്ന മോദി സർക്കാരിനെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെയും വിറളി പിടിപ്പിച്ചത്.

കിഴക്കൻ യുപിയിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ലഖിംപുർ ഖേരിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കാറോടിച്ചു കയറ്റിയ സംഭവം യാദൃച്ഛികമാണെന്ന് ആരും കരുതുന്നില്ല. അധികാരവും ജനാധിപത്യവിരുദ്ധ മാർഗങ്ങളും ഉപയോഗിച്ച് സമരം തകർക്കാൻ തുടക്കംമുതലേ സംഘപരിവാർ ശക്തികൾ ശ്രമിച്ചുവരികയായിരുന്നു. അതിന്റെ തുടർച്ചയാണ് കിഴക്കൻ യുപിയിലുണ്ടായ ഞെട്ടിക്കുന്ന സംഭവം. തങ്ങൾ ആഗ്രഹിക്കുന്ന അജൻഡ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുകയോ എതിർക്കുകയോ ചെയ്താൽ ജനാധിപത്യംതന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയാണ് മോദിസർക്കാരും യുപി സർക്കാരും ഉയർത്തുന്നത്. ലഖിംപുർ ഖേരി ജില്ലയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇന്റർനെറ്റ് ബന്ധം പൂർണമായി വിച്ഛേദിച്ചു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പ്രതിപക്ഷ പാർടികളുടെ ദേശീയ നേതാക്കളെപ്പോലും അനുവദിക്കുന്നില്ല. ചോദ്യം ചെയ്യുന്നവരെ പിടിച്ച് തടവിലിടുന്നു. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതുപോലും തടഞ്ഞിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഇതെല്ലാം നടക്കുമോ എന്ന ചോദ്യം സ്വാഭാവികം. ഹിറ്റ്‌ലറെയും മുസോളിനിയെയും മാതൃകയാക്കുന്നവരുടെ കൈയിൽ അധികാരം കിട്ടിയാൽ ഇതും ഇതിലധികവും സംഭവിക്കും. കേന്ദ്രത്തിലെ മോദി സർക്കാരിനെപ്പോലെ യുപിയിലെ യോഗി സർക്കാരും നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണ്. സംഘപരിവാർ തീരുമാനിക്കുന്നതാണ് നാട്ടിലെ നിയമമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ജനാധിപത്യ ധ്വംസനത്തിനെതിരായ പോരാട്ടവും കർഷകസമരവും ഒന്നിച്ചു മുന്നോട്ടുപോകേണ്ടതിന്റെ അനിവാര്യതയാണ് ഇതു വ്യക്തമാക്കുന്നത്.

കർഷകസമരം പൊളിക്കാൻ എന്തൊക്കെ അടവുകളാണ് മോദി സർക്കാർ പ്രയോഗിച്ചത്. വരുതിയിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരമായി നുണ പ്രചരിപ്പിച്ചു. കാർഷികമേഖല അഭിവൃദ്ധിപ്പെടുത്താനാണ് മൂന്ന് നിയമം കൊണ്ടുവന്നതെന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണത്തിന്റെ ഊന്നൽ. ജീവിതാനുഭവങ്ങളുള്ള കർഷകരെ അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനായില്ല. പിന്നീട് പതിവുപരിപാടി പുറത്തെടുത്തു. സമരക്കാരെ ദേശദ്രോഹികളാക്കുക. പക്ഷേ, ഖലിസ്ഥാൻ വാദികളും മാവോയിസ്റ്റുകളുമാണ് സമരത്തിന് പിന്നിലെന്ന നുണയും ഏശിയില്ല. സമരം ചെയ്യുന്ന സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് പിന്നീട് കണ്ടത്. സംഭവിച്ചത് മറിച്ചാണ്, ഹരിയാനയിലും യുപിയിലുമടക്കം ബിജെപിയോടൊപ്പം നിൽക്കുന്ന കർഷകർ സമരത്തിൽ ചേരാൻ തുടങ്ങി. അതോടെയാണ് സമരം ചോരയിൽ മുക്കാനുള്ള നീക്കം തുടങ്ങിയത്.

