സ്വന്തം ജനതയെ 
കൈയൊഴിയുന്ന കേന്ദ്രഭരണം

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം വിനാശകരമാണെന്ന് പറയാതെ വയ്യ. സ്വന്തം ജനതയോട് കരുതലുള്ള ഒരു ഭരണകൂടവും ഇത്തരം ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറില്ല. ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം ഇഷ്ടമുള്ള വിലയ്‌ക്ക് സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലയ്‌ക്കും വിൽക്കാൻ കേന്ദ്രം അനുമതി നൽകിയിരിക്കുകയാണ്. ഉൽപ്പാദകരിൽനിന്ന് നേരിട്ട് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട്  നിർദേശിച്ചിട്ടുള്ളത്. ഒന്നിച്ചു തുഴഞ്ഞ് ഈ മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുപകരം, കുത്തിവയ്‌പിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിടുകയാണ് മോഡി സർക്കാർ. 

ലോകത്ത് ഒരു സർക്കാരും ഈ രീതിയിൽ സ്വന്തം ജനതയെ സ്വകാര്യവിപണിക്ക് എറിഞ്ഞുകൊടുത്ത് മാറിനിന്നിട്ടില്ല. സർക്കാരിന്റെ ചെലവിലാണ് എല്ലാ രാജ്യത്തും വാക്സിനേഷൻ.  നമ്മുടെ രാഷ്ട്രവും അതുതന്നെയാണ് ചെയ്തിരുന്നത്. പോളിയോ വാക്സിൻ ഉദാഹരണം. സ്വകാര്യ വാക്സിൻ ഉൽപ്പാദകരെ സഹായിക്കുന്നതിന് കേന്ദ്രം ഒഴിഞ്ഞുമാറൽ നയം സ്വീകരിച്ച സാഹചര്യം എന്താണെന്ന് നോക്കണം. രണ്ടാം തരംഗം രാജ്യത്തെയാകെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.

മൂന്നുലക്ഷത്തിലധികം കേസാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന മരണം രണ്ടായിരത്തിന് മുകളിലേക്ക് പോയി. ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും. തലസ്ഥാനമായ ഡൽഹി അടക്കം പല സംസ്ഥാനങ്ങളിലും ഓക്സിജന് കടുത്ത ക്ഷാമമാണ്. ആശുപത്രികൾ നിറഞ്ഞു. അത്യാവശ്യ മരുന്നുകൾ കിട്ടാനില്ല. സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് വാക്സിൻ ലഭ്യമാക്കാത്തതിനാൽ വാക്സിനേഷൻതന്നെ അവതാളത്തിലാകുന്നു. കൂട്ടമായി ജനങ്ങൾക്ക് കുത്തിവയ്‌പ്‌ നൽകാൻ തുറന്ന പ്രത്യേക കേന്ദ്രങ്ങൾ വാക്സിൻ കിട്ടാത്തതിനാൽ അടച്ചിടേണ്ടിവരുന്നു. ഈ സാഹചര്യം ജനങ്ങളിൽ സൃഷ്ടിച്ച ഭീതിയും പരിഭ്രാന്തിയും എത്രത്തോളമായിരിക്കുമെന്ന്  ഊഹിക്കാം.

ഈ സാഹചര്യത്തിലാണ്‌ വാക്സിൻ വേണ്ടവർ വിലകൊടുത്തു വാങ്ങണമെന്നും വില ഉൽപ്പാദകർ നിശ്ചയിക്കുമെന്നും കേന്ദ്രം പ്രഖ്യാപിക്കുന്നത്. എല്ലാ കോണിൽനിന്നും വലിയ പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നത് 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർമാത്രം വിലകൊടുത്താൽ മതിയെന്നാണ്. ഈ പ്രായപരിധിയിൽ 59.5 കോടി ജനങ്ങളുണ്ട്. ഒരാൾക്ക് രണ്ടു ഡോസ് വേണമെന്നതിനാൽ 119 കോടി. ഇത്രയും പേർക്കുള്ള വാക്സിന് വിലകൊടുക്കണമെന്നത് തീരെ നിസ്സാരമായി കാണുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാൻ.