മോദി സർക്കാരിനും സംഘപരിവാർ അജൻഡയ്ക്കും വലിയ തിരിച്ചടിയായി രണ്ട്‌ പ്രധാന സംഭവം സെപ്തംബറിലുണ്ടായി. അതിലൊന്ന് യുപിയിലെ മുസഫർനഗറിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച മഹാപഞ്ചായത്തായിരുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ചരിത്ര പ്രാധാന്യമുള്ള ജനമുന്നേറ്റമായി മഹാപഞ്ചായത്ത് മാറി. യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുത്തത്. മഹാപഞ്ചായത്തിൽ അണിനിരന്നവരുടെ എണ്ണത്തേക്കാൾ മോദി സർക്കാരിനെയും ഹിന്ദുത്വ ശക്തികളെയും അമ്പരപ്പിച്ചത് അവിടെ ഉയർന്ന ആവശ്യങ്ങളും മുദ്രാവാക്യങ്ങളുമായിരുന്നു. കാർഷികമേഖലയെ തകർക്കുന്ന മൂന്ന് നിയമം പിൻവലിക്കുക എന്നതിനൊപ്പം രാജ്യത്തെ വ്യവസായ തൊഴിലാളികളെയും കാർഷിക തൊഴിലാളികളെയും ഗ്രാമീണ തൊഴിലാളികളെയും ആദിവാസികളെയും ബാധിക്കുന്ന ആവശ്യങ്ങളും മഹാപഞ്ചായത്ത് മുന്നോട്ടുവച്ചു. കർഷക-തൊഴിലാളി ഐക്യമാണ് ഇന്നത്തെ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴിയെന്ന് കർഷക നേതാക്കൾ തിരിച്ചറിഞ്ഞു എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുസഫർനഗറിൽ മഹാപഞ്ചായത്ത് നടന്നതിന് മറ്റൊരു പ്രാധാന്യംകൂടിയുണ്ട്. എട്ടുവർഷംമുമ്പ്, 2013ൽ, ഭീതിദമായ വർഗീയ ലഹള നടന്ന പ്രദേശമാണിത്. ജാട്ട് സമുദായക്കാരും മുസ്ലിങ്ങളും തമ്മിൽ സ്പർധ വളർത്തി സംഘപരിവാറാണ് കലാപം അഴിച്ചുവിട്ടത്. പതിവുപോലെ കലാപത്തിന്റെ ഗുണം ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കിട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബിജെപി സീറ്റുകൾ തൂത്തുവാരി. ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ബിജെപിക്ക് മുസഫർനഗർ സഹായകമായി.

ഈ പശ്ചാത്തലം കണക്കിലെടുത്തുതന്നെയാണ് മഹാപഞ്ചായത്തിന് കിസാൻ മോർച്ച മുസഫർനഗർ തെരഞ്ഞെടുത്തത്. സാമുദായിക ചേരിതിരിവിലൂടെ കർഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് മോർച്ച നേതാക്കൾ പ്രഖ്യാപിച്ചു. അല്ലാഹു അക്ബർ വിളികൾക്കൊപ്പം ഹർ ഹർ മഹാദേവും അവിടെ ഉയർന്നു. മറ്റു സമുദായങ്ങൾക്കൊപ്പം മുസ്ലിങ്ങളും വലിയതോതിൽ അണിനിരന്നു. ബിജെപിയുടെ വർഗീയ അജൻഡയ്ക്ക് പകരം കർഷക–തൊഴിലാളി ഐക്യത്തിന്റെയും സമുദായ മൈത്രിയുടെയും സന്ദേശമാണ് മുസഫർ നഗറിൽനിന്ന് രാജ്യത്തിന് കിട്ടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ യുപിയിലെയും ഉത്തരാഖണ്ഡിലെയും ബിജെപി സർക്കാരുകളെ പുറത്താക്കാൻ പരിശ്രമിക്കുമെന്ന പ്രതിജ്ഞയും കർഷക ലക്ഷങ്ങൾ എടുത്തു. ബിജെപിയെ പരിഭ്രാന്തിയിലാക്കാൻ ഇതിലപ്പുറം എന്താണ് വേണ്ടത്?

രണ്ടാമത്തെ സംഭവവികാസം സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത ഭാരത് ബന്ദാണ്. കർഷകരുടെ ആഹ്വാനം ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുക്കുന്നതാണ് കഴിഞ്ഞ 27ന് രാജ്യം കണ്ടത്. രാജ്യമാകെ തൊഴിലാളികൾ പണിമുടക്കി. പല സംസ്ഥാനങ്ങളും നിശ്ചലമായി. തൃണമൂൽ കോൺഗ്രസ് ഒഴികെ മിക്കവാറും പ്രമുഖ ദേശീയ-പ്രാദേശിക രാഷ്ട്രീയ പാർടികളും സമരത്തെ പിന്തുണച്ചു. കർഷകർക്കൊപ്പം വ്യവസായ തൊഴിലാളികളും കാർഷിക തൊഴിലാളികളും ജീവനക്കാരും കച്ചവടക്കാരും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം ബന്ദിൽ പങ്കെടുക്കുയോ സമരം വിജയിപ്പിക്കാൻ തങ്ങളാലാകുംവിധം പരിശ്രമിക്കുകയോ ചെയ്തു. സെപ്തംബർ അഞ്ചിന്റെയും 27ന്റെയും ജനമുന്നേറ്റമാണ് ബിജെപി സർക്കാരുകളുടെ സമനില തെറ്റിച്ചത്. കർഷകസമരം നമ്മുടെ ജനാധിപത്യവും മതനിരപേക്ഷതയും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടമായി മാറുകയാണ്.

ഇന്ത്യൻ കാർഷിക മേഖലയിൽ അപാരമായ സാധ്യതകളാണ് ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ കുത്തകകളും കാണുന്നത്. അതിലേക്ക് സ്വതന്ത്രമായി കടന്നുകയറാൻ ചില നിയമ തടസ്സങ്ങളുണ്ട്. അതു നീക്കാനാണ് ഭരണഘടനാ വ്യവസ്ഥകൾപോലും വകവയ്ക്കാതെ മൂന്നു നിയമം പാർലമെന്റിൽ പാസാക്കിയെടുത്തത്. പാർലമെന്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾപോലും മോദി സർക്കാർ അനുവദിച്ചില്ല. ഭരണഘടന പ്രകാരം കൃഷി സംസ്ഥാന വിഷയമാണ്. സംസ്ഥാന വിഷയത്തിൽ നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ല. അതൊന്നും ബിജെപി സർക്കാരിന് പ്രശ്നമല്ല. നിയമങ്ങളുടെ ഭരണഘടനാസാധുത സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

തീവ്ര ഹിന്ദുത്വവൽക്കരണത്തോടൊപ്പം വൻകിട കോർപറേറ്റുകളുടെ അജൻഡകൂടി നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കർഷകർ ഒരു വർഷമായി തുടരുന്ന പ്രക്ഷോഭം. റദ്ദാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്ന നിയമങ്ങളിൽ ഒന്ന് കോർപറേറ്റുകൾക്ക് കടന്നുവരാൻ വഴിയൊരുക്കുന്ന ഫാർമേഴ്സ് (എംപവർമെന്റ്‌ ആൻഡ്‌ പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ്‌ ഫാം സർവീസസ് ആക്ടാണ്. ഇതു വരുന്നതോടെ സർക്കാരിന്റെ എല്ലാ നിയന്ത്രണവും ഇല്ലാതാകും. വിദേശ കമ്പനികൾക്കും ഇന്ത്യൻ കമ്പനികൾക്കും ഒരുപോലെ ഇതിലേക്ക് പ്രവേശിക്കാം. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കാനും താങ്ങുവില ഉറപ്പാക്കാനും കേന്ദ്ര സർക്കാർ നൽകിയിരുന്ന എല്ലാ സംരക്ഷണവും ഈ നിയമങ്ങൾ വഴി ഇല്ലാതാകുകയാണ്. പൊതുവിതരണ സമ്പ്രദായവും തകർക്കുന്ന നിയമമാണിത്.

1991ൽ നരസിംഹറാവു സർക്കാർ സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കാൻ തുടങ്ങിയശേഷം നമ്മുടെ കാർഷികമേഖലയിൽ കോർപറേറ്റ് ഇടപെടൽ വർധിച്ചുവരുന്നതായാണ് കാണുന്നത്. കോർപറേറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്ക് കൃഷി വിട്ടുകൊടുക്കാനാണ് മോദി സർക്കാരിന്റെ നീക്കം. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ശാസ്ത്ര–സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനുള്ള കാര്യമായ പരിശ്രമം നടന്നിട്ടുണ്ട്. അതോടൊപ്പം, കാർഷിക മേഖലയിൽ ജനാധിപത്യവൽക്കരണത്തിനുള്ള ശ്രമങ്ങളുമുണ്ടായി. എന്നാൽ, ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കാര്യമായി ഉയർന്നെങ്കിലും കാർഷികബന്ധങ്ങളിൽ പരിഷ്കരണമുണ്ടായില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തിയുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിലാണ് കൃഷിഭൂമി കൃഷിക്കാരന് നൽകുന്ന രീതിയിൽ കാർഷികബന്ധങ്ങളിൽ മാറ്റം വന്നത്. എന്നാൽ, ഇപ്പോഴും ഫ്യൂഡൽ കാർഷികബന്ധങ്ങൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളുമുണ്ട്.

മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളോടൊപ്പം നൂതന കൃഷിരീതികൾ വന്നപ്പോൾ പഞ്ചാബ്, ഹരിയാന, യുപി മുതലായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷിയിൽ നല്ല അഭിവൃദ്ധിയുണ്ടായി. എന്നാൽ, പതുക്കെപ്പതുക്കെ കാർഷികരംഗത്ത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രയോഗം കുറഞ്ഞുവരുന്നതാണ് കണ്ടത്. കാർഷിക ഗവേഷണത്തിനുള്ള സ്ഥാപനങ്ങളെ സർക്കാർ അവഗണിക്കാൻ തുടങ്ങി. ഐസിഎആർപോലുള്ള സ്ഥാപനങ്ങൾക്ക് കാര്യമായി മുന്നോട്ടുപോകാനായില്ല. ഗവേഷണ ഫലങ്ങൾ കൃഷിഭൂമിയിലെത്തിക്കുന്നതിലും ബോധപൂർവമായ അലംഭാവമുണ്ടായി. കോർപറേറ്റുകൾ വന്ന് കൃഷി അഭിവൃദ്ധിപ്പെടുത്തുമെന്നാണ് പ്രചാരണം.

കാർഷികരംഗത്ത് വൻകിട കമ്പനികൾ പിടിമുറുക്കുമ്പോൾ കാർഷിക സബ്സിഡിയും പിന്നാലെ ഭക്ഷ്യ സബ്സിഡിയും ഇല്ലാതാകുമെന്ന് വ്യക്തമാണ്. കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന താങ്ങുവില അപ്രത്യക്ഷമാകും. പൂഴ്‌ത്തിവയ്‌പ്‌ ഇപ്പോൾ ഗുരുതര ക്രിമിനൽ കുറ്റമാണെങ്കിൽ പുതിയ അവശ്യസാധന (ഭേദഗതി) നിയമം നടപ്പാകുമ്പോൾ പൂഴ്‌ത്തിവയ്‌പ്‌ നിയമവിധേയമാകും. എഫ്സിഐ ഗോഡൗണുകൾ ആവശ്യമുണ്ടാകില്ല. സ്വാഭാവികമായും ഭക്ഷ്യവസ്തുക്കളുടെ വില ഉയരും. കൃഷിക്ക് ബാങ്ക് വായ്പ എടുക്കുമ്പോൾ സർക്കാർ സബ്സിഡി ഇല്ലാതാകും. അത്തരം ആനുകൂല്യങ്ങൾ ഭാവിയിൽ കോർപറേറ്റ് കമ്പനികൾക്കായിരിക്കും. ചെറുകിട കർഷകന് കൃഷിയിൽ തുടരാൻപോലും സാഹചര്യമുണ്ടാകില്ല. ഈ ഗൂഢാലോചനയ്‌ക്കെതിരെയാണ് കർഷകർ സമരം ചെയ്യുന്നത്.

പരമ്പരാഗതമായി കൃഷിചെയ്ത് ജീവിക്കുകയും രാജ്യത്തിന് അന്നം നൽകുകയും ചെയ്യുന്നവർ പുറന്തള്ളപ്പെടുമ്പോൾ മറ്റു തൊഴിൽ ചെയ്ത് ജീവിക്കുന്നവരുടെ സ്ഥിതിയും പരിതാപകരമാകും. കാർഷികമേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്നവർ വ്യവസായ–വാണിജ്യ മേഖലയിലേക്കാണ് തൊഴിൽ തേടി പോകുന്നത്. ആ മേഖലയിൽ ഇപ്പോൾ 12.01 കോടി ആളുകളുടെ തൊഴിൽ ഒരു വർഷംകൊണ്ട് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിൽ 9.01 കോടി ആളുകൾ ചെറുകിട വ്യവസായരംഗത്തും ചെറുകിട കച്ചവടരംഗത്തും പ്രവർത്തിക്കുന്നവരാണ്. ഈ നിലയിൽ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ തൊഴിലാളികൾക്ക് ഇന്നുള്ള വേതനവും തൊഴിലും നഷ്ടമാകും. അതുകൊണ്ടുതന്നെ കർഷകരും തൊഴിലാളികളും ഒന്നിച്ചുനിന്നുള്ള പോരാട്ടമാണ് കാലത്തിന്റെ ആവശ്യം.