ഇന്ത്യയിൽ രണ്ടു കമ്പനിയാണ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (കോവിഷീൾഡ്) ഭാരത് ബയോടെക്കും (കോവാക്സിൻ). ഇതുവരെ 150 രൂപയ്ക്കാണ് കേന്ദ്രത്തിന് ഈ കമ്പനികൾ വാക്സിൻ നൽകിയിരുന്നത്. 150 രൂപ നിശ്ചയിച്ചാൽത്തന്നെ ലാഭമാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥർ നേരത്തേ പറഞ്ഞതാണ്. “ഇത്രയും ലാഭം മതി. സൂപ്പർ ലാഭം ആവശ്യമില്ല. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുകയാണ് പ്രധാനം” ഇതായിരുന്നു കമ്പനി പറഞ്ഞിരുന്നത്. കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് ഉൽപ്പാദിപ്പിക്കുന്നതിന്റെ അമ്പത്‌ ശതമാനം അവർക്ക് ഇഷ്ടമുള്ള വിലയ്‌ക്ക് വിൽക്കാം. സിറം ഇൻസ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് 400 രൂപ. സ്വകാര്യമേഖലയ്‌ക്ക് 600 രൂപ. 150 രൂപയ്‌ക്ക് വിറ്റാൽത്തന്നെ ലാഭം കിട്ടുമെന്നിരിക്കെയാണ് മൂന്നും നാലും ഇരട്ടി വില ഈടാക്കാൻ പോകുന്നത്. ഈ അവസരത്തിൽ മറ്റൊന്നുകൂടി ഓർക്കേണ്ടതുണ്ട്. ഉൽപ്പാദനശേഷി വർധിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും കേന്ദ്രസർക്കാർ മുൻകൂറായി നൽകിയിട്ടുണ്ട്.

കേന്ദ്രനയം തിരുത്തണം

വാക്സിൻ നയം മാറ്റത്തിൽനിന്ന് ചില കാര്യങ്ങൾകൂടി നമുക്ക് വ്യക്തമാകാനുണ്ട്. സംസ്ഥാനങ്ങൾക്കും സ്വകാര്യവിപണിക്കുംകൂടി അമ്പത്‌ ശതമാനം എന്നു പറയുമ്പോൾ, സംസ്ഥാനങ്ങൾക്ക് എത്ര കിട്ടും എന്ന് വിശദീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് കിട്ടുന്ന അമ്പത്‌ ശതമാനം വാക്സിന്റെ വിതരണം എങ്ങനെയാകുമെന്നും വ്യക്തമായിട്ടില്ല. സംഭവിക്കാൻ പോകുന്നത്, വിലകൊടുത്ത് വാക്സിൻ വാങ്ങാൻ സംസ്ഥാനങ്ങൾ മത്സരമായിരിക്കും. കാരണം, നമ്മുടെ ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദനം വളരെ കുറവാണ്. ഒരു മാസം 66.5 കോടി ഡോസ് മാത്രമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ഉൽപ്പാദനം ഇതിലും വളരെ കുറവാണ്. ഈ രണ്ടു കമ്പനിയുടെയും ഉൽപ്പാദനശേഷി വർധിക്കാൻ മാസങ്ങൾ എടുക്കും. പുതിയ നയം നടപ്പാക്കിയാൽ വാക്സിൻ കരിഞ്ചന്തയിലേക്ക് പോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ജനങ്ങളെ കൊള്ളയടിക്കാൻ സ്വകാര്യ ഉൽപ്പാദകർക്ക് അവസരം നൽകുന്ന പുതിയ വാക്സിൻ നയം അങ്ങേയറ്റം വിവേചനപരവും തുല്യാവസരം നിഷേധിക്കുന്നതുമാണ്. മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം വ്യാപനത്തിന് വഴിവയ്‌ക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അരാജകത്വത്തിലേക്കാണ് ഈ നയം രാജ്യത്തെ തള്ളിവിടുക. ദേശീയ തലത്തിലെ പ്രതിഷേധം കണക്കിലെടുത്ത് ഇതു തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

2020 മാർച്ചിലാണ് കോവിഡിന്റെ ആദ്യതരംഗം ഇന്ത്യയിലുണ്ടായത്. ഒരു വർഷം പിന്നിട്ടു. ഒന്നാം തരംഗം വന്നപ്പോൾത്തന്നെ ആരോഗ്യമേഖലയിലെ പോരായ്മകൾ വ്യക്തമായിരുന്നു.  ഒരു വർഷത്തിനിടയിൽ ഒരു തയ്യാറെടുപ്പും നടത്താൻ കേന്ദ്രം ശ്രമിച്ചില്ല. രണ്ടാം തരംഗം നേരിടാനുള്ള സമയം ലഭിച്ചിട്ടും  പാഴാക്കി. കൊറോണരോഗികളെ  രക്ഷിക്കാൻ ഏറ്റവും ആവശ്യം ഓക്സിജനാണ്. ഓക്സിജൻ ഉൽപ്പാദനംപോലും വർധിപ്പിക്കാൻ  കഴിഞ്ഞില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൊഴുകൈയോടെ കേന്ദ്രത്തോട് വാക്സിൻ നൽകാൻ അഭ്യർഥിക്കുന്ന സാഹചര്യം നാം കണ്ടു. ആശുപത്രികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ ഡൽഹി ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു. വൈറസ് ഏറെക്കാലം സമൂഹത്തിൽ നിലനിൽക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണ്. അതു മുന്നിൽക്കണ്ട് ഒരു മുന്നൊരുക്കവും നടത്താത്തതിന്റെ ദുരന്തമാണ് ഇപ്പോൾ നേരിടുന്നത്.

പൊതുമേഖലയിൽ വാക്സിൻ ഉൽപ്പാദനം ആരംഭിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കേണ്ടതായിരുന്നു. നമ്മുടെ പൊതുമേഖലാ മരുന്ന് ഉൽപ്പാദന കമ്പനികൾക്ക് അതിനുള്ള ശേഷിയുണ്ട്. തമിഴ്നാട്ടിൽ 600 കോടി രൂപ മുതൽമുടക്കിൽ ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് സ്ഥാപിച്ചിരുന്നു. അത്‌ ഉപയോഗിക്കാതെ കിടക്കുന്നു. കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 35,000 കോടി  വകയിരുത്തിയിരുന്നു. വാക്സിൻ ഉൽപ്പാദനം കൂട്ടാൻ ആ തുക ഉപയോഗപ്പെടുത്തിയില്ല എന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.

നമ്മുടെ വാക്സിനേഷൻ ഇഴഞ്ഞുനീങ്ങുന്നതിന് പ്രധാന കാരണം വാക്സിൻ ദൗർലഭ്യമാണ്. ഇതുവരെ ജനസംഖ്യയുടെ എട്ട്‌ ശതമാനത്തിന് മാത്രമാണ് വാക്സിൻ നൽകിയത്. രണ്ടു ഡോസ്  ലഭിക്കാൻ ഭാഗ്യമുണ്ടായത് 1.7 കോടി പേർക്കുമാത്രം. ഈ തോതിൽ വാക്സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ ഒരു വർഷം കഴിഞ്ഞാലും സാമൂഹ്യപ്രതിരോധം കൈവരിക്കാനാവശ്യമായ എണ്ണത്തിലേക്ക്  എത്താൻ കഴിയില്ല.

വാക്സിന് കടുത്ത ക്ഷാമം നേരിടുമ്പോൾ കേന്ദ്രം എന്താണ് ചെയ്തത്? 6.6 കോടി ഡോസ്  കയറ്റുമതി ചെയ്തു. ലോകമാകെ മഹാമാരിയുടെ പിടിയിൽ നിൽക്കുമ്പോൾ, വാക്സിൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള രാഷ്ട്രങ്ങൾ അതില്ലാത്തവർക്ക് നൽകുന്നതിനെ ആർക്കും വിമർശിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹവുമായി ചേർന്നുനിൽക്കുമ്പോൾ അത്തരം ബാധ്യതകൾ നാം നിർവഹിക്കുകതന്നെ വേണം. എന്നാൽ, സ്വന്തം ജനത വാക്സിൻ കിട്ടാതെ വിഷമിക്കുമ്പോൾ ഈ കയറ്റുമതി അൽപ്പം വൈകിച്ചുകൂടേ എന്ന ചോദ്യമുണ്ട്. കൊറോണ വൈറസിന് ഫലപ്രദമായ മരുന്നൊന്നും  കണ്ടുപിടിച്ചിട്ടില്ല. എന്നാൽ, ഉള്ള മരുന്നുകളിൽ ജീവൻ രക്ഷിക്കാൻ ഏറെ പ്രയോജനകരമെന്ന് വൈദ്യശാസ്ത്രലോകം കരുതുന്നത് റെംഡിസിവർ എന്ന ഇഞ്ചക്‌ഷനാണ്. 11 ലക്ഷം റെംഡിസിവർ ഇഞ്ചക്‌ഷനും അടുത്തിടെ  കയറ്റുമതി ചെയ്തു. ഇപ്പോൾ രാജ്യത്തെ ആശുപത്രികൾ ഈ മരുന്നിനുവേണ്ടി നെട്ടോട്ടമോടുന്നു. അന്താരാഷ്ട്രതലത്തിൽ ഇന്ത്യക്കുള്ള സ്വാധീനം ഈ ഘട്ടത്തിൽ മഹാമാരിയെ നേരിടുന്നതിന് ഉപയോഗപ്പെടുത്തിയില്ല എന്ന വിമർശവും തള്ളിക്കളയാനാകില്ല. വാക്സിൻ നിർമിക്കുന്നതിനുള്ള പല അസംസ്കൃത പദാർഥങ്ങളും  അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, ഇത്തരം വസ്തുക്കളുടെ കയറ്റുമതി ഈ പ്രയാസഘട്ടത്തിൽ അമേരിക്ക നിരോധിച്ചു. ഈ നിരോധനം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചു. അമേരിക്കയുമായുള്ള ബന്ധം ഉപയോഗിച്ച് ഈ നിരോധനം പെട്ടെന്ന് ഒഴിവാക്കാനുള്ള ഇടപെടൽ നടത്തുന്നതിലും ഇന്ത്യാ ഗവൺമെന്റ് പരാജയപ്പെട്ടു. കോവിഡിന്റെ ആദ്യതരംഗത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്ന്, അതിന് ദൗർലഭ്യമുണ്ടായിട്ടും അമേരിക്കയ്‌ക്ക് നൽകിയ രാജ്യമാണ് ഇന്ത്യ എന്നുകൂടി ഓർക്കണം.

രണ്ട്‌ സർക്കാർ, രണ്ട്‌ നയം

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനുപകരം ഈ അവസരം മുതലാക്കി തങ്ങളുടെ രാഷ്ട്രീയ അജൻഡ മുന്നോട്ടു കൊണ്ടുപോകാനാണ് മോഡിസർക്കാർ ശ്രമിച്ചത്. കോവിഡിന്റെ പേരുപറഞ്ഞ് പാർലമെന്റിനെ നോക്കുകുത്തിയാക്കി. പതിനെട്ടോളം ഓർഡിനൻസാണ് ഇതിനിടയിൽ കൊണ്ടുവന്നത്. കാർഷികമേഖല കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുന്നതിനുള്ള മൂന്ന്‌ ബില്ലും ആദ്യം ഓർഡിനൻസായാണ് കൊണ്ടുവന്നത്. പിന്നീട്, വോട്ടെടുപ്പ് നിഷേധിച്ചുകൊണ്ട് പാസാക്കി. ലേബർ കോഡ് എന്ന പേരിൽ തൊഴിലാളിവിരുദ്ധ നിയമങ്ങൾ കൊണ്ടുവന്നതും ഇക്കാലത്താണ്. പാർലമെന്റിന്റെയും അംഗങ്ങളുടെയും അവകാശം നിഷേധിക്കാൻ കോവിഡ് സാഹചര്യം മറയാക്കി. ചോദ്യോത്തരവേള ഒഴിവാക്കി. സ്വകാര്യ ബില്ലുകൾ അനുവദിച്ചില്ല. ഈ രീതിയിലാണ് കഴിഞ്ഞ ഒരു വർഷം കേന്ദ്രസർക്കാർ പ്രവർത്തിച്ചത്.

കേന്ദ്രസർക്കാർ ജനങ്ങളെ കൈയൊഴിയുന്ന നയം സ്വീകരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളത്തിൽ എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ വിപണിയിൽനിന്ന് വലിയ വിലയ്‌ക്ക് വാക്സിൻ വാങ്ങേണ്ട സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ചിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽനിന്ന് പിൻമാറാൻ കേരളം തയ്യാറായിട്ടില്ല. രണ്ട്‌ സർക്കാരിന്റെ രണ്ടു നയമാണ് ഇതിൽ തെളിയുന്നത്. കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കാരണം സംസ്ഥാനങ്ങൾ വലിയ പ്രയാസത്തിലാണ്. പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ജിഎസ്ടിയിൽനിന്ന് സംസ്ഥാനങ്ങൾക്കുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. ഇതിനിടയിലാണ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ചെലവുകൾ. കോവിഡിനെ നേരിടാനാണ് കേന്ദ്രസർക്കാർ  പിഎം  കെയർ ഫണ്ട് രൂപീകരിച്ചത്. എന്നാൽ, സംസ്ഥാനങ്ങളെ സഹായിക്കാൻ ഈ ഫണ്ടും ഉപയോഗിച്ചിട്ടില്ല. ഈ ഫണ്ടിന്റെ കാര്യത്തിൽ ദുരൂഹത മാത്രമേയുള്ളൂ. പാർലമെന്റിൽപ്പോലും മറുപടിയില്ല. പാർലമെന്റിന്റെ പരിധിയിൽ ഈ ഫണ്ട് വരുന്നില്ലെന്നാണ് വിശദീകരണം. പാർലമെന്റിൽ പറയുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് കണക്ക് പറയുക?

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ജനസംഖ്യയുടെ 11 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് രോഗം വന്നത്. അഖിലേന്ത്യാ ശരാശരി 25 ശതമാനം. മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളംതന്നെ 0.4 ശതമാനം. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയും സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുമാണ് ഈ നേട്ടത്തിന് അടിസ്ഥാനം.

കേരളത്തിൽ ഓക്സിജനോ ഐസിയു കിടക്കകൾക്കോ വെന്റിലേറ്ററിനോ  ക്ഷാമം  ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സെക്കൻഡ്‌ ലൈൻ സെന്ററുകളും ജില്ലാ കോവിഡ് ആശുപത്രികളും  തുറന്നിട്ടുണ്ട്.  ഓരോ താലൂക്കിലും ഒരു കോവിഡ്  കേന്ദ്രമെങ്കിലും തുറക്കാനും തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ  സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ  മികച്ച പ്രവർത്തനമാണ് സംസ്ഥാനം നടത്തുന്നത്.

സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് പിന്തുണ നൽകുന്നതിനുപകരം, കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന പ്രവർത്തനവുമായി കേന്ദ്രത്തിലെ വിദേശ സഹമന്ത്രി വി മുരളീധരൻ മുമ്പോട്ടു പോകുകയാണ്. സ്വന്തം നാടിനോട് ഇത്രയും ശത്രുതയോടെ പെരുമാറാൻ ഒരു കേന്ദ്രമന്ത്രിക്ക് കഴിയുന്നു എന്നത് അതിശയകരമാണ്. അദ്ദേഹത്തിന്റെ സമനിലതെറ്റിയ പോക്കിനെ നിയന്ത്രിക്കാൻ ബിജെപി  നേതൃത്വം തയ്യാറാകുമെന്നാണ് കരുതുന്നത്. ഇല്ലെങ്കിൽ ജനങ്ങൾ ഇതിന് മറുപടി നൽകുക മുരളീധരന് മാത്രമല്ല, ബിജെപിക്കു കൂടിയായിരിക്കും എന്നുമാത്രം ഇപ്പോൾ പറയട്ടെ.

കോവിഡ് വ്യാപനം തടയാനുള്ള തീവ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ ഏർപ്പെട്ടിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പോരാട്ടത്തിൽ ചേരാൻ  മുഴുവൻ സിപിഐ എം അംഗങ്ങളോടും അനുഭാവികളോടും അപേക്ഷിക്കുന്നു. പ്രയാസപ്പെടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനും പാർടി പ്രവർത്തകർ മുന്നിലുണ്ടാകണമന്ന് അഭ്യർഥിക്കുന്നു.